Thursday 20 January 2011

ആദ്യപ്രണയം ! Part - 1


'ഏകാന്ത യാമത്തിലെന്നോ...
ഒരിക്കലോരേക താരത്തെ ഞാന്‍ കണ്ടു ! 
മോഹിച്ചു, ഏറെ നാളേറെ നാളെന്‍,
ഹൃദയത്തിലേവരുമറിയാതെ സൂക്ഷിച്ചു!'

                                                                 ഈ നാല് വരി കവിത മനസ്സില്‍ കുടിയേറിയിട്ട്  ഒന്നും രണ്ടുമല്ല, പത്ത് വര്‍ഷത്തോളമായി!! ഇന്നും മായാതെ മറയാതെ എന്നിലെ ആദ്യപ്രണയത്തിന്‍റെ ഓര്‍മ്മക്കുറിപ്പായി ഇത് അവശേഷിക്കുകയാണ്.

                       പക്ഷേ ഒരു കുഴപ്പം! ഇതൊരു 'വണ്‍വെ ലൈന്‍' ആയിരുന്നു! അതായത് എനിക്ക് മാത്രം!

       എന്നില്‍ പ്രണയമുണ്ടായിരുന്നു എന്ന് അവള്‍ അറിഞ്ഞിട്ടു കൂടിയുണ്ടാവില്ല, ഇനി അറിയിച്ചിട്ട് കാര്യമുണ്ടെന്നു തോന്നുന്നുമില്ല!!

                                അന്നത്തെ എന്നെക്കുറിച്ച് പറയുകയാണെങ്കില്‍............

                                       പുറകിലേയ്ക്ക് തലമുടി നീട്ടി വളര്‍ത്തി 'പൂവന്‍കോഴിയുടെ വാല്‍' പോലെ ആക്കിയെടുത്തു!!
മമ്മുക്കയുടെ 'ദി കിംഗ്‌' സ്റ്റൈല്‍ ആണെന്നാണ്‌ പറഞ്ഞത് !!
                                             മമ്മുക്കയെപ്പോലെ ആകണമെന്ന് കൊതിച്ചിരുന്നതിനാലാകാം നടക്കുമ്പോള്‍ ചെറിയൊരു മുടന്ത് വരുത്തുകയും, ഒരു കൈ മടക്കി പിടിക്കുകയും ചെയ്യുമായിരുന്നു!! നാല് പേരെ കാണുമ്പോള്‍ മാത്രമേ ഇതൊക്കെ ഉണ്ടായിരുന്നുള്ളൂ, എന്നതിനാല്‍ അതൊരു ശീലമായില്ല!!! 

                                                         കണ്ണട ജന്മനാ ഉള്ളതാണോയെന്നു പലരും ചോദിച്ചിട്ടുണ്ട്!! ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണ്ണിനു ചെറിയൊരു പുകച്ചില്‍ അനുഭവപ്പെടുകയും ഡോക്ടറെ കണ്ട്, അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ധരിച്ച് തുടങ്ങിയതുമാണ്  എന്നും പറഞ്ഞോട്ടെ...

ഇപ്പോള്‍ അന്നത്തെ എന്നെക്കുറിച്ച് ഒരു രൂപരേഖ കിട്ടിയല്ലോ??

ആ സമയത്ത് നടന്ന ഒരു വിവാഹമാണ് എന്നിലെ ആദ്യപ്രണയമെന്ന മഹാസംഭവത്തിന്‍റെ  കാരണം !!


                         നമുക്ക് വിവാഹമണ്ഡപത്തിലേയ്ക്ക്(ആഡിറ്റോറിയത്തിലേയ്ക്ക്) പോകാം...

                                                             കഴിഞ്ഞ രാത്രിയില്‍ പെയ്ത മഴയുടെ ഓര്‍മ്മപ്പെടുത്തലെന്നോണം അങ്ങിങ്ങായി കുറേശ്ശെ വെള്ളം കെട്ടി നില്‍പ്പുണ്ട്! ശ്വസിക്കുമ്പോള്‍ ഒരു പ്രത്യേകതരം കുളിര്‍മ നല്‍കുന്ന അന്തരീക്ഷമായിരുന്നു അന്നത്തേതെന്നു  ഇന്നും ഞാനോര്‍ക്കുന്നു !!

                                                 ഞാന്‍ വരന്‍റെ ബന്ധുവാണ്, ബന്ധുവെന്നു പറഞ്ഞാല്‍ എന്‍റെ ഉമ്മായുടെ സഹോദരനാണ് വരന്‍, അതായത് എന്‍റെ മാമ!! 

