Thursday 20 January 2011

പ്രിയപ്പെട്ട 'ഗുണ്ട' സഹോദരങ്ങള്‍ക്കായി ഒരു അനുഭവക്കുറിപ്പ്..

ഈ കാണുന്നവര്‍ നാട്ടില്‍ അറസ്റ്റിലായ കൊട്ടേഷന്‍ ടീം ആണ്... അതായത് 'ഗുണ്ടകള്‍'...ഇന്നലത്തെ പത്രത്തില്‍ വന്ന വാര്‍ത്തയാണ്...









 പത്രത്തില്‍ വന്ന ഈ വാര്‍ത്ത‍ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്, രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സൗദി അറേബ്യയില്‍ വെച്ച് പരിചയപ്പെട്ട മനോജ്‌ എന്ന ചെറുപ്പക്കാരനെക്കുറിച്ചാണ്... അന്ന് ദമ്മാമില്‍ നിന്നും 210 കിലോമീറ്റര്‍ മാറി 'അല്‍നാരിയ' എന്ന സ്ഥലത്തായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്...
                      ഒരു കടയില്‍ വെച്ചാണ് മനോജിനെ കാണുന്നത്. അവിടെ അടുത്ത് തന്നെയുള്ള അറബിയുടെ വീട്ടിലെ ഡ്രൈവര്‍ ആയിട്ടാണ് ജോലി. തിരുവനന്തപുരം സ്വദേശിയാണ്. എങ്ങനെയുണ്ട് കഫീല്‍(സ്പോണ്‍സര്‍) എന്ന് എല്ലാവരും സാധാരണയായി ചോദിക്കാറുള്ള ചോദ്യം ഞാനും ആവര്‍ത്തിച്ചു:- മനുഷ്യത്വം എന്നത് അറബികളില്‍ വിരളമാണല്ലോ!! മനോജിനും പരിതാപകരമായ കഥകളായിരുന്നു പറയാനുണ്ടായിരുന്നത്...
                           മനോജിനു ശമ്പളം വെറും 600 റിയാല്‍ ആണ്. നാട്ടിലെ ഏകദേശം 7000 രൂപ, അതും സമയത്ത് കിട്ടുകയുമില്ല...പിന്നെ ഭക്ഷണം അവര്‍ കഴിക്കുന്നതിന്‍റെ ബാക്കി വീടിന്‍റെ പിന്നാമ്പുറത്ത് വെച്ചിരിയ്ക്കും, അത് കഴിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ...അതും ഒരിയ്ക്കല്‍ തനിക്കുള്ള ഭക്ഷണം അവിടുത്തെ പെണ്‍കുട്ടി കാലു കൊണ്ട് തട്ടി നീക്കി കൊടുത്തു. അന്ന് മാത്രമാണ് ഭക്ഷണം കഴിക്കാതെയിരുന്നത്...അത് തന്‍റെ കഫീല്‍ അറിയുകയും തന്‍റെ മകളെ പൊതിരെ തല്ലുകയും അതിനു മാപ്പ് പറയുകയും ചെയ്തെന്നു മനോജ്‌ അഭിമാനത്തോടെ പറയുന്നു...
                                 പിന്നെ ജോലി, ഡ്രൈവര്‍ ആണെങ്കിലും അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കണം...കടയില്‍ പോകണം മറ്റു പുറം ജോലികള്‍ ചെയ്യണം, പിന്നെ പ്രധാനമായ ഉത്തരവാദിത്തം തന്‍റെ കഫീലിന്‍റെ പടുകിളവനായ പിതാവിനെ നോക്കണം എന്നുള്ളതാണ്...
നാട്ടില്‍ നമ്മുടെ അപ്പൂപ്പനും, അമ്മൂമ്മയും അല്ലെങ്കില്‍ അച്ഛനും അമ്മയും പ്രായം ചെന്ന് ഒരു കൈ സഹായത്തിനു കേണ് അപേക്ഷിക്കുമ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍, ഇവിടെ വന്നിട്ട് യാതൊരു ബന്ധുവുമല്ലാത്ത മാനുഷിക പരിഗണന പോലും തരാത്ത ഇക്കൂട്ടര്‍ക്ക് വിസര്‍ജ്ജിക്കുന്നിടം വൃത്തിയാക്കി കൊടുക്കുക വരെ ചെയ്യുന്നു...ഇതാണ് ലോകം അല്ലേ കൂട്ടരേ...
