Thursday 20 January 2011

ആദ്യപ്രണയം ! Part - 2


രംഗം - 2 
                                                     വണ്ടി ചെന്ന് നിന്നത് വരന്‍റെ വീട്ടിലാണ്!! അതായത് എന്‍റെ ഉമ്മായുടെ കുടുംബ വീട്ടില്‍!!! മുന്‍പ് ഇതൊരു ഓടിട്ട കെട്ടിടമായിരുന്നു, അടുത്ത കാലത്ത് മുന്‍വശത്തായി ഒരു മുറിയും ഹാളും സിറ്റ് ഔട്ടും കൂടി നിര്‍മ്മിച്ച്‌ മൊത്തത്തില്‍ വാര്‍ക്കുകയായിരുന്നു!! 

                                                             അതിലെ പുതിയ മുറിയിലാണ് 'മണിയറ'...സ്വന്തം മാമായുടെ മണിയറ അലങ്കരിച്ചു മനോഹരമാക്കിയതിന്‍റെ ക്രെഡിറ്റും ഈ എനിക്ക് തന്നെ !!. ഇങ്ങനെയും ചില 'കിസ്മത്' പണികള്‍ കൈയ്യിലുണ്ട് കേട്ടോ!!! സഹായിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം!!!  
നമ്മള്‍ 'അടുക്കള കാണല്‍' എന്നും 'മറുവീട്' എന്നുമൊക്കെ വിളിക്കുന്ന ചടങ്ങിനുള്ള ഒരുക്കമാണ്... 

വധൂവരന്മാരും വരന്‍റെ എല്ലാ ബന്ധുക്കളും എത്തിച്ചേര്‍ന്നു കഴിഞ്ഞു!!


(വരന്‍റെ വീട്ടില്‍ എത്തിയ വധൂവരന്മാരെ, വധുവിന്‍റെ ആളുകള്‍ വന്നു കൂട്ടിക്കൊണ്ടു പോകും, വരുന്നവര്‍ക്ക് നല്ല സ്വീകരണം നല്‍കേണ്ടതുണ്ട്, പലഹാരങ്ങളും മറ്റുമായി അവരും നല്ല സമ്മാനങ്ങള്‍ കരുതിയിട്ടുണ്ടാകും!!! ഇത് തന്നെയാണ് ചടങ്ങ്!! )

                                 മുറ്റത്ത്‌ നല്ലൊരു 'ഷാമിയാന പന്തല്‍' ഉയര്‍ന്നിട്ടുണ്ട്!!! ( അന്ന് ഞങ്ങളുടെ നാട്ടില്‍ 'ഷാമിയാന പന്തല്‍' കടന്നു വരുന്നതേയുള്ളൂ , അതിനു മുന്‍പ് മുകളില്‍ ഓല മേഞ്ഞ ശേഷം വശങ്ങളിലെല്ലാം വെള്ള തുണി കൊണ്ട് മറക്കുകയുമാണ് ചെയ്തിരുന്നത്... വീട്ടില്‍ നിന്നു തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് പണിക്കാരെ കൊണ്ട് ചെയ്യിക്കും!! 'ഷാമിയാന പന്തല്‍' കുറഞ്ഞ തുകയില്‍ വാടകയ്ക്ക് കിട്ടും, വളരെ എളുപ്പത്തില്‍ പന്തല് കെട്ടാനുമാകും, കണ്ടാല്‍ ഒരു 'സ്റ്റൈല്‍' ഓക്കെ കാണും!! ഇന്ന് ആരും തന്നെ പഴയ രീതിയില്‍ പന്തല്‍ കെട്ടാന്‍ മിനക്കെടാറെയില്ല   കേട്ടോ... )

പിന്നാമ്പുറത്ത് പൊറോട്ടയടിക്കുന്ന ശബ്ദം കേള്‍ക്കാം, ചെന്നിറങ്ങിയ പാടെ ഞാനും മുനീറും അങ്ങോട്ട്‌ വിട്ടു...

                             ഹോട്ടല്‍ ജീവനക്കാരനായ 'അമാനിക്ക' തോര്‍ത്ത്‌മുണ്ടും തലയില്‍ കെട്ടി, ബനിയനും കൈലി മുണ്ടുമൊക്കെയുടുത്ത് വിയര്‍ത്തു കുളിച്ചു നില്‍ക്കുന്നു! പൊറോട്ട മേക്കറുടെ പണിയെന്നു പറയുന്നത്‌ അത്ര സുഖമുള്ളതല്ലല്ലോ!!!

"ഹാഹ് കല്ല്യാണഉണ്ണികള്‍ വന്നല്ലോ.." 
ഞങ്ങള്‍ക്ക് 'നല്ല' വരവേല്‍പ്പ് നല്‍കുന്നു അമാനിക്ക!!.എനിക്ക് വീണ്ടും ദേഷ്യം വന്നു!!!

"കല്ല്യാണ ഉണ്ണികള്‍ എന്നാലേ,  ആരും വിളിക്കാതെ കല്ല്യാണ വീട്ടില്‍ പോയി ഉണ്ണുന്നവരേയാ പറയുന്നേ... ഇതേ എന്‍റെ മാമായുടെ കല്ല്യാണമാ...കേട്ടോ" 

 ഒരു പക്ഷേ എന്‍റെ ഈ വര്‍ത്തമാനം കേള്‍ക്കാനാകും അമാനിക്ക അങ്ങനെ സംബോധന ചെയ്തത് അല്ലേ....