                                                  നീല നിറത്തിലുള്ള ജീന്‍സ് പാന്‍റ്സും, കറുപ്പും നീലയുമായി കളങ്ങളുളള  ഷര്‍ട്ടും ആയിരുന്നു അന്നത്തെ എന്‍റെ വേഷം !!
                                                                 എല്ലാവരും വണ്ടിയില്‍ നിന്നുമിറങ്ങി ആഡിറ്റോറിയത്തിലേയ്ക്ക് നടക്കുകയാണ്...വരന്‍ മുന്നിലുണ്ട്, ഹൃദ്യമായ വരവേല്പ്..

                                  ശീതള പാനീയത്തിന്‍റെയും ബിരിയാണിയുടെയും രുചിയിലൂടെയാണല്ലോ നമ്മുടെ നാട്ടില്‍ വിവാഹത്തെ പലരും വിലയിരുത്തുന്നത്!!

                                         വെള്ളം കുടിച്ചു, കൊള്ളാം, നല്ല മധുരം...പതിയെ കൈകൊണ്ടു ചുണ്ട് തുടച്ചു, താഴത്തെ നില ഭക്ഷണത്തിനായുള്ളതാണ് .... അതിലെയ്ക്കൊന്നു എത്തി നോക്കി, സംഗതി ഉഷാറാണ്!!

എല്ലാവരും മുകളിലേയ്ക്ക് പടികയറുകയാണ്, ഞാനും പിന്നാലെ കൂടി...

                                   പടി കയറി ചെന്നാല്‍ കാണുന്നത്, മുറ്റത്ത്‌ നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളൊക്കെ വന്നെത്തി നോക്കുന്ന നല്ല നീളത്തിലുള്ളോരു വരാന്തയാണ്!!!

വിവാഹ സദസ്സിലെയ്ക്കുള്ള വാതില്‍ കണ്ടു! 

                       അവിടേയ്ക്കു കടന്നു...നമ്മള്‍ കടന്നു ചെല്ലുന്ന ഭാഗത്തേക്ക് മുഖം തിരിച്ചാണ് എല്ലാവരും ഇരിക്കുന്നത്!! മുന്‍നിരകളില്‍ നിറയെ സ്ത്രീകളും പിന്നിലായി പുരുഷന്മാരും!! 

              ഇടതു ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ സ്റ്റേജിലേയ്ക്ക് കടന്നു ചെല്ലുന്ന വരനെയും കൂട്ടരെയും പിന്നെ അവര്‍ക്ക് ഹസ്തദാനം നല്‍കി പിടിച്ചിരുത്തുന്ന വേദിയില്‍ നേരത്തേ സന്നിഹിതരായിരുന്ന മൌലവി(മതപുരോഹിതന്‍)യെയും വധുവിന്‍റെ ബന്ധുക്കളേയും കണ്ടു!! ചടങ്ങുകള്‍ അതിന്‍റേതായ രീതിയില്‍ നടന്നു തുടങ്ങി!!

                                ആള് കൂടിയാല്‍ ഞാന്‍ സാധാരണയായി 'ഡിജിറ്റല്‍' ആകും, 'ഡിജിറ്റല്‍' എന്നതിലൂടെ ഉദ്ദേശിക്കുന്നത് 'മസ്സില്‍ പിടുത്ത'മാണ്!!

                          മുന്‍നിരയില്‍ നിറയെ പെണ്‍കുട്ടികള്‍ മാത്രം, അവരില്‍ ചിലരുടെ 'ഏറു' കിട്ടുമ്പോള്‍ എന്തോ ഒരു വല്ലാതെ...( കല്ലേറല്ല , കണ്ണേറു ആണ് കേട്ടോ)     

                         ഞാന്‍ ഒറ്റക്കല്ല എന്നറിയാം, എന്നാലും എല്ലാവരും നോക്കുന്നത് എന്നെ മാത്രമാണെന്ന് തോന്നുക, ആ പ്രായത്തില്‍ സ്വാഭാവികം!!!

                          ഇപ്പോള്‍ പൊട്ടും, പൊട്ടിത്തെറിക്കും എന്ന് തോന്നുന്ന ഒരു വളിച്ചു പുളിച്ച 'ചിരിയും' മുഖത്ത് പിടിപ്പിച്ച് ഒരു വിധത്തില്‍ ഏറ്റവും പുറകിലെത്തി, സ്വതസിദ്ധമായ ശൈലിയില്‍ കസേര പിടിച്ചു!!

                                  ഇടയ്ക്കിടെ അറിയാതെ തലയുയര്‍ത്തി നോക്കും! അതേ... ചില തരുണീമണികള്‍ ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയും നടന്നു മാറുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ എങ്ങനെ അടങ്ങി ഇരിക്കാന്‍ പറ്റും?? എന്‍റെ പ്രായം അതായിരുന്നില്ലേ കൂട്ടരേ...( ആരോടും പറയണ്ടാ കേട്ടോ...)

