Wednesday 8 June 2011

അന്ധഗായകന്‍ !



അന്ധനാണീ ഗായകന്‍ -
അന്ധകാരം ജീവിതം !
അന്ത്യമെത്തും നാള്‍വരെ -
അഞ്ജനങ്ങള്‍ പാടിടാം...

സന്ധ്യയെത്താന്‍ നേരമായ് -
അതിന്‍ ചന്തമെന്നില്‍ രാഗമായ് !
ശ്രുതി മീട്ടിടുമ്പോള്‍ നോവുപോല്‍ -
അകതാരിലെന്നും നൊമ്പരം !

അശ്രുപൊഴിയും മിഴികളില്‍ -
സ്മൃതി പടര്‍ത്തും വാക്കുകള്‍ !
അര്‍ത്ഥമില്ലാ ജീവിതത്തിന്‍   -
വ്യര്‍ത്ഥമാകും കവിതയായി ! 

പൂവ് തന്നാലെന്തു വര്‍ണ്ണ -
മെന്നു ഞാനും ചൊല്ലിടും,
എന്നാല്‍ വര്‍ണ്ണമെല്ലാമെന്‍റെയുള്ളില്‍ 
ഇരുളാര്‍ന്ന രൂപം മാത്രമായി !

കാലചക്രം നീണ്ടുപോകും -
കാതമില്ലാതെന്‍റെ  സ്വപ്നം !
കാലിടറും വീഥികളില്‍ -
കാത്തിടണേ രക്ഷിതാവേ...

Tuesday 7 June 2011

മധുരമഴ...



മഴമേഘം വിരിയുന്നേരം,
മഴവില്ലിന്‍ വരവും കാത്ത്,
മയിലാട്ടം കണ്ടു ഞാനീ -
തീരത്തൊന്നിരുന്നു പോയീ...

കുയിലമ്മപ്പാട്ടു പാടി -
കുറുമ്പു കൊണ്ടരികില്‍ വന്നൂ,
ഒളികണ്ണില്‍ നോക്കിയപ്പോള്‍ -
വെറുതെയൊന്നുള്ളു തുടിച്ചൂ !  

ഇളന്തെന്നല്‍ വീശിയെത്തീ,
ഇമയെന്നില്‍ ചിമ്മിയതും,
ഇലയൊന്നില്‍ മഞ്ഞു തുള്ളി
ഇടറുന്നീ വെണ്ണിലാവില്‍ !   

അകലേ ചെറു കാട്ടില്‍ നിന്നും,
വേഴാമ്പല്‍ പക്ഷി ചൊല്ലീ,
അരികത്തൊന്നെത്തിയെന്നാല്‍ -
പ്രണയത്തിന്‍ മധുരം തരുമോ?

മോഹത്തിന്‍ തെളിനീര്‍പ്പുഴയില്‍-
സ്നേഹത്തിന്‍ പനിനീര്‍പ്പൂക്കള്‍,
മധുവൂറും മഴയെപ്പുല്‍കാന്‍ -
നിറപുഞ്ചിരിയായോഴുകീ...  

Monday 6 June 2011

ഒപ്പന ( മാപ്പിളക്കവിത )



കണ്ടാല്‍ കരളില്‍ പിരിഷമുണ്ടേ...
കണ്‍പോള തിടമ്പിന്ന് തുടിയ്ക്കുന്നുണ്ടേ !
കണ്ണേ നിന്റേ വരവു കണ്ടേ...
കണ്ണില്‍ നിറയെ കനവുമുണ്ടേ !

മുല്ലപ്പൂവില്‍ മാല കോര്‍ത്തേ...
മുന്തിരി വള്ളികള്‍ പടര്‍ത്തിയിട്ടേ !
മുത്തേ യിന്നു നിന്‍ കല്ല്യാണം,
നാടെല്ലാമിന്നാഘോഷം !