                                     വീണ്ടും അതുപോലെ എന്നെയും മുനീറിനെയും ചൊടിപ്പിക്കുന്ന ഓരോരോ ചോദ്യങ്ങള്‍ ചോദിക്കുകയും ഞങ്ങള്‍ മറുപടി പറയുകയും ചെയ്യുന്നതിനിടെ അവിടെ ചെന്ന 'ലക്‌ഷ്യം' ഞാന്‍ നിറവേറ്റി:-

നല്ല 'ചൂടുള്ള പൊറോട്ട' രണ്ടെണ്ണമെടുത്തിട്ട് ഒന്ന് മുനീറിനും നല്‍കി, ഞാനും കഴിച്ചു..
വിശപ്പൊന്നുമില്ലെങ്കിലും  ഒരു രസം അത്ര തന്നെ....

                                                                      പൊറോട്ട കഴിച്ച ശേഷം അടുക്കള ഭാഗത്ത്‌ ചെന്നു,  അവിടെ നിറയെ പെണ്ണുങ്ങളായിരുന്നു , ഉമ്മായും കുഞ്ഞുമ്മമാരും മാമിമാരുമൊക്കെയായി ഒരു ബഹളം തന്നെ!! അവര്‍ക്കിടയിലൂടെ ഞാനും മുനീറും മുന്‍വശത്തെ ഹാളിലെത്തി, അവിടെ മാമയും 'പുതിയ' മാമിയും പിന്നെ ബന്ധുക്കളായ കുറേ 'കാരണവന്മാരുമുണ്ട്'...
                                               അവര്‍ ഗൗരവകരമായ എന്തൊക്കെയോ പറയുന്നുണ്ട്... കുട്ടികള്‍ പന്തലില്‍ ഓടിക്കളിക്കുന്നു, മുന്‍വശത്തു കൂടെ കടന്നു പോകുന്ന റോഡിന്‍റെ വശത്ത് ഒതുക്കിയിട്ടിരിക്കുന്ന വധൂവരന്മാര്‍ സഞ്ചരിച്ച പുതിയ 'ടാറ്റാ ഇന്‍ഡിക്ക'  കാറില്‍ അലങ്കരിച്ചിരുന്ന ഒരൊറ്റ പൂവ് പോലും കാണാനില്ല!! രാവിലെ വണ്ടി അലങ്കരിക്കുമ്പോള്‍ ഞാനുമുണ്ടായിരുന്നു!!
പിള്ളേരുടെ കാര്യമൊന്നും പറയാതിരിക്കുകയാ ഭേദം...

                                           അവരോടുള്ള അമര്‍ഷം നുര പൊട്ടി നില്‍കുമ്പോള്‍ 'മണവാളന്‍ മാമ'യുടെ ശബ്ദം വന്നു കാതില്‍ മുഴങ്ങി...എത്ര ആള്‍ക്കൂട്ടത്തില്‍ നിന്നാലും സ്വന്തം പേര് ആരെങ്കിലും വിളിക്കുന്നത് കേട്ടാല്‍ ശ്രദ്ധിക്കുമല്ലോ!!!
"ബൈജൂട്ടാ..." 
( ഇങ്ങനെ വേറെയും പലരും എന്നെ വിളിക്കുന്നുണ്ട്, കുടുംബത്തിനു പുറത്തുള്ളവര്‍!! അവരോടു പറഞ്ഞോട്ടെ:- ഇത് എന്‍റെ കുടുംബത്തില്‍ മിക്കവരും വാത്സല്യത്തോടെ  വിളിക്കുന്ന പേരാണ് കേട്ടോ.... അങ്ങനെയൊരു സ്നേഹവും പരിഗണയും നിങ്ങളില്‍ നിന്നും കിട്ടുന്നതില്‍ ഒരുപാട് നന്ദി...നന്ദി...) 

" എടാ നീയെന്താ മാമിയെ മൈന്‍ഡ് ചെയ്യാത്തെ??"
ഞാന്‍ മാമിയെ നോക്കി ചിരിച്ചു! 

"ഞാന്‍ കണ്ടായിരുന്നു മാമാ...ഹാഹ്... പിന്നെ മിണ്ടാന്‍ പറ്റിയില്ലാ..."
ഒരു ചമ്മിയ മുഖഭാവത്തോടെ പറഞ്ഞൊപ്പിച്ചു!!

"ഇത് ഞങ്ങടെ മൂത്ത അക്കച്ചീടെ മോനാ......" ( 'അക്കച്ചി'യെന്നായിരുന്നു ഉമ്മായെ ഇളയ നാല് സഹോദരിമാരും ഈ സഹോദരനും വിളിച്ചിരുന്നത്!!) 

                                         മാമ ഓരോരുത്തരെക്കുറിച്ചും  ചെറിയ വിവരണങ്ങള്‍ തന്‍റെ 'ഭാര്യ'യോട്‌ പറഞ്ഞു കൊണ്ടിരിക്കുന്നത് വീക്ഷിച്ച എന്‍റെ മനസ്സില്‍ വന്നത്  'ചക്കിക്കൊത്ത ചങ്കരന്‍' എന്ന പഴമൊഴിയായിരുന്നോ???  ആയിരുന്നോ, എന്നല്ല ആയിരുന്നു സത്യം!!! 

പെട്ടെന്ന് പുറത്തു വണ്ടികള്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു...

" അവര്‍ വന്നു........." എന്നു പറഞ്ഞു എല്ലാവരും എഴുന്നേറ്റു!!!

ഞാനും മുറ്റത്തെ പന്തലിലേയ്ക്കിറങ്ങി...കുട്ടികളെല്ലാം എവിടെയോ പോയൊളിച്ചു!!!
രണ്ടോ മൂന്നോ ജീപ്പിലും കാറിലുമായി അവര്‍, വധുവിന്‍റെ ബന്ധുക്കള്‍ വന്നിറങ്ങി...