                                      വരനും വധുവിന്‍റെ പിതാശ്രീയും പരസ്പരം കൈ കൊടുക്കുന്നു, ആ കൈകള്‍ ചേര്‍ത്ത് പിടിച്ചു മൌലവി ചൊല്ലിക്കൊടുക്കുന്നത് രണ്ടാളും ഏറ്റു പറഞ്ഞു കഴിഞ്ഞു, പിന്നെ പ്രാര്‍ഥനയായിരുന്നു...

                 നിക്കാഹ്  കഴിഞ്ഞതും പുരുഷ വിഭാഗം എഴുന്നേറ്റു...ഊട്ടുപുരയിലേയ്ക്ക് കുതിക്കുന്നു!! എത്ര നേരമെന്നു പറഞ്ഞാണ് കടിച്ചു പിടിച്ചിരിക്കുക, ബിരിയാണിയുടെ മണം മൂക്കില്‍ കയറിയിട്ട് ഒരു രക്ഷയുമില്ല, അടുത്ത ബന്ധുക്കള്‍ അവസാനം കഴിക്കണമെന്ന് നിയമമൊന്നുമില്ലല്ലോ, ഞാനും പതിയെ എഴുന്നേറ്റു...

                                                 ഈ എഴുന്നേറ്റു പോകുന്നവര്‍ ആരും തന്നെ വധുവിനെയോ താലികെട്ട് ചടങ്ങിനെയോ കാണാതെയാണ് പോകുന്നതെന്നുള്ള കാര്യം വിസ്മരിക്കരുത്...

                                                 അതൊക്കെ സ്ത്രീകള്‍ക്ക് വിട്ട്‌ കൊടുത്തിരിക്കുന്നു...അവര്‍ കാണട്ടെ, പിന്നെ പൊന്നിന്‍റെയും  സാരിയുടെയുമൊക്കെ പൊലിമ പറയട്ടെ....വധുവിനെപ്പറ്റി പറയാന്‍ കുറ്റവും കുറവുമൊക്കെയുണ്ടാവും, എന്നാലും അവളുടെ വീട്ടുകാര്‍ക്ക് അവള്‍ സുന്ദരിയാണ് സുശീലയാണ്, അസൂയക്കാര്‍ എന്തും പറയട്ടെ....

                            താഴത്തെ നിലയിലെത്തി, ഭക്ഷണത്തിന്‍റെ പേരില്‍ കല്ല്യാണ സദസ്സുകളില്‍ തല്ലുണ്ടാക്കുന്ന വിരുതന്മാര്‍ വരെ നമ്മുടെ നാട്ടിലുണ്ട് , ഉന്തിനും തള്ളിനുമൊന്നും നിന്നില്ലെങ്കിലും എനിക്ക് ഇരിപ്പിടം കിട്ടിയിരുന്നു!!!

                    എന്‍റെ കൂടെ കൂട്ടുകാര്‍ ആരുമില്ലേ എന്നൊരു ചോദ്യം ഇവിടെയുണ്ടാകും!!! 

       തീര്‍ച്ചയായും ഒരുപാട് സുഹൃത്തുക്കളുണ്ട്, എന്നാലും കൂട്ടം കൂടി നടക്കുന്നതില്‍ വലിയ താല്പര്യമില്ലായിരുന്നു,
അതിന്‍റെ കാരണം ഒരു പക്ഷേ വളര്‍ന്ന സാഹചര്യമാകാം, ബാപ്പ ഗുള്‍ഫുകാരനാണ്, വീട്ടിലെ മൂത്ത കുട്ടി, വീട്ടിലെ ഉത്തരവാദിത്തങ്ങളില്‍ പകുതിയും ഉമ്മ എനിക്ക് തരുമായിരുന്നു, എല്ലാവരുമായും സഹകരിക്കുമായിരുന്നെങ്കിലും അപൂര്‍വ്വമായേ കൂട്ടം കൂടുവാനുള്ള അവസരം കിട്ടിയിരുന്നുള്ളൂ...

     ഉമ്മ പുസ്തകങ്ങള്‍ വായിക്കുന്ന കൂട്ടത്തിലായത് കൊണ്ട് എനിക്കും ധാരാളം വായിക്കുവാനുള്ള അവസരം കിട്ടുമായിരുന്നു...
                            ഇതൊക്കെ ഇന്ന് ഗുണപ്പെട്ടോ എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും, എന്ന് പറയുമെങ്കിലും എവിടെയോ എന്തൊക്കെയോ നഷ്ട്ടമായത് പോലെ....ആഹ് എന്തോ, അതെന്തുമാകട്ടെ....