                           മനോജിലേക്ക് വരാം... ഈ ജോലികള്‍ക്ക് പുറമേ കഫീലിന്‍റെ കൂടെ അയാളുടെ ആടുകളുടെ താവളമായ മരുഭൂമിയിലും പോകണം...ചിലപ്പോള്‍ അവിടെ മൂന്നു നാല് ദിവസം തനിച്ചാക്കി ഇയാള്‍ പോവുകയും ചെയ്യും...ഇതൊക്കെ സഹിക്കുന്നതിനു പുറമേ ശമ്പളം കൂട്ടി ചോദിക്കുന്നതിനു ഇടയ്ക്കിടെ തല്ലും കിട്ടും...ഒരിക്കല്‍ ഇതേ കാര്യത്തില്‍ ഉറക്കെ സംസാരിച്ചതിന് കഫീലും അയാളുടെ മരിക്കാറായ പിതാവും പൊതിരെ തല്ലി, എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാക്കി... കിളവന്‍ ഊന്നുവടി കൊണ്ടായിരുന്നു തല്ലിയത്..         
ഈ കഥകളെല്ലാം കേട്ട് ഞാന്‍ തരിച്ചിരുന്നു പോയി...
                       ഇത്രെമോക്കെയായിട്ടും ചേട്ടന് നാട്ടില്‍ പൊയ്ക്കൂടായിരുന്നോ എന്ന് ചോദിച്ചു, പുറത്തുള്ള ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നല്ലോ???
അപ്പോള്‍ ഒരു ചിരിയാണ്...
                   നാട്ടില്‍ പോയിട്ട് എന്ത് ചെയ്യാന്‍!!! ഇവിടെ വന്ന കടം ഇനിയും തീരുവാനുണ്ട്...പിന്നെ ഞാന്‍ ഇവിടെ വന്ന ശേഷമാണ് എന്‍റെ ഭാര്യയും മക്കളും സ്വസ്ഥമായി കഴിയുന്നത്‌...അത് മാത്രമാണ് എന്‍റെ സന്തോഷവും, പിന്നെ നാട്ടില്‍ വെച്ച് ചെയ്തു കൂട്ടിയ തെറ്റുകളുടെ ശിക്ഷകള്‍ ഇങ്ങനെ അനുഭവിച്ചു തീര്‍ക്കണമെന്നായിരിക്കും  ദൈവനിശ്ചയം...   
                അതെന്താ ചേട്ടാ അങ്ങനെ, എന്തായിരുന്നു നാട്ടില്‍ ചേട്ടന്‍റെ ജോലി??? ഈ ചോദ്യങ്ങള്‍ക്കുള്ള മനോജിന്‍റെ ഉത്തരവും ഒരു ഞെട്ടിക്കുന്ന കഥയായിരുന്നു...
                            ഇദ്ദേഹം നാട്ടിലെ ഒരു കൊട്ടേഷന്‍ സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു...പണം കിട്ടിയാല്‍ ആരെയും കുത്തുകയും വെട്ടുകയും ചെയ്യും...കൊല്ലില്ല..പക്ഷേ കൊല്ലാക്കൊല ചെയ്തിരുന്നു...ജോലിയോട് ആത്മാര്‍ഥത കാണിച്ചിരുന്ന മഹാനായ വ്യക്തിത്വം...കിട്ടുന്ന കാശിനു കള്ള്  കുടിച്ചു... ഭാര്യയും മക്കളുമൊക്കെ ആയിട്ടും തൊഴില്‍ അത് തന്നെയായിരുന്നു...
                             അങ്ങനെയിരിയ്ക്കെ അവിടെ ഒരു കൊലപാതകം നടന്നു...ചെയ്തത് വേറെ ടീം ആണെങ്കിലും, പ്രതികളുടെ പട്ടികയില്‍ മനോജും ഉണ്ടായിരുന്നു...പോലീസ്കാരുടെ ഇടി ആവശ്യം പോലെ കിട്ടിയെങ്കിലും കേസില്‍ നിന്നും തലയൂരി...ആകെ അറിയാവുന്ന തൊഴില്‍ കൂലിത്തല്ല് മാത്രമെന്നായിരുന്നു അന്നത്തെ ധാരണ, അതുകൊണ്ട് തന്നെ വീണ്ടും അത് തുടര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് ഭാര്യയുടെ ഒരു ബന്ധു മുഖേന സൌദിയിലെയ്ക്കുള്ള വിസ ഉണ്ടെന്നറിഞ്ഞത്..എല്ലാവരുടെയും നിര്‍ബന്ധവും പിന്നെ കിടപ്പാടം പണയപ്പെടുത്തി പണം വീട്ടുകാര്‍ ശെരിയാക്കിയതിനാലും (രണ്ടര ലക്ഷം രൂപ വിസക്ക് കൊടുത്തു) മനോജ്‌ ഇവിടെയെത്തി...
                             ഇവിടെ താന്‍ വലിയ ഗുണ്ടയാണ് എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ???അതിനേക്കാള്‍ വലിയ ഗുണ്ടകളാണ് ഇവിടുത്തെ അറബികള്‍...   
                   എന്തായാലും മനോജ്‌ ഭാഷയൊക്കെ പഠിച്ചു ഇവരോടൊപ്പം പൊരുത്തപ്പെട്ടു പോകാനും പഠിച്ചു...നല്ലൊരു മനുഷ്യനായി മാറുകയും ചെയ്തു...