                                          ഗേറ്റിനു മുന്നില്‍ ഞാനുള്‍പ്പെടുന്ന സംഘം നില്‍പ്പുറപ്പിച്ചു...വരുന്നവരെ സ്വീകരിക്കുകയാണ്, പുതിയ ബന്ധുക്കളല്ലേ... 
വരുന്നവര്‍ക്ക് ഇരിക്കുവാനായി പന്തലില്‍ നാല് വരികളായി കസേരയും ടേബിളും നേരത്തേ നിരത്തിയിട്ടുണ്ടായിരുന്നു...
കുടിക്കുവാനുള്ള വെള്ളവും നേരത്തേ തയ്യാറാക്കിയിരുന്നു...

വരുന്നവര്‍ക്ക് കൊടുക്കുവാന്‍ എന്‍റെ വകയായി ഒരു നിറഞ്ഞ പുഞ്ചിരിയുമുണ്ടായിരുന്നു !!!

അപ്പോഴാണ്‌ ഒരു ജീപ്പിന്‍റെ പുറകില്‍ നിന്നും ഇറങ്ങുന്ന............................................................................

       ഇത് വായിക്കുന്നവര്‍ ഊഹിച്ചു കാണും ആരാണെന്ന്!!! അതേ അവള്‍ തന്നെ..നമ്മുടെ കഥാനായിക...എന്‍റെ പ്രണയിനി!!!!

                               റോഡിന്‍റെ മറുവശത്തായിരുന്നു ജീപ്പ് നിര്‍ത്തിയിരുന്നത്, റോഡ്‌ മുറിച്ചു കടക്കും മുന്‍പ് അവളും കൂടെയുണ്ടായിരുന്ന ഉമ്മായും കൂടെ ഇരുവശവും നോക്കി, ( അവര്‍ക്കറിയില്ലല്ലോ, ആണ്ടിലൊരിക്കല്‍ മാത്രം വരുന്ന രണ്ടു 'കെ എസ് ആര്‍ ടി സി'  ബസ്സല്ലാതെ വേറൊന്നും ഇതുവഴി അധികം പോകാറില്ലെന്ന്!!!! ) 
                   അവളുടെ വരവ് എന്നിലുണ്ടാക്കിയ മാനസികാവസ്ഥ എങ്ങനെ എനിക്ക് പ്രകടമാക്കണമെന്നറിയില്ല....അവിടെ വെച്ചു മനസ്സില്‍ വന്ന ഒരു മാപ്പിളപ്പാട്ട് ഇവിടെ കുറിക്കാം...

" തഞ്ചത്തില്‍ ചെറു തത്തകള്‍ കൊഞ്ചി, പുഞ്ചിരി തൂകുമ്പോള്‍....
  നെഞ്ചില്ലൊരു കിളി, ചിറകു വിരിച്ചിന്നിശലുകള്‍ പാടുന്നൂ..    
  മൊഞ്ചത്തീയിന്നരികില്‍ വന്നൂ...
  എന്‍ ഖല്‍ബില്‍ പൂക്കാലം....
  മുത്തേ മണിമുത്തേ... "....................................................

ഇശല്‍പ്പാട്ടില്‍ ലയിച്ചു പോയോ ഞാന്‍??? അവള്‍ അരികിലെത്തി... 

പെട്ടെന്ന് വിളി വന്നു...
"ടാ ബൈജൂട്ടാ...ഇങ്ങോട്ട് വന്നേ.... " 

'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പിന്‍റെ ബാപ്പ', അതായത് മുനീറിന്‍റെ ബാപ്പ, ഇഖ്‌ബാല്‍ കൊച്ചാപ്പ!!


"തന്തയും മോനും കൂടെ കച്ച കെട്ടിയിറങ്ങിയിരിക്കുകയാ, ബാക്കിയുള്ളോന്‍റെ  കഞ്ഞിയില്‍ പാറ്റയിടാനായി!!!" അറിയാതെ മനസ്സില്‍ പറഞ്ഞു പോയി...

ഞാന്‍ ഓടി അടുത്തേയ്ക്ക് ചെന്നു...

" ദാണ്ടെ, ലവന്മാരുടെ കൂടെ ഇതങ്ങോട്ട് വിളമ്പിയേ..." ഒരു വലിയപാത്രം കൈയ്യില്‍ പിടിപ്പിച്ച് തന്നു...ഞാന്‍ അതിലേയ്ക്ക് തുറിക്കുന്ന കണ്ണുകളുമായി നോക്കി...'പൊറോട്ട'!!!!!!!! 

" ആദ്യം രണ്ടെണ്ണം വീതമിട്ടാല്‍ മതി, പിന്നെ വേണോങ്കില്‍ ഇട്ടു കൊടുക്കാം...ഞാന്‍ പോയി കറി എടുത്തു വരട്ട്... " ഒരു ഉപദേശം കൂടെ തന്നു കൊച്ചാപ്പ പുറകു വശത്തേയ്ക്ക്  പോയി....

ആളുകള്‍ മുഴുവനായും ഇരുന്നിട്ടില്ല, കുറേപ്പേര്‍ വീട്ടിനകത്തെയ്ക്ക് കയറി, അടുക്കളയില്‍ ചെന്ന് ലോഹ്യം കൂടാനാകും! 

പ്രത്യേക ചടങ്ങുകളൊന്നും  ഇല്ലാത്തതിനാല്‍ ആദ്യമേ തന്നെ ആഹാരം കൊടുത്തു തുടങ്ങാമല്ലോ...