                         ബിരിയാണി കൂടാതെ ഒരു വശത്തായി സദ്യയും ഒരുക്കിയിട്ടുണ്ട്! അറിയാതെയെങ്ങാന്‍ അവിടെ ചെന്ന് പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു!!! 

                                      കല്ല്യാണത്തിനു കിട്ടുന്ന ബിരിയാണിയുടെ സുഖമൊന്നും ഹോട്ടലുകളില്‍ നിന്നു വാങ്ങുന്ന ബിരിയാണിക്കുണ്ടാവില്ല  എന്നൊരു തോന്നല്‍ എനിക്കുണ്ട്...അതെന്‍റെ മനസ്സിന്‍റെ വെറും തോന്നലാകാം അല്ലേ??

വയറു നിറയെ കഴിച്ച്, ഒരു ഏമ്പക്കവും വിട്ടിട്ടാണ് എഴുന്നേറ്റു പോയത്!!!

                      തിരികെ മുകളിലത്തെ നിലയിലെത്തുകയും ഒരു ഈര്‍ക്കിലി ഒടിച്ചെടുത്തു പല്ലിനിടയില്‍ പോയ ഇറച്ചികഷ്ണങ്ങളെ കുത്തിയെടുത്തു നില്‍ക്കുമ്പോള്‍ 'ഉമ്മ' വന്നു, 

" നീ ചോറുണ്ടാ" എന്ന് ചോദിച്ചു...

"ഞാന്‍ ആദ്യമേ കയറി ഉമ്മാ..." എന്നിട്ടൊരു ചിരിയും കൊടുത്തു...

" അല്ലേലും ഇത് ആ ബാപ്പാക്കൂട്ടരെ വരമാണ്, നാണമില്ല"
എന്ന് അടുത്ത് നിന്ന കുഞ്ഞുമ്മയോടു(ഉമ്മായുടെ അനിയത്തി) പറഞ്ഞു ചിരിച്ചിട്ട് ഉമ്മ താഴേക്കു പോയപ്പോള്‍, വേറെയാരും ശ്രദ്ധിച്ചില്ല എന്ന് ഉറപ്പു വരുത്തി ഞാന്‍ പതിയെ അകത്തു പോയിരുന്നു...

                      ബാപ്പയുടെ ബന്ധുക്കളോട് അത്ര രസത്തിലല്ല ഉമ്മ, അതുകൊണ്ട് നമ്മള്‍ മക്കളില്‍ എന്ത് മോശമായി കണ്ടാലും അവര്‍ക്കിട്ടൊരു താങ്ങ് കൊടുക്കും!!
                    നല്ല കാര്യങ്ങള്‍ വല്ലതും കണ്ടാല്‍ ഉമ്മായുടെ കുടുംബത്തിന്‍റെ മഹത്വവം പറയും!! ഇതൊക്കെ ഒരു ചടങ്ങ് പോലെ പറയുന്നെന്നേയുള്ളൂ , കാണുമ്പോള്‍ എല്ലാവരുമായി നല്ല സഹകരണമാണ് കേട്ടോ...

                                  സ്റ്റേജില്‍ വധൂവരന്മാരുടെ കൂടെ വീഡിയോ പിടിക്കുന്ന കുറേപ്പേര്‍, പിന്നെ കുറേ ബന്ധുക്കളും ഒഴികെ ഒരുവിധം ആളുകളെല്ലാം പിരിഞ്ഞിരുന്നു!!!

                          രണ്ടു കാലും മുന്നിലെ ഒഴിഞ്ഞ കസേരയുടെ മുകളില്‍ വെച്ചു വളരെ അലസമായിരുന്ന്,  ഈര്‍ക്കിലി ഉപയോഗിച്ച് പല്ലില്‍ കുത്തുകയാണ്!!

                                    അപ്പോള്‍ എന്‍റെ മറ്റൊരു മാമയുടെ മകനായ 'നിയാസ്' കടന്നു വരുന്നു...ഏകദേശം എന്‍റെ പ്രായം തന്നെയാണ് അവനും...

ആഹാരം കഴിച്ചു വരുന്ന വഴിയാണ്...

അവന്‍ ഇരിക്കാന്‍ വന്നതല്ല,  എന്നോടെന്തോ പറയാനാണെന്ന് മുഖഭാവത്തില്‍ നിന്നും വ്യക്തമായി!! രഹസ്യമാണല്ലോ...

