Tuesday 22 January 2013

NO DEVICE FOUND

"ഇക്കാന്‍റെ മൊബൈലില്‍ പഴയ മലയാളം പാട്ടുകളുണ്ടോ? "  മുറിയില്‍ പുതുതായി വന്ന പയ്യന്‍ എന്നോട്‍ ചോദിച്ചു !
"ഹാ കുറേ പാട്ടുകള്‍ ഞാന്‍ കയറ്റീട്ടുണ്ട്, എന്താ വേണോ ? "
ബെഡ്ഡില്‍ നിന്നും മൊബൈല്‍ കൈയ്യിലെടുത്തു കൊണ്ട് അവന്‍ പറഞ്ഞു : 

 " ഇക്കാ കുറച്ചു നല്ല പാട്ടുകള്‍ ഇതിലെയ്ക്കൊന്നു കയറ്റുമോ ? ഞാനൊന്നു പുറത്ത് പോയിട്ട് വരാം, ആരെങ്കിലും വിളിക്കുന്നെങ്കില്‍ അറ്റന്‍ഡ് ചെയ്യണ്ടാട്ടോ..."
"ഓക്കെടാ നീ പോയി വാ"  
നല്ലത് നോക്കി കുറച്ചു പാട്ടുകള്‍ സെലക്ട്‌ ചെയ്ത് അയക്കാനായി 
നോക്കിയപ്പോള്‍ ബ്ലൂടൂത്ത് കണക്ട് ആകുന്നില്ല !
മൊബൈലില്‍ എത്ര സെര്‍ച്ച്‌ ചെയ്തിട്ടും "NO DEVICES FOUND" എന്ന് മാത്രം കാണിക്കുന്നു !
"ഹയ്യോ ഇതെന്തു പറ്റി ? ഇതുവരെ കുഴപ്പമൊന്നുമില്ലായിരുന്നല്ലൊ " എന്ന് സ്വയം പറഞ്ഞു കൊണ്ട്  പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി ! നോ രക്ഷ !!!
'NO DEVICES FOUND ' തന്നെ...
ഏകദേശം അര മണിക്കൂറിന് ശേഷം അവന്‍ തിരിച്ചു വന്നു !
മൊബൈല്‍ എടുത്തു നീട്ടിക്കൊണ്ടു ഞാന്‍ പറഞ്ഞു : " എന്തെന്നറിയില്ല ഇതില്‍ ബ്ലൂടൂത്ത് കണക്ട് ആവുന്നില്ല, പാട്ടൊന്നും കയറ്റാനായില്ല, സൊറിട്ടോ, എന്‍റെ മൊബൈലില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ 'NO DEVICES FOUND ' എന്ന് തന്നെ കാണിച്ചു കൊണ്ടേയിരിക്കുന്നു, ഇനീപ്പോ എന്താ ചെയ്ക ?  "    
"ഹയ്യോ ഇക്കാ അത് തന്നെയാ എന്‍റെ മൊബൈലിന്‍റെ ബ്ലൂടൂത്ത് നെയിം"
"ഹ്ഹേത് ? "
"NO DEVICES FOUND"
  

Tuesday 28 August 2012

മൗനനൊമ്പരം !

അറിയാതെ നെഞ്ചിലൊരു കനല്‍ക്കാറ്റ്-
വീശുന്നു നിന്നോര്‍മയില്‍-

പോയ വസന്തങ്ങള്‍, തളിരണിയാത്ത സ്വപ്‌നങ്ങള്‍...
സ്നേഹമറിയാത്തയെന്നെ നീ,
സ്നേഹം പഠിപ്പിച്ച നാളുകള്‍,
ഹൃദയത്തില്‍ മറ്റാര്‍ക്കുമില്ലാത്ത
സ്ഥാനം നല്‍കിയ നാളുകള്‍...