                                മനസ്സില്ലാ മനസ്സോടെ ഞാനും വിളമ്പു തുടങ്ങി...ഒരുത്തന്‍ ഇലയിട്ടു പോകുന്നു
( പ്ലാസ്ടിക്കിന്‍റെ ഇലയാണ് ! അതും അന്ന് പ്രചാരത്തില്‍ വന്നിരുന്നു...)

                                      ഞാന്‍ വളരെ ശ്രദ്ധയോടെ 'കിട്ടിയ പണി' ചെയ്തു തുടങ്ങി!! ഇലയിലും പൊറോട്ടയിലും മാത്രമായിരുന്നു കണ്ണ്, കാരണം കൃത്യം രണ്ടെണ്ണം എന്നല്ലേ പറഞ്ഞിട്ടുള്ളത്, അറിയാതെയെങ്ങാന്‍  മൂന്നെണ്ണമായിപ്പോയാലോ!! അന്നേ ഞാന്‍ ചെയ്യുന്ന ജോലിയോട് പൂര്‍ണ്ണ ആത്മാര്‍ഥത കാണിക്കുമായിരുന്നുവെന്നു മനസ്സിലായല്ലോ????..

ഇതിനിടെ, അവളെങ്ങോട്ടു പോയെന്നോ മറ്റോ ശ്രദ്ധിക്കുവാനുള്ള  സമയവും കിട്ടിയില്ല...

                                                   വിളമ്പി രണ്ടാമത്തെ നിര പകുതിയായപ്പോള്‍ പൊറോട്ട തീര്‍ന്നു, എന്‍റെ പുറകില്‍ തന്നെ ഇക്ബാല്‍ കൊച്ചാപ്പ മട്ടന്‍കറി വിളമ്പി വരുന്നുണ്ട്, അല്ലെങ്കിലും കറി വിളമ്പുന്നത് മുതിര്‍ന്നവര്‍ തന്നെയാകണം, അവരാകുമ്പോള്‍ ആളും തരവുമൊക്കെ നോക്കും...കുട്ടികള്‍ക്ക് കുറച്ച്,  മുതിര്‍ന്നവര്‍ക്ക് കൂടുതല്‍, ഇനി ഇഷ്ട്ടപ്പെടാത്ത വല്ല മുഖവുമാണെങ്കില്‍ 'ചാറ്' മാത്രം!!!

                 ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ത്തന്നെ നമ്മുടെ 'അവതാരം അമാനിക്ക' കുറച്ചപ്പുറത്ത് ഇട്ടിരിക്കുന്ന  ടേബിളിനു മുകളില്‍ ഒരു വലിയ പാത്രം ചുമന്നു കൊണ്ട് വന്നു വെക്കുന്നത് കണ്ടു!!! പൊറോട്ടയല്ലാതെ  മറ്റെന്താ...
ഞാന്‍ വേഗം ചെന്ന് എന്‍റെ കൈയ്യിലുള്ള പാത്രത്തില്‍ വീണ്ടും പൊറോട്ട വാരിയിട്ടു നിറച്ചു...

'വിളമ്പല്‍' തുടര്‍ന്നു!! 

                                           അങ്ങനെ അവസാനത്തെ നിരയിലെത്തി, ഏകദേശം പകുതിയോളമെത്തിയപ്പോള്‍ പൊറോട്ടയെടുത്ത് ഇടാന്‍ തുനിഞ്ഞപ്പോള്‍ കാണുന്നു അവിടെ ഇല ഇട്ടിട്ടില്ല....

ഇലയിട്ടു തീര്‍ന്നു വിജയശ്രീലാളിതനായി അപ്പുറത്ത് മാറി നില്‍ക്കുന്ന പയ്യനെ വളരെ മാന്യത തുളുമ്പുന്ന സ്വരത്തില്‍ വിളിച്ചു!!!

" ഡേയ്..." 

അവന്‍റെ പേരറിയാം, എന്നാലും 'ടാ ഷെമീറേ' എന്ന 'തനി വിളി' വിളിക്കാന്‍ തോന്നിയില്ല, ആളുകള്‍ എന്ത് വിചാരിക്കും!!! 

"വേണ്ട മൊനേ,  ഇവിടെ ഇലയിടണ്ടാ"... 
അതു പറഞ്ഞ ആളുടെ മുഖത്തേയ്ക്കു ഒന്നു 'ബ്രേക്കിട്ട്' തിരിഞ്ഞു നോക്കി...

                                   സത്യത്തില്‍ അത്രയും നേരം അവിടെ ആഹാരം കഴിക്കാന്‍ ഇരുന്ന ആരുടേയും മുഖത്ത് ഞാന്‍ നോക്കിയിരുന്നില്ല!! 
വീണ്ടും 'ഡിജിറ്റല്‍' ആയാലോ എന്നു ഭയപ്പെട്ടിട്ടാകണം!! 

                            അത് പറഞ്ഞത് വേറെയാരുമായിരുന്നില്ല, അതേ പച്ച സാരി, അവളുടെ ഉമ്മ, എന്‍റെ പ്രണയിനിയുടെ........
ഇനി അടുത്ത് പൊറോട്ട കഴിക്കാതെ ഇരിക്കുന്നത് ആരാണെന്നറിയണ്ടേ.........അവള്‍ തന്നെ!! നമ്മുടെ കഥാ നായിക!!!!
എന്‍റെ മുഖത്തേയ്ക്കു നോക്കി ആദ്യമായി പുഞ്ചിരി തൂകി!!
                                    എന്ത് ഭാവമാണ് എന്‍റെ മുഖത്ത് അപ്പോഴുണ്ടായതെന്ന് അറിയില്ല, ഒരു പക്ഷേ 'നവരസങ്ങള്‍' ഒന്നൊന്നായി വന്നു പോയിട്ടുണ്ടാകാം!!