ഞാന്‍ കാലുകള്‍ താഴ്ത്തി, അവന് ശ്രദ്ധയോടെ കാത്‌ കൊടുത്തു...

" ടാ.. താഴെ ഒരു പെണ്ണു നില്‍ക്കുന്നു, ഒരു 'പീസ്‌'!! ഞങ്ങള് കുറേ മുട്ടിനോക്കി , അവള് വീണില്ല, നീ നോക്കുന്നാ...."

ഹൃദയത്തിന്‍റെ ഏതോ ഒരു കോണില്‍ ചെറിയൊരു മിന്നല്‍പ്പിണര്‍!!!

"എവിടേ....................."

കണ്ണുകള്‍ തുറിച്ചു, വാ പൊളിച്ചുള്ള ഈ ചോദ്യത്തിലെ 'ടേ' യുടെ നീളം അല്‍പ്പം കൂടിപ്പോയിരുന്നോ എന്നൊരു സംശയമുണ്ട്!!

                                   കയ്യിലിരുന്ന ഈര്‍ക്കിലിനെ ചവച്ചു തുപ്പി!! അവനോടൊപ്പം താഴേക്ക്‌ കുതിച്ചു!! സേതുരാമയ്യര്‍ CBI യിലേ മമ്മുക്കയെപ്പോലെ തന്നെ!!!

                    ആഹാരം കഴിക്കുന്ന ഹാളില്‍ നോക്കിയിട്ട് കണ്ടില്ല, തിരക്കൊക്കെ വളരെ കുറഞ്ഞിരുന്നു, ഉമ്മായും പിന്നെ കുറേ ബന്ധുക്കളും ഭക്ഷണം കഴിക്കുന്നതും കണ്ടു...

"ഇവിടെയാ കണ്ടത്..ഒഹ് ചിലപ്പോള്‍ കൈകഴുകാന്‍ പോയിക്കാണും, വാടാ" 

അവനെന്‍റെ കൈ പിടിച്ചു പുറകില്‍ കൈ കഴുകിന്നിടതെയ്ക്ക് പോയി...

അവിടെയും ഒരുപാട് പേരുണ്ടായിരുന്നു, ഞാന്‍ നിയാസിന്‍റെ മുഖത്തേയ്ക്കു നോക്കി, ചെറിയൊരു നിരാശയും തോന്നി...അപ്പോള്‍....

"ദാ അവിടെ നില്‍ക്കുന്നു" കുറച്ചപ്പുറത്ത്‌ ഒരു ചെറിയ 'ബദാം മരം' നില്‍ക്കുന്നു, അതിന്‍റെ ചുവട്ടില്‍ നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളെ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു!!!

"അതാടാ ആ റോസ് ചുരിദാര്‍, നീയൊന്നു നോക്കിയേ...എങ്ങനുണ്ട്??"

                     എങ്ങനുണ്ടെന്നും മറ്റുമുള്ള മറുപടി പറയാനുള്ള സാവകാശം എനിക്ക് കിട്ടിയില്ല, ഞാന്‍ കുറേക്കൂടി അവളുടെ അടുത്തേയ്ക്ക് ചെന്നു!!

                               ആദ്യം ശ്രദ്ധിച്ചത് അവളുടെ മൂക്കാണ്, നല്ല നീളമുണ്ട് മൂക്കിന്! റോസാപ്പൂവിന്‍റെ നിറമുള്ള അവളുടെ മുഖത്തെ മയില്‍‌പീലിയായ കണ്ണും പുരികവും, മുട്ടോളം വരുന്ന മുടി, കൂട്ടുകാരിയുമൊത്ത് തമാശ പറഞ്ഞു ചിരിക്കുമ്പോള്‍, കാണുന്ന നിരയൊത്ത് മനോഹരമായ പല്ലുകള്‍ മൊത്തത്തില്‍ കണ്ടപ്പോള്‍ എന്നിലെ കാമുക ഹൃദയം വിങ്ങിപ്പൊട്ടി...പ്രണയ തിരമാലകള്‍ അലമുറയിട്ടു ഇളകി മറിയുന്നു....

ഞാന്‍ വീണു വീണു വീണു!!!! 

അങ്ങനെ കഥയിലെ നായികയെപ്പറ്റിയും ഒരു രൂപരേഖ കിട്ടിയല്ലോ????

