Tuesday 14 February 2012

സൂക്ഷിക്കുക !


 നിലാവില്ലാത്ത രാത്രി, നിശ്ശബ്ദമായ താഴവര ! തന്‍റെ കൊച്ചുകുടിലില്‍ നിന്നും അയാള്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി, പാലപ്പൂവിന്‍റെ  ഗന്ധം അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്നു, അത് മൂക്കിലേയ്ക്ക് അരിച്ചു കയറുമ്പോള്‍ അനാവശ്യമായ ഭയം നല്‍കിയ ആ ശങ്കയെ അയാള്‍ ശപിച്ചു പോയി, തന്‍റെ മൂത്രശങ്കയെ !

മുറ്റത്തിന്‍റെ ഓരം ചേര്‍ന്ന് അയാളിരുന്നു, കണ്ണുകള്‍ വലിച്ചു തുറന്ന് ചുറ്റും നോക്കിയപ്പോള്‍ ആ കുറ്റാകൂരിരുട്ട് തന്‍റെ നെഞ്ചിടിപ്പിന്‍റെ ആക്കം കൂട്ടി തന്നുവോ ?  

"ഹ്ഹോ വേഗം ഇതൊന്നു കഴിഞ്ഞെങ്കില്‍, പേടിച്ചിട്ട്‌ മനുഷ്യന് ഇരിക്കാന്‍ വയ്യാ..."
അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

പെട്ടെന്ന് പുറകിലൊരു ഇലയനക്കം ! 'ശ്ചില്‍'
അയാള്‍ ചാടിയെഴുന്നേറ്റു, അപ്പോള്‍ വീണ്ടും ആ ശബ്ദം 'ശ്ചില്‍, ശ്ചില്‍'...

തികച്ചും അയാള്‍ ഭയചകിതനായി ചുറ്റും പരതി ! ആരെയും കാണാന്‍ കഴിഞ്ഞില്ല ! 

"അച്യുതന്‍, ഭാര്‍ഗ്ഗവന്‍............................. ..........................., കേശവന്‍........................".....

അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ട് അയാള്‍ പിന്നിലേയ്ക്ക് കാല്‍ വെച്ചു, വീടിന്‍റെ വാതില്‍ വരെയെത്താന്‍ ഇനിയും ദൂരമുണ്ടെന്ന് കണ്ടപ്പോള്‍ പ്രാര്‍ത്ഥനയുടെ ശബ്ദം ഉയര്‍ന്നു വന്നു...

പെട്ടെന്ന് വീണ്ടും 'ശ്ചില്‍, ശ്ചില്‍, ശ്ചില്‍, ശ്ചില്‍......................, ശ്ചില്‍, ശ്ചില്‍...................... ശബ്ദം തുടര്‍ച്ചയായി കേട്ടതും അയാളുടെ നിയന്ത്രണം വിട്ടു പോയി !

"ഹയ്യൂ ന്ടമ്മൂ.... എന്നെ കൊല്ലാന്‍ വരുന്നേ...." 
ഇങ്ങനെ നിലവിളിച്ചു കൊണ്ട് ഒരു മിസൈല്‍ വേഗത്തില്‍ അയാള്‍ വീടിനുള്ളില്‍ കടന്ന്, വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്തു !

തന്‍റെ യജമാനന്‍ ഒരു പേടിത്തൊണ്ടനാണ് എന്നു തിരിച്ചറിഞ്ഞ 'ചക്കിപ്പൂച്ച' ആ കരിയിലക്കാട്ടില്‍ കിടന്നു ഉരുണ്ടു മറിഞ്ഞ് തലതല്ലി ചിരിച്ചു പോയി ! 

"മ്യാഹൂഹൂ... മ്യാഹൂഹൂ......"

ഗുണപാഠം : പൂച്ചയെ സൂക്ഷിക്കുക !