                                                  പിന്നെന്തൊരു മിടുക്കനായിരുന്നു ഞാന്‍!!! എന്താ ഒരു സന്തോഷം...അവള്‍ ചിരിച്ചല്ലോ..ലോകം കീഴടക്കിയ അഭിമാനഭാവം!!!
                                   വേഗത്തില്‍ പൊറോട്ട വിളമ്പി തീര്‍ത്തു, ബാക്കി വന്ന പൊറോട്ടയും പാത്രവും നേരത്തേ കണ്ട ടേബിളിനു മുകളില്‍ വെച്ചു പതിയെ അവിടന്ന് മാറി!!! സിറ്റ് ഔട്ടിന്‍റെ  കുറച്ച് അപ്പുറത്തായി കുറേ ആളുകള്‍ നില്‍പ്പുണ്ട്, അവര്‍ക്കിടയില്‍ ഒരാളായി ചെന്നുനിന്നു.... 

കൈകള്‍ മലര്‍ത്തി നോക്കിയപ്പോള്‍ നിറയെ എണ്ണ!! പൊറോട്ടയല്ലേ  വിളമ്പിയത്... 

                                  ജീന്‍സ് പാന്‍റ്സിന് പുറകില്‍ രണ്ടു പോക്കറ്റുള്ളത് ഉപകാരമായി, ഇരുകൈകളും  അതിലേയ്ക്ക് ഇടിച്ചിറക്കി, എണ്ണ മയം പൂര്‍ണ്ണമായും ഒഴിവാക്കി!!!

               ആരും കാണാതെ തലമുടി കോതിയൊതുക്കി, ( ചീര്‍പ്പ് പോക്കറ്റില്‍ ഇല്ലാതെ വീട്ടില്‍ നിന്നും ഇറങ്ങില്ലല്ലോ...) 

അവളെ 'നന്നായി' കാണുന്ന രീതിയില്‍ നില്പുറപ്പിച്ചു...

                                          അതും അധികം നിലനിന്നില്ല, അവള്‍ അവിടിരുന്നു വീട്ടിനുള്ളില്‍ നില്‍ക്കുന്ന ആരോടോ ചിരിക്കുകയും കൈയ്യെടുത്തു കാണിക്കുകയും ചെയ്യുന്നു... ഞാന്‍ സ്വല്പം മുന്നോട്ടാഞ്ഞ്‌ സിറ്റ് ഔട്ടിനുള്ളിലൂടെ തല തിരിച്ച്  അകത്തേയ്ക്ക് നോക്കി...

                                                                   അത് നമ്മുടെ കുട്ടികളാണല്ലോ, മാമിയുടെ മകള്‍ ചിന്നുവും, കുഞ്ഞുമ്മായുടെ മക്കളായ മുംതാസും, സലുവുമൊക്കെയുണ്ട്...ഏകദേശം പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള ഒരുപാട് കുട്ടികളുണ്ട് അന്ന് കുടുംബത്തില്‍!! ( വീട്ടില്‍ ചിന്നുവെന്നും, സലുവെന്നും, അപ്പുവെന്നും, ഉണ്ണിയെന്നുമൊക്കെ വിളിക്കുമെങ്കിലും ഇവരുടെയൊക്കെ യഥാര്‍ത്ഥ പേരുകള്‍ വേറെയാണ് കേട്ടോ...സത്യത്തില്‍ അതൊന്നും എനിക്കും അറിയില്ലാ...)

                                        ഞാന്‍ വീണ്ടും കഥാനായികയെ നോക്കിയപ്പോള്‍ അവള്‍ ഉമ്മയോട് എന്തോ ചോദിക്കുന്നു, അവര്‍ തല കുലുക്കിയതും, അവിടുന്ന് എഴുന്നേറ്റു, വളരെ പ്രയാസപ്പെട്ടു ഒരു ടേബിള്‍ സ്വല്‍പ്പം നീക്കിയ ശേഷം പുറത്തു കടന്നു, വേഗത്തില്‍ നടന്നു വന്നു സിറ്റ് ഔട്ടിലൂടെ വീട്ടിനുള്ളിലേയ്ക്ക് കടന്നു...

            അവള്‍ അകത്തേയ്ക്ക് കടന്നതും, എന്‍റെ തലയില്‍ ഒരു ബള്‍ബ്‌ കത്തിജ്ജ്വലിച്ചു!!!

                                 കുറച്ച് നേരം അവിടെ 'നിലംതൊടാതെ' നിന്നു, എന്നിട്ട് പതിയെ സിറ്റ് ഔട്ടില്‍ കയറി, പിന്നെ തിരിഞ്ഞു നോക്കിയില്ല, ഒറ്റച്ചാട്ടത്തിനു ഹാളിനകത്ത്‌ കടന്നു...വെളിയില്‍ 'പൊറോട്ട' വീണ്ടും കൊടുക്കാന്‍ സമയം ആയിട്ടുണ്ട്, ആരുടെയെങ്കിലും കണ്ണില്‍പ്പെട്ടാല്‍  പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!!!