                              അവള്‍ കൂട്ടുകാരിയോടൊത്ത്  ആഡിറ്റോറിയത്തിന്‍റെ വെളിയിലൂടെ ചുറ്റിക്കറങ്ങി മുന്‍വശത്തേയ്ക്ക്  നടന്നു...
ഞങ്ങള്‍ കൂടെത്തന്നെ ഉണ്ട്...
             എന്നില്‍ നിന്നും കൂടുതല്‍ വര്‍ത്തമാനമൊന്നും കിട്ടാത്തതിനാലാകാം നിയാസ് പതിയെ സ്ഥലം വിട്ടു...
               അവളുടെ കൂട്ടുകാരിയും ഒരാള്‍ വന്നു വിളിച്ചപ്പോള്‍ അവളോട്‌ യാത്ര പറഞ്ഞു വണ്ടികള്‍ കിടക്കുന്ന ഭാഗത്തേയ്ക്ക് ഓടിപോയി!  

                            ആരെയോ പ്രതീക്ഷിക്കുന്ന പോലെ ചുറ്റും നോക്കിയ ശേഷം അവള്‍ പതിയെ മുന്നില്‍ നിരത്തിയിട്ടിരുന്ന കസേരകളിലൊന്നില്‍ സ്ഥാനം പിടിച്ചു!

                              ഞാന്‍ കണ്ണിമ വെട്ടാതെ അവളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു, അവളുടെ അടുത്തൊരു കസേര ഒഴിഞ്ഞു കിടക്കുന്നുണ്ട്, ബാക്കിയെല്ലാത്തിലും ആളുണ്ടായിരുന്നു...

                                             ഇതൊരു അവസരമല്ലേ, പോയിരുന്നാലോ??? എന്നാലും ഒരു നെഞ്ചിടിപ്പ്!! ഈ പണ്ടാരം ഇങ്ങനാ നല്ല അവസരങ്ങള്‍ വരുമ്പോള്‍ ഒടുക്കത്തെ നെഞ്ചിടിപ്പ് വന്നു കയറും...

                            അങ്ങനെ സ്വയം പരിഭവം പറഞ്ഞു നില്‍ക്കുമ്പോള്‍...അവള്‍ ഇടതു ഭാഗത്ത്‌ നിന്നും കടന്നു വരുന്ന പച്ച സാരിയില്‍ തലമുടിയും മറച്ച സ്ത്രീയെ നോക്കി വല്ലാത്തൊരു ആശ്വാസ ഭാവത്തോടെ പുഞ്ചിരിക്കുന്നു...
                      അവര്‍ വന്നു അടുത്ത കസേരയിലിരുന്നു. എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമായി ഇത് അവളുടെ ഉമ്മയാണെന്ന്!! വലിയ സന്തോഷത്തോടെ മകളുടെ കൈയ്യില്‍ പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നു, ഇവളെ കാണാതെ വിഷമിച്ചിട്ടുണ്ടാകാം... കല്ല്യാണമണ്ഡപമല്ലേ...

                                   ഞാന്‍ പതിയെ ഒരു തൂണിനോടു ചേര്‍ന്നു നിന്നു... ഇവള്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും അറിയാന്‍ കഴിയുന്നില്ല, പക്ഷേ എന്‍റെ ഹൃദയത്തില്‍ ഒരു ചലനം സൃഷ്ട്ടിക്കാന്‍ ഈ സുന്ദരിക്ക് കഴിഞ്ഞു...
             ഇനി ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞെന്നും വരില്ല, കിട്ടിയ അവസരത്തെ പരമാവധി മുതലാക്കുവാന്‍ തന്നെ തീരുമാനിച്ചു, കണ്ടു കണ്ടു, മതി വരുവോളം കണ്ടു...

"സുന്ദരീ നീയിവിടെ കുടിയേറിക്കഴിഞ്ഞു"
എന്നിങ്ങനെ ഒരായിരം പ്രാവശ്യം എന്‍റെ ഹൃദയം അവളോട്‌  വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു...

അവളെന്നെ കണ്ടുവോ??? കണ്ടിട്ടുണ്ടാകും! 'പെണ്‍പിള്ളേര്‍ അങ്ങനെയാ, അവര്‍ കാണുന്നതും കേള്‍ക്കുന്നതുമൊന്നും മറ്റാരും അറിയാറില്ല'!!!

ഇത് അന്നത്തെ എന്‍റെ ഗവേഷണ ഫലം!! 

                       അങ്ങനെ മനസ്സില്‍ തുടിക്കുന്ന പ്രണയത്തിന്‍ സ്വര്‍ഗ്ഗത്തില്‍ മതി മറന്നു നില്‍ക്കുമ്പോഴാണ് തോളില്‍ ഒരു കൈ വന്നു വീണത്...'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' കുഞ്ഞുമ്മായുടെ മകന്‍ 'മുനീര്‍'!!!

