Tuesday 25 January 2011

വണ്‍ഡേ ട്രിപ്പ്‌ ! Part - 2


  

നീല നിറം പൂശിയ തറയില്‍ വെള്ളം കെട്ടിനിര്‍ത്തി, ഉള്ളില്‍ വലിയ ഫാനുകള്‍ ചലിപ്പിച്ചാണ്, കൃത്രിമക്കടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. എങ്ങനെയായാലും ഇതു ശരിക്കും കടലില്‍ തിരമാലകള്‍ പൊന്തി വരും പോലെ തോന്നിപ്പിച്ചിരുന്നു ! നല്ല തണുത്ത കാറ്റും ഉണ്ട്... കടപ്പുറത്ത് നില്‍ക്കുന്ന അതേ അനുഭൂതി! 

                  മുട്ടോളം വെള്ളത്തില്‍ ഇറങ്ങിയ ശേഷം, കുനിഞ്ഞു നിന്നു കൈകൊണ്ട് വെള്ളം തട്ടിത്തെറിപ്പിച്ചു രസിക്കുമ്പോള്‍ മുന്നില്‍ ഒരു 'ഇല' വെള്ളത്തില്‍ വീണത് പോലെ തോന്നി! 
അത് കണ്ണന്‍റെ വെള്ളത്തിലെ 'അറുമാദിയ്ക്കലിന്‍റെ' തുടക്കമായിരുന്നു...

ഐറ്റം നമ്പര്‍ ത്രീ !

പിന്നെ ഞാനും വെള്ളത്തിലേയ്ക്ക് വീണു!

           വലിയ നീന്തല്‍ക്കാരെപ്പോലെ കണ്ണന്‍റെ കൈകള്‍ അതിശക്തമായി വെള്ളത്തില്‍ അടിക്കുന്നുണ്ട്,  പക്ഷേ, ഒരടി പോലും മുന്നോട്ടു പോകുന്നില്ല!
അതെങ്ങനാ, രണ്ട് കാലും തറയില്‍ ഊന്നി നില്‍ക്കുകയല്ലേ!!!
പരമാവധി ഇറങ്ങിയാലും ഞങ്ങളുടെ കഴുത്തിനൊപ്പം വെള്ളമേ ഈ കടലില്‍ ഉണ്ടായിരുന്നുള്ളൂ...

അങ്ങനെ തിരകള്‍ക്കൊപ്പം 'തത്തിക്കളിക്കുമ്പോള്‍' കണ്ണനൊരു ആഗ്രഹം പറഞ്ഞു :-

" അളിയാ, ഞാന്‍ മുങ്ങിക്കിടക്കാം, നീ ഒന്നേ, രണ്ടേന്ന് എണ്ണണം... എത്ര വരെ പോണെന്ന് നോക്കണം, എന്നിട്ട് നീ മുങ്ങണം, അപ്പോള്‍ ഞാന്‍ എണ്ണാം, ആരാണ് കൂടുതല്‍ മുങ്ങിയിരിക്കുക? അയാള്‍ ജയിച്ചു..."

" ഹാഹ്... കൊള്ളാല്ലോ അളിയാ കളി, ഞാന്‍ ഓക്കേ..." എനിക്കും ഇഷ്ട്ടമായി കണ്ണന്‍റെ ആഗ്രഹം...

             മൂക്കില്‍ ഇരു കൈകള്‍ കൊണ്ടും പൊത്തിപ്പിടിച്ചു കൊണ്ട് അവന്‍ വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്നു!!

ഞാന്‍ എണ്ണിത്തുടങ്ങി... ഒന്ന്..രണ്ട്...മൂന്ന്...

 കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു 'കറുത്ത സാധനം' വെള്ളത്തില്‍ നിന്നും പൊങ്ങിവരുന്നു !!! 

                                             ചുറ്റിനും തെങ്ങുകള്‍ നില്‍ക്കുന്നതിനാല്‍ ചിലപ്പോള്‍ തേങ്ങയാകാം, 'ഉണക്കതേങ്ങ' !( അത് പച്ച നിറമായിരുന്നില്ല ! ) ഞാന്‍ അങ്ങനെ സംശയിച്ചു ! 