                                                ഹാളിനകത്ത്‌ ഒരാള്‍ പോലുമില്ല, അടുക്കളയില്‍ എത്തുന്നതിനു മുന്‍പായി ഒരു ഡൈനിംഗ് ഹാള്‍ ഉണ്ട്, അതിന്‍റെ ഇരുവശത്തുമായി ഓരോ മുറികളും, നേരെ പോയാല്‍ അടുക്കളയും...

                                ഞാന്‍ ഡൈനിംഗ് ഹാളില്‍ കടന്നു, വലതു ഭാഗത്തെ മുറിയില്‍ കുട്ടികളുടെ ബഹളം കേള്‍ക്കുന്നുണ്ട്, പഴയ രീതിയിലുള്ള വാതിലാണ്, മധ്യഭാഗത്ത്‌ നിന്നും ഇരു വശത്തേയ്ക്ക് തുറക്കുന്നത്!! അതില്‍ ഒരെണ്ണം മാത്രമേ തുറന്നിട്ടുള്ളൂ...

               അതിലൂടെ അകത്തു കിടക്കുന്ന കട്ടിലിന്‍റെ അറ്റത്തിരിക്കുന്ന അവളുടെ റോസ് നിറത്തിലുള്ള ചുരിദാര്‍ കണ്ടു...ഞാന്‍ എത്തി നോക്കി!! നെഞ്ചിടിപ്പ് വീണ്ടും വരുന്നു, തിരിച്ച് പോയാലോ എന്നു വിചാരിച്ചു നില്‍ക്കുമ്പോള്‍, മുംതാസ് എന്നെ കണ്ടു!!!

 " ഹയ്യൂ... ഇക്കാക്ക" എന്നെ കണ്ട സന്തോഷം കൊണ്ട് അവള്‍ വിളിച്ചു പറഞ്ഞതാണ് ...

എല്ലാ കുട്ടികളുടെയും അവളുടേയും ശ്രദ്ധ എന്നിലേക്കായി!!

                                          ഞാനൊന്നു ഞെട്ടാതെയിരുന്നില്ല...പക്ഷേ എന്ത് ചെയ്യാന്‍?? നമ്മുടെ കുട്ടികളുടെ മുന്നില്‍ വെച്ചു 'ചമ്മല്‍' കാണിച്ചാല്‍ ഇക്കാക്കക്ക് ഇതു വരെ കിട്ടിയിരുന്ന സ്ഥാനമാനങ്ങളെല്ലാം നഷ്ട്ടമാകും!!! രണ്ടും കല്‍പ്പിച്ചു അവര്‍ക്ക് പിടി കൊടുത്തു!!

ചിന്നു എഴുന്നേറ്റ് എനിക്കിരിക്കാന്‍ സ്ഥലം നല്‍കി...

                                     ഇപ്പോള്‍ ഞാന്‍ തേടി വന്നയാളും ഞാനും ഒരേ കട്ടിലിന്‍റെ ഇരു വശങ്ങളില്‍...നായികയും നായകനും ഒന്നിച്ചു കഴിഞ്ഞു, ഇനി രക്ഷയില്ല കൂട്ടരേ...

ഒരല്‍പം നിശബ്ദത...സലുവാണ് അതിനൊരു വിടുതല്‍ നല്‍കിയത്, അവള്‍ എന്നെ പരിചയപ്പെടുത്തി കൊടുത്തു!!

 "ഇതു ഞങ്ങളുടെ ഇക്കാകയാണ്, വല്ല്യുമ്മായുടെ  മോന്‍..." 

അങ്ങനെ വിശദീകരിക്കുമ്പോള്‍ എന്‍റെ ടെന്‍ഷനൊക്കെ മാറി കുറച്ച് ഉഷാറായിക്കഴിഞ്ഞിരുന്നു...

                         സലു പറയുന്നത് കേട്ട ശേഷം എന്‍റെ മുഖത്തേയ്ക്കു നോക്കി ഹൃദ്യമായ ഒരു പുഞ്ചിരി നല്‍കി അവള്‍...ഒരു നൂറായിരം പൂവ് വിരിഞ്ഞത് പോലെ തോന്നി എന്‍റെ മനസ്സില്‍ ആ നിമിഷം!!!
 ഇനിയെന്തായാലും ഒന്നു മിണ്ടുക തന്നെ...

" എന്താ........ പേര്........" 

                              എത്ര മയത്തിലാണ് എന്‍റെ ചോദ്യം, എന്‍റെ 'ഒലിപ്പിക്കല്‍' കേട്ടിട്ട് അവിടിരുന്ന കുട്ടികള്‍ വായ്‌ പൊളിച്ചിട്ടുണ്ടാകാം ... ഇത്തരമൊരു ഭവ്യമായ പെരുമാറ്റം ഇക്കാക്കയില്‍ അവര്‍ നേരത്തേ കണ്ടിട്ട് കൂടിയുണ്ടാകില്ല, ഹാഹ് ഇതെന്‍റെ ആദ്യ പ്രണയമല്ലേ.. അവരെന്തും വിചാരിച്ചു കൊള്ളട്ടെ.... 


" സുറുമി......" 

                        അവളുടെ ശബ്ദം ആദ്യമായി എന്‍റെ കാതുകളില്‍ വന്നടിച്ചു... സുറുമി.... സുറുമി...ദൂരെയെങ്ങോ നിന്നും വീണ്ടും വീണ്ടും അതിങ്ങനെ കേള്‍ക്കുന്നത് പോലെ തോന്നി... മനസ്സിന് എന്തെന്നില്ലാത്ത നിര്‍വൃതി...