                           "ഇക്കാക്ക ഇവിടെ വന്നു നില്‍ക്കയാണോ?? വല്ല്യുമ്മ അവിടെ കയറു പൊട്ടിക്കുന്നുണ്ട്, വേഗം ചെന്നില്ലേല്‍ പണി കിട്ടും"  

                  അവന്‍ അതു പറഞ്ഞപ്പോഴാണ് എനിക്ക് അവിടന്ന് പോകണം എന്നുള്ള കാര്യം ഓര്‍മ്മ വന്നത്....
                     മാത്രവുമല്ല കൂട്ടുകാരുടെ കൂടെ ചേര്‍ന്നു എവിടെയെങ്കിലും പോകുമോ എന്ന ഭയം ഉമ്മാക്ക് ഇത്തിരി കൂടുതലാണ്!!
                  എങ്ങനെ വരാതിരിക്കും ഈ പ്രായത്തിലുള്ള കുട്ടികളല്ലേ, കൂട്ടം ചേര്‍ന്നു ഏതെങ്കിലും പുഴയിലും കുളത്തിലുമൊക്കെ ചെന്നിറങ്ങി അപകടങ്ങള്‍ വരുത്തി വെയ്ക്കുന്നത്!!! 

             ദിവസവും ഇത്തരം വാര്‍ത്തകള്‍ പത്രത്തില്‍ വായിച്ചിട്ട് അതു പറഞ്ഞു കരയാനേ ഉമ്മാക്ക് നേരമുള്ളൂ...

"എന്‍റെ മോന്‍റെ പ്രായമാണേ, പെറ്റു വളര്‍ത്തിയവരുടെ വേദന എന്നു തീരുമേ..." 
ഇങ്ങനെ പറഞ്ഞു ഉമ്മ കണ്ണുനീര്‍ പൊഴിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധ കൊടുക്കാതെ മാറിക്കളയുമായിരുന്നു...

എന്നാലും ഉമ്മായെ വിഷമിപ്പിക്കാതിരിക്കാന്‍ ഇന്ന് വരെയും ശ്രദ്ധിച്ചു പോന്നു!!!

വണ്ടികളെല്ലാം ഒരുവിധം പോയിക്കഴിഞ്ഞു, ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലെന്ന് തോന്നി, 

           ഒരിക്കല്‍ കൂടി അവളുടെ മുഖത്തേയ്ക്കു നോക്കി, പക്ഷേ അവിടെ അവളുള്‍പ്പെടെ എല്ലാവരും നിശബ്ദരായി, ജാഗരൂകരായിരിക്കുന്നു, അവളുടെ ഉമ്മ താടിക്ക് കൈയും കൊടുത്തിരിക്കുന്നു!!
ഞാനൊന്നു ഞെട്ടിയെങ്കിലും, പെട്ടെന്ന് കാര്യം മനസ്സിലായി  എന്താണെന്നല്ലേ.....

            അതേ, അവസാനവട്ട പകര്‍ത്തലിന്‍റെ  ഭാഗമായി വീഡിയോ ഗ്രാഫര്‍ അവിടെത്തിക്കഴിഞ്ഞു!!!
അവിടെയിരുന്നവരെല്ലാം ഞാന്‍ നേരത്തേ പറഞ്ഞത് പോലെ 'ഡിജിറ്റല്‍' ആയിരിക്കുന്നു...

                                                  അവളുടെ മുഖത്തെ അപ്പാടെ ആവാഹിച്ചു എന്‍റെ മനസ്സില്‍  കുടിയിരുത്തി, തെല്ലു സങ്കടത്തോടെ കണ്ണുകള്‍ പിന്‍വലിച്ചു പുറകിലേയ്ക്ക് തിരിഞ്ഞു നടക്കാനായി കാലുകള്‍ മുന്നോട്ടു വെച്ചതും..............................ബ്ലും!!! 

                                      മഴവെള്ളം കെട്ടിക്കിടന്നത് കണ്ടില്ല...കണ്ണടയുടെ ഇടയിലൂടെ പരക്കെ നോക്കി ആരെങ്കിലും കണ്ടുവോ?? എല്ലാരും കണ്ടു!!! അവളും കണ്ടിട്ടുണ്ടാകും...ശ്ശെ നാണക്കേടായല്ലോ...
                          എനിക്ക് ദേഷ്യം വന്നു, അടുത്ത കാലും അതിനടുത്ത കാലും അതേ വെള്ളത്തിലൂടെ തന്നെ ഉറക്കെചവുട്ടി തെറിപ്പിച്ചു വേഗത്തില്‍ നടന്നു...ബ്ലും!!ബ്ലും!!!ബ്ലും!!!