                       എണ്ണുന്നതിനിടെ അതെടുത്ത് 'കടലിന്' വെളിയില്‍ കളയാമെന്നു കരുതി, അതിന് മുകളില്‍ കൈ വെച്ചതും സംഗതി താഴേയ്ക്ക് പോയി! 

പെട്ടെന്ന് വാ പൊളിച്ചു കൊണ്ട് കണ്ണന്‍റെ മുഖം എന്‍റെ മുന്നില്‍ പൊങ്ങി വന്നിട്ട് ഒരു ചോദ്യം :-

"ആരാടാ എന്‍റെ ചന്തീപ്പിടിച്ചേ ?? "

" ഹയ്യൂ സോറി അളിയാ ഞാന്‍ കരുതി 'ഒണക്കതേങ്ങയാണെന്ന് "

കണ്ണന്‍ പതിയെ പുറകില്‍ 'എന്തോ' തപ്പി നോക്കിയിട്ട് :- " മതി മതി ഈ കളി ഇവിടെ വെച്ച് ഞാന്‍ നിര്‍ത്തി"

കണ്ണന്‍റെ 'മൂഡ്‌' പോയാല്‍ അവനെല്ലാം നിര്‍ത്തും. അതാണ്‌ കണ്ണന്‍...

കുറേ നേരം കൂടി ഞങ്ങള്‍ അവിടെ നീന്തിത്തുടിച്ചു...

                                   കരയില്‍ കയറിയപ്പോള്‍ അവിടെ നിന്നിരുന്ന ഒരു 'സ്നേഹമുള്ള ചേട്ടന്‍' തലമുടി തോര്‍ത്താനുള്ള ടവ്വല്‍ എനിക്ക് വെച്ച് നീട്ടി.

തലമുടി തോര്‍ത്തി നില്‍ക്കുമ്പോള്‍, കണ്ണന്‍റെ 'കൂര്‍മ്മബുദ്ധി' കണ്ട് ഞാന്‍ ഞെട്ടി!

         അവിടെ കണ്ണന്‍ അവന്‍റെ 'രാംകോ ടി-ഷര്‍ട്ട്' വലിച്ചൂരി പിഴിഞ്ഞ് തലമുടി തോര്‍ത്തുന്നു!!!

               വാരിയെല്ലുകള്‍ എണ്ണിയെടുക്കാന്‍ പാകത്തിലുള്ള ആ 'സ്റ്റീല്‍ ബോഡിയുടെ' അഴകും ഒന്ന് വേറെ തന്നെയായിരുന്നു !!!!   

          പിന്നീട് നേരെ പോയത് വീഡിയോ ഗെയിം, ഇലക്ട്രിക്‌ കാര്‍ ഒക്കെയുള്ള ഹാളിലേയ്ക്കാണ്. പക്ഷേ ഞങ്ങളെ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ വാതില്‍ക്കല്‍ തന്നെ തടഞ്ഞു. 

" നനവോട് കൂടി അകത്തു കടക്കാന്‍ പറ്റില്ല " 

അയാള്‍ പറഞ്ഞത് കണ്ണനെ ചൊടിപ്പിച്ചു. അവന്‍ പൊട്ടിത്തെറിച്ചു!!

"ഞങ്ങള്....ഞങ്ങള്, തരുന്നയൊന്നും കാശല്ലേ, എന്താ..... എന്താ.... അകത്തു പോയാല്‍......"

       കണ്ണന്‍ ഇങ്ങനെയാണ് ദേഷ്യം വന്നാല്‍  വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളും, വാക്കുകള്‍ രണ്ടും മൂന്നും തവണ ആവര്‍ത്തിയ്ക്കും! 

                          കാശ് അവന്‍റെ പോക്കറ്റില്‍ നിന്നും കൊടുത്തത് പോലെയുള്ള 'പ്രകടനം' കണ്ട് ഞാനും വാ പൊളിച്ചു പോയി...