                           ഇടയ്ക്കിടെ ജനാലയിലൂടെ അവള്‍ പുറത്തേക്കു നോക്കുന്നുണ്ട്, അതിലൂടെ നോക്കിയാല്‍ വെളിയിലിരുന്നു ആഹാരം കഴിക്കുന്നവരെ കാണാം, തന്‍റെ ഉമ്മ എഴുന്നേറ്റോ എന്നാകാം അവള്‍ നോക്കിയത്!!!

                                      കുടുംബത്തിലെ മൂത്ത ആള്‍ എന്‍റെ 'ഉമ്മ' ആയതിനാല്‍ കുട്ടികളിലും ഏറ്റവും മൂത്ത ആള്‍ ഞാന്‍ തന്നെയായിരുന്നു!! ആണ്‍ കുട്ടികള്‍ എല്ലാവരും പന്തലില്‍ വിളമ്പാനും മറ്റുമുള്ള തിരക്കിലാണ്, ഞാന്‍ മാത്രം മുങ്ങി,  
ചിന്നു, മുംതാസ്, സലു ഇവര്‍ മൂന്ന് പേരുമാണ് ഞാന്‍ കഴിഞ്ഞാല്‍ കുടുംബത്തില്‍ അല്പം മുതിര്‍ന്നവരും,ആ മുറിയില്‍ ഉണ്ടായിരുന്നവരും,  പിന്നെയുള്ളവരെല്ലാം തീരെ ചെറിയ കുട്ടികളാണ്!!

" ഇക്കാക്കാ, ഞങ്ങള്‍ 'അന്താക്ഷരി' കളിച്ചോണ്ടിരുന്നപ്പഴാ ഈ ഇത്താനെ കണ്ടത്, സലുവാണ് പറഞ്ഞത് ഇങ്ങോട്ട് വിളിക്കാമെന്ന്, അതാ ഞാന്‍ വിളിച്ചേ...നമുക്ക് അന്താക്ഷരി കളിക്കാം...." 

ചിന്നുവിന്‍റെ ആശയമാണ്...

                                        ശ്ശൊ ഈ പിള്ളേര്‍ എല്ലാം കുളമാക്കുന്ന ലക്ഷണമാണ്, 'അനുരാഗ വിലോചനനായി'രിക്കുന്ന ഞാനാണിനി 'അന്താക്ഷരി' കളിക്കാന്‍ പോകുന്നെ... 

                           കൈമുട്ട് തുടയില്‍ കുത്തി താടിക്ക് കൈ കൊടുത്തിരുന്ന ഞാന്‍, കൈയ്യെടുത്ത്‌ നെറ്റിയില്‍ തടവി...താല്പര്യമില്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അറിയാതെ പറ്റിപോകുന്ന ഒരു ശൈലിയാണിത്

 'സുറുമി' യുടെ ശബ്ദം വീണ്ടും എന്‍റെ കാതുകളിലെത്തി!!! അതെനിക്കൊരു സഹായമായിരുന്നു!!!

 " വേണ്ട, അത് വേണ്ടാട്ടോ..." 

" പിന്നെന്തു കളിക്കും ഇത്താ??" 

പൊതുവേ കുറച്ച് 'ഓവര്‍ സ്മാര്‍ട്ടായ' ചിന്നുവിന്‍റെ ചോദ്യം!!!

"നിനക്കൊക്കെ ഇവിടന്നൊന്നു ഇറങ്ങി പോകാമോ , ഈ ഞാനൊന്നു വളച്ചെടുക്കട്ടെ ഈ സുന്ദരിക്കുട്ടിയെ" ഇങ്ങനെ പറഞ്ഞു പോകാതിരിക്കാന്‍ ഞാന്‍ വല്ലാതെ നിയന്ത്രിക്കേണ്ടി വന്നു ...

" ഞാനൊരു 'ക്വസ്റ്റ്യന്‍'  ചോദിക്കാം...അതിന്‍റെ 'ആന്‍സ്വെര്‍' പറയാമോ?? " 
സലുവാണ് അതിന്‍റെ ആള്, അവളുടെ ഉമ്മ (എന്‍റെ മൂന്നാമത്തെ കുഞ്ഞുമ്മ ) ഹൈസ്കൂള്‍ ടീച്ചറാണല്ലോ!! 

           അപ്പോഴേക്കും എനിക്ക് അവിടുത്തെ അന്തരീക്ഷവുമായി ശരിക്കും പൊരുത്തം വന്നിരുന്നു...
സുറുമിയുടെ മുഖത്തേയ്ക്കു ഇടയ്ക്കിടെ കണ്ണ് പായിക്കാനും മറന്നില്ല...എന്‍റെ പ്രേമം പൂത്തുലയുന്ന നിമിഷങ്ങളല്ലേ...

സലു തുടര്‍ന്നു:- 

" ഒരാളുടെ പേരാണ് എനിക്കറിയേണ്ടത്, അതില്‍ നാല് ക്വസ്റ്റ്യന്‍റെ ആന്‍സ്വെര്‍ വരും!! ഈ നാല് ക്വസ്റ്റ്യന്‍ ഞാന്‍ ചോദിക്കാം.."
ക്വസ്റ്റ്യന്‍ നമ്പര്‍ വണ്‍  :-  രാത്രിയില്‍ വിരിയുന്ന പൂവ്?? 
                നമ്പര്‍   ടു :-   ക്രിസ്ത്യാനികളുടെ ദേവാലയം ??
                നമ്പര്‍    ത്രീ :-  സീതയുടെ ഭര്‍ത്താവ്?? 
                 നമ്പര്‍ ഫോര്‍ :- ഭൂമിയുടെ ഉപഗ്രഹം?? " 

ചോദ്യം മനസ്സിലായില്ലെങ്കിലും ചോദിക്കുന്നൊരു മറു ചോദ്യമുണ്ടല്ലോ, അതാണ്‌ 'ക്ലൂ'!! 
ക്ലൂ ചോദിച്ചത് മുംതാസ് ആണ്...
" ഹാഹ്... ഇതൊരു രാഷ്ട്രീയ നേതാവാണ്‌"  

    ആര്‍ക്കുമറിയില്ല, ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിപ്പിച്ചു...