"എന്തെരെടെ അപ്പീ...കെടന്നു പൊളക്കണത്" 
എന്‍റെ നാട്ടിന്‍റെ തനതായ ശൈലിയില്‍ ആരോ ചോദിച്ചതും ചെവിക്കൊണ്ടില്ല...
അന്ന് ഞാന്‍ കുട്ടിയല്ലേ കൂട്ടരേ....

                               ഒരു ടാറ്റാസുമോയുടെ പുറകിലത്തെ വാതില്‍ തുറന്നു വെച്ചു കൊണ്ട് ഉമ്മായും കുഞ്ഞുമ്മയുമൊക്കെ ഇരിക്കുന്നുണ്ട്??? എന്നെ കണ്ടതും കടന്നല്‍ കുത്തിയത് പോലെ വീര്‍പ്പിച്ചു വെച്ചിരുന്ന ഉമ്മായുടെ വാ തുറന്നു!!!

'കസര്‍ത്ത്' തുടങ്ങീ!!!

                      കണ്ടില്ലെങ്കില്‍ നിലവിളിക്കുകയും കണ്ടാല്‍ വഴക്ക് പറയുകയും ചെയ്യും! അതു മിക്ക അമ്മമാരുടെയും പ്രശ്നമാണെന്ന് തോന്നുന്നു!!!

"ഉമ്മച്ചി ഒന്നു നിര്‍ത്തുന്നുണ്ടോ ??" ഞാന്‍ തടയിട്ടു...

" ഹാഹ് ഇതിനെയൊന്നും വഴക്ക് പറയാനും പറ്റില്ല, മറ്റുള്ളവര്‍ എത്ര തീ തിന്നുന്നുവെന്നു ഇതിനൊന്നും എത്ര പറഞ്ഞാലും മനസ്സിലാകെമില്ല..."

"അപ്പോള്‍ ഉമ്മച്ചി ഇന്ന് ബിരിയാണിക്ക് പകരം തീയാണോ തിന്നേ???" എന്‍റെ ചോദ്യം കേട്ടു വണ്ടിയിലുള്ളവരെല്ലാം ചിരിച്ചു, ഉമ്മയൊഴികെ.....

" ഹും നിന്നെപ്പറഞ്ഞിട്ടുകാര്യമില്ല..." അത് ബാപ്പക്കിട്ടൊരു താങ്ങായിരുന്നു എന്നു തോന്നുന്നു... 

ഡോര്‍ അടച്ചു....വണ്ടി മുന്നോട്ടു നീങ്ങി...

അവളെ കാണാനായില്ല...മറഞ്ഞു കൊണ്ടിരിക്കുന്ന ആഡിറ്റോറിയത്തില്‍ അവളിരിപ്പുണ്ട്...
എന്‍റെ പ്രണയിനി...ശ്ശെ അങ്ങനെ പറയാന്‍ അവള്‍ എന്നെയൊന്നു നോക്കിയത് പോലും കണ്ടില്ലല്ലോ?

                     എന്നാലും 'പ്രണയിനി' എന്നു വിളിക്കാനേ തോന്നുന്നുള്ളൂ... മറ്റൊരു പെണ്ണിലും ഇത്രയും ഇഷ്ട്ടം തോന്നിയിട്ടുമില്ല!!! ഇനി കാണാനാകുമോ???

                     കാറിനുള്ളില്‍ കേട്ട 'അനിയത്തിപ്രാവ്' സിനിമയിലെ 'ഓ പ്രിയേ' എന്ന ഗാനം മനസ്സിന് എന്തെന്നില്ലാത്ത കുളിര്‍മ നല്‍കി...

പതിയെ പതിയെ എല്ലാം അകന്നു കൊണ്ടിരിക്കുന്നു... ആഡിറ്റോറിയം കണ്ണില്‍ നിന്നും മറയും വരെ നോക്കിയിരുന്നു...അവസാനം നീണ്ട ഒരു നെടുവീര്‍പ്പിട്ടു... 

രംഗം ഒന്ന് ഇവിടെ പൂര്‍ണ്ണം!!

( ഇതിലെ പ്രധാനമായ ഭാഗം ഇനിയാണ്!! അതൊന്നു ടൈപ്പ് ചെയ്യുവാനുള്ള സാവകാശത്തിനു വേണ്ടി ഒരു ചെറിയ ഇടവേള...)

2 comments:

  1. ആ വീഡിയോ എടുത്ത പയ്യന്‍ അവളെ കവര്‍ ചെയ്തിരുന്നോ?????

    ReplyDelete
  2. ഹാഹ് അതിന്നും സൂക്ഷിക്കുന്നുണ്ട്. പിന്നെ അവള്‍ ഇന്നും എന്‍റെ സുഹൃത്തായുണ്ട് കേട്ടോ....

    ReplyDelete