" നിങ്ങള് കാശ് തരുന്നത് കൊണ്ട് തന്നെയാ ഈ പറയുന്നേ, നിങ്ങള്‍ക്ക് അപകടം വരാതെ നോക്കേണ്ടത് ഞങ്ങളുടെ ജോലിയാണ്..."
അയാള്‍ വളരെ മാന്യമായി സംസാരിച്ചു.

പക്ഷേ കണ്ണന്‍ വിടുമോ .... ( എതിരാളി സ്വല്‍പ്പം ഒതുക്കമുള്ള ആളെങ്കില്‍ പിന്നെ പറയുകേം വേണ്ടാ!!)

" അതിന്..അത്.... ഇയാളങ്ങു പറഞ്ഞാ മതി...വല്ല്യ..... ആളൊന്നും ആവണ്ടാ......പറഞ്ഞേക്കാം...വിടെടാ....."
പോകാമെന്ന് പറഞ്ഞു കൈയ്യില്‍ പിടിച്ച എന്‍റെ കൈ തട്ടി മാറ്റിക്കൊണ്ട് കണ്ണന്‍ 'ഉഷാറായി'...

" ദേ കൊച്ചനേ... ഈ ഞാഞ്ഞൂലിനേം പിടിച്ചോണ്ട് പോകുന്നുണ്ടോ ?? ഇതു ഞങ്ങള്‍ക്ക് പണിയുണ്ടാക്കും" 
സെക്യൂരിറ്റി എന്‍റെ മുഖത്ത് നോക്കി, ഒരല്‍പം കടുത്ത സ്വരത്തില്‍ പറഞ്ഞു. 

കണ്ണന്‍ പതറിയോ?? എന്തോ?? 

                      എന്തായാലും അവന്‍ അതിന് മറുപടി പറഞ്ഞില്ല...ദേഷ്യത്തിന്‍റെ  വിറയല്‍ കുറച്ച് ബാക്കിയുണ്ടായിരുന്നു !

                         കുറച്ച് പ്രയാസപ്പെട്ടു കണ്ണനെ ആ ദേഷ്യത്തില്‍ നിന്നൊന്നു 'നോര്‍മല്‍' ആക്കി, അവിടുന്ന് പിന്‍മാറ്റാന്‍ !
 കുറച്ച് ദൂരം വന്ന ശേഷം കണ്ണന്‍റെ ഡയലോഗ് വീണ്ടും ഞാന്‍ കേട്ടു :- 

"ഹും...നീ കേറിപ്പിടിച്ചോണ്ടാ അല്ലേല്‍ അയാള്‍ക്ക് ഞാന്‍ കാണിച്ചു കൊടുത്തേനെ..."
ഞാന്‍ "പോട്ടെടാ, വിട്ടു കള" എന്ന് പറഞ്ഞെങ്കിലും മനസ്സില്‍ ഇങ്ങനെ പറഞ്ഞു:-

"ഹും..കണ്ണാ നിന്‍റെ 'സ്റ്റീല്‍ ബോഡി' അങ്ങനെ കാണിച്ചാലും മതി...ആളുകള്‍ പൂവിട്ടു തൊഴും.  " 

                             അവിടെ നിന്നും തിരികെ പഴയ ഡാന്‍സിംഗ് ഹാളില്‍ ഒരിക്കല്‍ കൂടെ കയറുകയും, കുറച്ച് നേരം 'തട്ട്പൊളിക്കുകയും' ചെയ്ത ശേഷം അതിന്‍റെ എതിര്‍ വശത്തുള്ള പാര്‍ക്കിനു നടുവിലെ ടൈല്‍സ് പാകിയ വഴിയിലൂടെ അടുത്ത റൈഡ് ലക്ഷ്യമാക്കി നടന്നു...

                                     വഴിയില്‍ ആരോ കുടിച്ചിട്ട് എടുത്ത് കളഞ്ഞ 'ഫ്രൂട്ടി ജ്യൂസിന്‍റെ' പാക്കറ്റ് കിടക്കുന്നു...
നമുക്കറിയാമല്ലോ അതില്‍ ചവുട്ടുകയോ അല്ലെങ്കില്‍ വണ്ടി കയറ്റുകയോ ചെയ്‌താല്‍ 'ടപ്പോ' എന്ന ശബ്ദം കേള്‍ക്കുമെന്ന്...