ഹേതുവെന്തെന്നറിയില്ലയിന്നുമൊരു നിലാവിന്‍റെ -
വരവിനെ കാതോര്‍ത്ത സന്ധ്യയ്ക്കും ,

വേര്‍പ്പെട്ട രാവുകള്‍ കേഴുന്നു -
മിഴിനീര്‍ തഴുകിയുണര്‍ത്തുന്നു...

ഒരുവാക്ക് ചൊല്ലുവാന്‍ നേരമില്ലയെന്നാകിലും-
മനമില്‍ കിതയ്ക്കുന്ന നൊമ്പരബിംബങ്ങള്‍‍...

നേരിന്‍റെ നേര്‍രൂപമെന്നു നിനച്ചിട്ടും-
നേര്‍വഴി നിനക്കില്ലയെന്നോര്‍ത്തു പോയി !

മൗനം മറുപടിയായി നീ ചമയ്ക്കുന്നതും-
മൗനനൊമ്പരം കണ്മുന്നില്‍ മറയ്ക്കുന്നതും,

അകതാരിലൊരു ഭാരം, അകലുന്നതിന്‍ നോവും-
അണയുന്ന ദീപമായി ഭൂമിയില്‍...

ഇനിയില്ല ആശകള്‍,ഇനിയില്ല സ്നേഹവും,
ഇനിയില്ലയെന്നിലെ നൊമ്പരക്കാഴ്ചകളും...

അമ്മയും മകനും !



കലരുന്ന കണ്ണീരില്‍ നിന്മുഖം കാണില്ല !
വിതുമ്പുന്ന ചുണ്ടുകള്‍ നിന്നേ വിളിയ്ക്കില്ല !
എങ്കിലുമറിയുന്നു ഉള്ളിന്‍റെയുള്ളില്‍ -
വിട ചൊല്ലീയകലുവാന്‍ നേരമിതായീ...

സ്നേഹത്തിന്‍ കരങ്ങള്‍ക്കിന്നില്ലാ ചലനങ്ങള്‍‍-
സ്നേഹത്തിന്‍ ചുംബനം നല്‍കാനുമാവില്ല...
ഇടനെഞ്ചു പിളരുന്നീ വേര്‍പ്പാടിന്‍ നൊമ്പരം,
ഇനി നമ്മള്‍ കാണുമോ പുന്നാരമകനേ...

ത്യാഗം സഹിച്ചു ഞാന്‍ നിന്നേ വളര്‍ത്തി,
തീരങ്ങള്‍ തേടി നീയെങ്ങോ മറഞ്ഞൂ...
അകലത്തായിരുന്നാലും അരികത്തിരുന്നാലും-
ഹൃദയത്തുടിപ്പുകള്‍ നീയാണ് മകനേ...

മരണത്തിന്‍ മണിയൊച്ച കാതില്‍ മുഴങ്ങുമ്പോള്‍-
മകനേ നിന്‍ രൂപം കണ്ടൂ പിരിയേണം,
അകതാരു വിങ്ങുന്നീ അമ്മ വിതുമ്പുന്നു,
കനിവുകള്‍ നല്‍കണേ തമ്പുരാനേ...

വാര്‍ദ്ധക്യം ബാധിച്ച അച്ഛനമ്മമാരെ പല കാരണങ്ങള്‍ കൊണ്ടും തഴഞ്ഞു കളയുന്ന മക്കള്‍ ഇന്നീ ലോകത്തുണ്ട് ! അവരെ നാം സംരക്ഷിച്ചില്ലെങ്കില്‍ പില്‍ക്കാലത്ത് നമ്മുടെയും അവസ്ഥ മറിച്ചൊന്നായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം കൂടി മനസ്സിലാക്കുക !

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന സ്നേഹനിധിയായ ഒരു അമ്മയെയും അവരെ ശുശ്രൂഷിച്ചു കൊണ്ട് കൂടെയിരിക്കുന്ന ഒരു മകനെയും കാണുവാനിടയായി ! ആ നിറഞ്ഞ സ്നേഹത്തിന്‍റെ നിമിഷങ്ങള്‍ എന്നില്‍ നല്‍കിയ തിരിച്ചറിവാണ് ഈ കവിതയുടെ പ്രചോദനം !