ഇടയ്ക്കിടെ മനോജിനെ കാണുമായിരുന്നു, വിശേഷങ്ങളൊക്കെ പറഞ്ഞു പോകും...
                                           അങ്ങനെയിരിക്കെ ജോലിയുമായി ബന്ധപ്പെട്ടു എനിക്ക് ആ സ്ഥലം വിട്ടു പോകേണ്ടി വന്നു...ഒന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ പോകേണ്ടതിനായി ഞാന്‍ തിരികെ പഴയ സ്ഥലത്തെത്തി, അവിടുത്തെ ഓഫീസുമായി ബന്ധപ്പെടെണ്ടതുണ്ടായിരുന്നു...
ആ അവസരത്തില്‍ ഞാന്‍ മനോജിനെ അന്വേഷിച്ചു കണ്ടെത്തി... ആള് കുറേക്കൂടി സുമുഖനായിരിക്കുന്നു..  
എന്താ ചേട്ടാ കിളവന്മാര്‍ മരിച്ചോ??ആകെയൊരു മാറ്റമുണ്ടല്ലോ, എന്‍റെ സാധാരണ ചോദ്യം!!!
ഇല്ലാ മരിച്ചിട്ടില്ലാ...ഇക്കൂട്ടരോന്നും പെട്ടെന്ന് മരിക്കില്ല മൊനേ... കണ്ടതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം ഇത് വരെയുണ്ടായ സംഭവ വികാസങ്ങള്‍ അറിയുവാന്‍ ഞാന്‍ തുനിഞ്ഞു...അങ്ങനെ മനോജ്‌ പറഞ്ഞു തുടങ്ങി:-
                     ഒരുവിധം കഴിഞ്ഞു പോയ്കൊണ്ടിരുന്നപ്പോള്‍ ഒരുനാള്‍ മരുഭൂമിയില്‍ വെച്ച്  തന്‍റെ കഫീലിന് നെഞ്ചുവേദന വന്നു തളര്‍ന്നു വീഴുകയുണ്ടായി...മനോജ്‌ അദ്ദേഹത്തെ താങ്ങിയെടുത്ത് വണ്ടിയിലാക്കി പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കുകയും വേണ്ട പരിചരണം നല്‍കുകയും ചെയ്തു...ഈയൊരു സംഭവം അറബിക്കുടുംബത്തില്‍ മനോജിനോട് മമത തോന്നുവാന്‍ ഇടയാക്കി...ഒരുപക്ഷേ മനോജ്‌ ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ മരണപ്പെട്ടേനെ  ...
                          അങ്ങനെ മനോജ്‌ അവരുടെ വീട്ടിലെ അംഗത്തെ പോലെയായി...ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കുവാനുള്ള എല്ലാ സൌകര്യവും ചെയ്തു കൊടുത്തു, അതിനുള്ള സാധനങ്ങള്‍ എല്ലാം അടുത്തുള്ള കടയില്‍ നിന്നും വാങ്ങുവാനും പറഞ്ഞു...പിന്നെ ശമ്പളം കൂട്ടിക്കൊടുത്തു...
വീട്ടിലെ കടമെല്ലാം തീര്‍ത്തു...കുറച്ചു സമ്പാദ്യമായി...ഒരു വീട് വെയ്ക്കണം, എന്നൊരു ആശയുണ്ട്...അതിനു മുന്‍പ് നാട്ടില്‍ പോയി എല്ലാരേം കാണണം, തിരികെ വന്നു ഒരു മനുഷ്യനെപോലെ അന്തസ്സായി ജീവിക്കണം......