അത് കണ്ടപ്പോള്‍ കണ്ണനും ഒരു ആഗ്രഹം ഒന്ന് 'ടപ്പോ' കേള്‍പ്പിച്ചാലോ...

"എടാ ഞാനത് ചവുട്ടിപ്പൊട്ടിക്കട്ടാ  ? "

" ഓഹ് പിന്നേ, നീ ചവുട്ടിയാല്‍ ചിലപ്പോഴേ സൗണ്ട് കേള്‍ക്കൂ...കണ്ണാ..." 
എന്‍റെ മറുപടി കണ്ണന് രസിച്ചില്ലെന്ന് ആ മുഖത്ത് നിന്നും ഞാന്‍ മനസ്സിലാക്കി! 

              കണ്ണന്‍ 'ഹൈജമ്പ്' താരത്തെപ്പോലെ ചാടിച്ചാടി മുന്നോട്ടു പോയത് പെട്ടെന്നായിരുന്നു, ജ്യൂസ്‌ പാക്കെറ്റിന്‍റെ അടുത്ത് ചെന്ന് ഒന്ന് കൂടെ ഉയര്‍ന്ന ശേഷം അതിലേയ്ക്ക് ആഞ്ഞു ചവുട്ടി...

            'കഷ്ട്ടകാലം' വരുന്ന വഴി നോക്കണേ... അതില്‍ നിറയെ ജ്യൂസ്‌ ഉണ്ടായിരുന്നു, കുട്ടികളാരോ കുടിക്കാതെ വലിച്ചെറിഞ്ഞത്... 

അവിടെല്ലാം ജ്യൂസ്‌ തെറിച്ചത്‌ നമുക്ക് സഹിക്കാം...
പക്ഷേ, ഈ പാര്‍ക്കില്‍ അല്‍പ്പം മനസ്സമാധാനത്തോടെയിരുന്ന്‍ സല്ലപിക്കുന്ന കുറേ ഭാര്യാ ഭര്‍ത്താക്കന്മാര്‍, അപ്പൂപ്പന്‍ അമ്മൂമ്മ അങ്ങനെ മക്കളോടൊപ്പം വന്ന് വെറുതെ കാറ്റ് കൊള്ളുന്നവര്‍, പിന്നേ ആരുമറിയാതെ സ്വസ്ഥമായിരുന്ന്‍ പഞ്ചാരയടിക്കുന്ന ചില കാമുക ഹൃദയങ്ങള്‍ ഇവരുടെയൊക്കെ ദേഹത്തേയ്ക്ക് തെറിച്ചത്‌ എങ്ങനെ സഹിക്കും കൂട്ടരേ...

കണ്ണന്‍ ഒരു 'വളിച്ച' ചിരിയോടെ എന്‍റെ മുഖത്തേയ്ക്ക് നോക്കി...

ഞാന്‍ ഞാനാരാ മോന്‍??? 

എനിക്ക് കണ്ണനെ അറിയുകേയില്ലാ...

ഞാനൊന്നുമറിഞ്ഞില്ലേ രാമാ നാരായണാ എന്ന ഭാവത്തില്‍ ഞാന്‍ വന്ന വഴിയേ തിരിച്ച് നടന്നു...  


( Next Part also will come Soon )

( നാളെ ഞാന്‍ മക്കയില്‍ 'ഉംറ' ചെയ്യുവാന്‍ പോവുകയാണ്. ഇതു മക്കയിലേയ്ക്കുള്ള രണ്ടാമത്തെ യാത്രയാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഞാനും എല്ലാ സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം...അതിന്‍റെ തിരക്കിലുമാണ് ഞാന്‍...ഇനി വന്ന ശേഷം ഇതിന്‍റെ ബാക്കിയുള്ള ഭാഗം കൂടി ടൈപ് ചെയ്യാം കേട്ടോ...)

No comments:

Post a Comment