Saturday 17 March 2012

പദയാത്ര !



ഒന്നു ഞാനിന്നറിയുന്നു നീ -
ലോകമില്‍ ഇനിയില്ലാ....
വന്നു ചേര്‍ന്നെന്‍ യാത്രയില്‍ -
വിട ചൊല്ലിടാതെ പോയിയോ...

കണ്ണുനീരിന്‍ തുള്ളിപോല്‍ -
മണ്ണില്‍ വീണലിഞ്ഞൂ ...
കണ്മണീയെന്നുള്ളിലെന്തോ   -
വിങ്ങലായി മറഞ്ഞൂ...

ചെല്ലമേറെ ചൊല്ലിയെന്നും -
ബാല്യകാലം പങ്കിടുമ്പോള്‍,
ചെന്നു ഞാനെന്നോര്‍മ്മയില്‍ -
ചെറു പുഞ്ചിരീ നിറഞ്ഞൂ...

കല്‍വിളക്കും കൈയ്യിലേന്തി -
കാലിലെച്ചിലമ്പനക്കീ,
വന്നു മുന്നില്‍ നിന്‍റെ രൂപം-
മണ്മറഞ്ഞൊരു വശ്യരൂപം !

ഇനിയുമേറെ ചെന്നു ചേരാന്‍ -
എന്നിലേ പദം ബാക്കിയായി,
വന്നിടും ഞാനോര്‍ത്തു പോവുക -
അന്നു നീ തനിച്ചല്ലാ...

ഊന്നുവടി !



വൃദ്ധന്‍റെ കൈയ്യിലിരിക്കുന്ന ഊന്നുവടിയിലായിരുന്നു അവന്‍റെ ശ്രദ്ധ ! 

എത്ര മനോഹരമായി പണി തീര്‍ത്തിരിക്കുന്നു അത്... 

ഒരിക്കല്‍ തന്‍റെയും സന്തതസഹചാരിയാകേണ്ട ഒന്നില്‍ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതുമില്ല !

 ഇതുപോലെയൊന്നു തനിക്കും വാങ്ങണമെന്ന ഉറച്ച തീരുമാനവുമായി ആ യുവാവ് കാലചക്രത്തിന്‍റെ  ഗതിവിഗതികള്‍ക്കനുസൃതമായി സഞ്ചരിച്ചു കൊണ്ടേയിരുന്നു...

Tuesday 14 February 2012

സൂക്ഷിക്കുക !


 നിലാവില്ലാത്ത രാത്രി, നിശ്ശബ്ദമായ താഴവര ! തന്‍റെ കൊച്ചുകുടിലില്‍ നിന്നും അയാള്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി, പാലപ്പൂവിന്‍റെ  ഗന്ധം അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്നു, അത് മൂക്കിലേയ്ക്ക് അരിച്ചു കയറുമ്പോള്‍ അനാവശ്യമായ ഭയം നല്‍കിയ ആ ശങ്കയെ അയാള്‍ ശപിച്ചു പോയി, തന്‍റെ മൂത്രശങ്കയെ !

മുറ്റത്തിന്‍റെ ഓരം ചേര്‍ന്ന് അയാളിരുന്നു, കണ്ണുകള്‍ വലിച്ചു തുറന്ന് ചുറ്റും നോക്കിയപ്പോള്‍ ആ കുറ്റാകൂരിരുട്ട് തന്‍റെ നെഞ്ചിടിപ്പിന്‍റെ ആക്കം കൂട്ടി തന്നുവോ ?  

"ഹ്ഹോ വേഗം ഇതൊന്നു കഴിഞ്ഞെങ്കില്‍, പേടിച്ചിട്ട്‌ മനുഷ്യന് ഇരിക്കാന്‍ വയ്യാ..."
അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

പെട്ടെന്ന് പുറകിലൊരു ഇലയനക്കം ! 'ശ്ചില്‍'
അയാള്‍ ചാടിയെഴുന്നേറ്റു, അപ്പോള്‍ വീണ്ടും ആ ശബ്ദം 'ശ്ചില്‍, ശ്ചില്‍'...