                   ഇത് മനോജിന്‍റെ ജീവിതം...എന്‍റെ കണ്മുന്നില്‍ കണ്ട ഒരു ജീവിതം... സമാനമായ ഒരുപാട് കഥകള്‍ ഇനിയും മനസ്സില്‍ ഉണ്ട്, എല്ലാം ഞാന്‍ വിവരിക്കുന്നതാണ്....

                            ഇനി ഇവിടെ പോലീസുകാരുടെ ഇടി കൊണ്ട് കൂമ്പ് വാടി നില്‍ക്കുന്ന 'ഗുണ്ടകളോട്', ക്ഷമിക്കണം സഹോദരങ്ങളോട് ( അവരും ഓരോ അമ്മമാര്‍ പെറ്റ മക്കളാണല്ലോ!!! ) എന്തിനാണ് നിങ്ങള്‍ ഈ രീതിയില്‍ പണമുണ്ടാക്കുന്നത്...വേറെ എന്തെല്ലാം തൊഴില്‍ ഉണ്ട് ഇന്ന് ലോകത്ത്!! ഇതൊക്കെ ശാശ്വതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ??? നിങ്ങളുടെ നല്ല ആരോഗ്യത്തെ ഇങ്ങനെയാണോ വിനിയോഗിക്കേണ്ടത്?? നിങ്ങളുടെ വരവ് കണ്ടാല്‍ മറ്റുള്ളവര്‍ മാറി നിന്നേക്കാം, അത് നിങ്ങളോടുള്ള ബഹുമാനം കൊണ്ടല്ല, ഭയം കൊണ്ടാണ്!!! ആ ഭയം നിങ്ങളുടെ മേല്‍ വീഴുന്ന ശാപങ്ങളാണ്!! എത്രയോ പേരുടെ നിലവിളികള്‍ നിങ്ങളുടെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നു, അതൊക്കെ നിങ്ങളുടെ നാശത്തിന്‍റെ മുന്നറിയിപ്പ്കളാണ്... എത്രയും വേഗം മാന്യമായി അധ്വാനിച്ചു മറ്റുള്ളവരുടെ പ്രീതിയോടു കൂടി ജീവിക്കുവാന്‍ തയ്യാറാകുക...


നല്ലവരായ ഒരു സമൂഹത്തിനു വേണ്ടി നമുക്ക് ശ്രമിക്കാം സഹോദരങ്ങളേ... പ്രാര്‍ത്ഥനയോടെ സ്വന്തം സഹോദരന്‍....

No comments:

Post a Comment