ദഫ്ഫിന്‍ നാദം കേള്‍ക്കുന്നേ...
കോല്‍ക്കളിക്കൂട്ടം വരവുണ്ടേ...  
ഒപ്പന പാടും പെണ്ണുങ്ങള്‍,
ഒത്തു കളിയ്ക്കാന്‍ കൂട്ടുണ്ടേ...

കൊഞ്ചല്‍ കേള്‍ക്കാന്‍ ആളെത്തീ...
കൊഞ്ചിപ്പാടും കുയിലല്ലേ...
കവിളില്‍ നാണം വിരിയുന്നൂ...
കളി ചൊല്ലാനിന്നാളായീ... 

ഒന്നായിന്നും കാണുന്നേ,
എല്ലാവരിലും സന്തോഷം !
ഒന്നാകും നിന്‍ സ്വപ്‌നങ്ങള്‍,
എല്ലാമിന്നില്‍ പൂവണിയും ! 

Friday 3 June 2011

പുതുമണവാട്ടി ! ( മാപ്പിളക്കവിത )




പാല്‍നിലാവായി പുഞ്ചിരിയ്ക്കും-
പൂങ്കിനാവിന്‍ ഹൂറി നീ...
പാതിവര്‍ണ്ണം ചേര്‍ന്ന മുല്ല-
പ്പൂവു പോലെന്‍ സുന്ദരീ...

മിന്നുചാര്‍ത്തിക്കൊണ്ടു പോകാന്‍-
വന്നതാണീ മഞ്ചലില്‍ !
വിണ്ണിലേ മലരെന്നുമെന്‍റെ  -
കണ്ണിലേ കുളിരമ്പുമായി...

മാരനെത്തും നേരമായാല്‍,
നാരികള്‍ നടമാടണം !
നാണമാകെ നിന്‍റെ മൊഞ്ചില്‍ 
തീര്‍ത്തു തന്നൂ പൂക്കളം,

ചെഞ്ചിലച്ചുണ്ടൊന്നു കൊണ്ടി-
ന്നിമ്പമായി പ്പാടണം ! 
ചെമ്പകപ്പൂവായി യെന്നില്‍,
കുളിരുനല്‍കിപ്പോരണം !  

ഖല്‍ബിലെന്തോ മിന്നിയല്ലോ-
കണ്ടതും കരംകൊണ്ടതും !
ഇഹലോകമെന്നില്‍ മായുവോളം 
ഇണയായി നീയെന്‍ സുന്ദരീ...

Wednesday 1 June 2011

വിഷാദം !



ശൂന്യമായൊരു സന്ധ്യയില്‍ ,
കാറ്റ്പോലും മൗനമായ് ! 

വീണു പൊട്ടിയ ചില്ലുപാത്രം -
വേര്‍പെടുത്തും നൊമ്പരം !

വസന്തമെന്നേ മാഞ്ഞുപോയി,
വരണ്ട ചുണ്ടും ബാക്കിയായ് !

വികാരമെന്നും വൈകൃതം, 
വിചാരമെന്നേയന്ന്യമായി ! 

വിഷാദമെന്നില്‍ കരിനിഴല്‍ -
നിഗൂഡതയില്‍ വീഴ്ത്തിടും ! 

മുള്ളുപാകിയ വഴികളെന്‍ -
നഗ്നപാദം മുറിവാക്കിടും ! 

തുറന്ന ജാലകച്ചെപ്പിലും -
നിറഞ്ഞു കാണുമെന്‍ കണ്ണുനീര്‍.

കാറ്റു വന്നാല്‍ കൗതുകം ,
കാലമെന്നെയുമോര്‍ക്കുമോ? 

സ്വരമിടറിയ കുരുവിയും -
മധുരഗാനം പാടുമോ?

മഴനിലാവും മാഞ്ഞു പോയി,
മരണമെന്നില്‍ വന്നുവോ ?

മരണമെന്നില്‍ വന്നുവോ ?