തികച്ചും അയാള്‍ ഭയചകിതനായി ചുറ്റും പരതി ! ആരെയും കാണാന്‍ കഴിഞ്ഞില്ല ! 

"അച്യുതന്‍, ഭാര്‍ഗ്ഗവന്‍............................. ..........................., കേശവന്‍........................".....

അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ട് അയാള്‍ പിന്നിലേയ്ക്ക് കാല്‍ വെച്ചു, വീടിന്‍റെ വാതില്‍ വരെയെത്താന്‍ ഇനിയും ദൂരമുണ്ടെന്ന് കണ്ടപ്പോള്‍ പ്രാര്‍ത്ഥനയുടെ ശബ്ദം ഉയര്‍ന്നു വന്നു...

പെട്ടെന്ന് വീണ്ടും 'ശ്ചില്‍, ശ്ചില്‍, ശ്ചില്‍, ശ്ചില്‍......................, ശ്ചില്‍, ശ്ചില്‍...................... ശബ്ദം തുടര്‍ച്ചയായി കേട്ടതും അയാളുടെ നിയന്ത്രണം വിട്ടു പോയി !

"ഹയ്യൂ ന്ടമ്മൂ.... എന്നെ കൊല്ലാന്‍ വരുന്നേ...." 
ഇങ്ങനെ നിലവിളിച്ചു കൊണ്ട് ഒരു മിസൈല്‍ വേഗത്തില്‍ അയാള്‍ വീടിനുള്ളില്‍ കടന്ന്, വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്തു !

തന്‍റെ യജമാനന്‍ ഒരു പേടിത്തൊണ്ടനാണ് എന്നു തിരിച്ചറിഞ്ഞ 'ചക്കിപ്പൂച്ച' ആ കരിയിലക്കാട്ടില്‍ കിടന്നു ഉരുണ്ടു മറിഞ്ഞ് തലതല്ലി ചിരിച്ചു പോയി ! 

"മ്യാഹൂഹൂ... മ്യാഹൂഹൂ......"

ഗുണപാഠം : പൂച്ചയെ സൂക്ഷിക്കുക !

Monday 23 January 2012

വിട !



വിട ചൊല്ലിയകലുമീ വിരഹാര്‍ദ്ര യാമത്തില്‍ -
ഒരു മിഴിനീര്‍ത്തുള്ളി വീണലിഞ്ഞൂ...
പൊരുളറിയാതെയെന്നനുരാഗ ശില്‍പ്പങ്ങള്‍ -
വഴി മറന്നെങ്ങോ പോയണഞ്ഞൂ...

ഇനിയെത്ര നാളിതെന്നറിയാതെ ഞാനൊരു -
ചപല സങ്കല്പ്പമായി നിന്നൂ...
സ്വന്തമെന്നൊന്നു കരുതീ നിന്നില്‍ ഞാന്‍ -
സാന്ത്വനമാവാന്‍ കൊതിച്ചൂ...

എനിക്കേറ്റം പ്രിയമായി, എനിക്കേറെ വരമായി -
ഞാനറിയാതൊരു നിഴലായി വന്നൂ...
സ്വപ്‌നങ്ങള്‍ പൂക്കുന്ന താഴ്‌വരയില്‍ നമ്മള്‍  -
സ്വപ്നഹാരങ്ങള്‍ കൊരുത്തൂ...

ഇരുള്‍ വീണ ജന്മത്തിന്‍ പകലാണ്‌ നീയെന്നെന്‍ -
ഹൃദയത്തില്‍ മെല്ലേയെഴുതീ...
അറിയുന്നു പോകുവതെന്തെന്നുമെല്ലാം -
ഞാനെന്ന രൂപത്തിന്‍ ശാപം !