ഞാന്‍ അല്‍പ്പനേരത്തേയ്ക്ക് മറ്റെല്ലാം മറന്നു ഈ ചോദ്യങ്ങളില്‍ മുഴുകി...

                           ആദ്യത്തെ ഉത്തരം 'മുല്ല'പ്പൂവ് ആണ്! രണ്ടാമത്തേത് 'ചര്‍ച്ച്' ആണ്, മൂന്നാമത്തേത് 'ശ്രീരാമന്‍', പിന്നെ 'ചന്ദ്രന്‍' ഞാന്‍ കണ്ടു പിടിച്ച ഉത്തരങ്ങള്‍ തന്നെ എല്ലാവര്‍ക്കും കിട്ടി....അത് സലു സമ്മതിക്കുകയും ചെയ്തു!! പക്ഷേ കിട്ടേണ്ട ഉത്തരം എന്നത് ഈ കിട്ടിയ ഉത്തരങ്ങളെല്ലാം അടങ്ങിയ ഒരു രാക്ഷ്ട്രീയ നേതാവിന്‍റെ പേരാണ്???? 

എല്ലാരും തല പുകഞ്ഞിരിക്കുമ്പോള്‍...

" മോളേ പോകണ്ടേ??" വാതില്‍ക്കല്‍ നിന്നും ഒരു ചോദ്യം വന്നു...സുറുമിയുടെ ഉമ്മ!! എന്നെ നോക്കി ഒരു ചിരിയും തന്നു...എന്‍റെ ഭാവി അമ്മായിയമ്മയാണെന്നൊക്കെ അന്ന് തോന്നിയിരുന്നു കേട്ടോ...

അവള്‍ എഴുന്നേറ്റു, ഞാനും! 

എല്ലാരേയും ഒന്നു കറങ്ങി നോക്കിയ ശേഷം  "പോട്ടെ ഞാന്‍ ??" എന്നു ചോദിച്ചു...

                         എന്തോ അവളുടെ ആ ചോദ്യം എന്നില്‍ ചെറിയൊരു നൊമ്പരമുണ്ടാക്കാതെയിരുന്നില്ല.... മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഒരു ചെറിയ പുഞ്ചിരി കൂടി എനിക്ക് തരാന്‍ മറന്നിരുന്നില്ല, പക്ഷേ വാതിലിനു പുറത്തു കാല്‍ കുത്തിയ അവള്‍ വീണ്ടും തിരിച്ച് മുറിയില്‍ കയറി...എന്നിട്ട് സലുവിന്റെ മുഖത്ത് നോക്കി: "എന്താണ് ഉത്തരം? " എന്നു ചോദിച്ചു...

ശരിയാണ് എല്ലാവരും അത് വിട്ടു പോയിരുന്നു ...

സലു ഉത്തരം പറഞ്ഞു:-
"മുല്ലപ്പള്ളി രാമചന്ദ്രന്‍" 

ഓര്‍ത്തു നോക്കിയാല്‍ സംഗതി ശരിയുമാണ്, എന്നാലും ഒന്നു കുഴക്കും...

ഹാഹ്... എന്തായാലും സമാധാനത്തോടെ തന്നെ നമ്മുടെ നായിക മടങ്ങുവാന്‍ പോവുകയാണ്...

എല്ലാവരും പുറത്തേയ്ക്ക് വരുന്നു...സ്ത്രീജനങ്ങള്‍ ഹാളിലും സിറ്റ് ഔട്ടിലുമായി നിറഞ്ഞു നില്‍ക്കുന്നു...
ഒരു ചെറിയ യാത്രയയപ്പാണ്...

                           എന്‍റെ ശ്രദ്ധ വേറെങ്ങുമായിരുന്നില്ല, അവള്‍, അവളില്‍ മാത്രം, ഇപ്പോഴും അവളുടെ കൂടെ നമ്മുടെ കുട്ടികള്‍ നില്‍പ്പുണ്ട്, എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുമുണ്ട്, ഉമ്മ വീണ്ടും വിളിച്ചപ്പോള്‍ അവരുടെ കൈയ്യില്‍ പിടിച്ചു കൊണ്ട് കുട്ടികള്‍ക്ക് നേരെ കൈ വീശിക്കൊണ്ട് അവളും യാത്രയാകുന്നു...

ഈ രംഗങ്ങള്‍ കണ്ടുകൊണ്ടു ഒരു കാമുക ഹൃദയം തേങ്ങുന്നുണ്ടായിരുന്നു !!

           ഗേറ്റിന്റെ മുകളില്‍ കൈ രണ്ടും വെച്ച് നിറഞ്ഞ മിഴികളോടെ ഞാന്‍ നിന്നു...
അവള്‍ ജീപ്പിന്‍റെ ഏറ്റവും പിന്നിലായിട്ടാണ് ഇരുന്നത്...
വാഹനങ്ങള്‍ മുന്നോട്ടു നീങ്ങി, അവളിരുന്ന ജീപ്പും...

ഞാന്‍ ഗേറ്റില്‍ നിന്നും കൈയ്യെടുത്ത്‌ ഒന്നു നെടുവീര്‍പ്പിട്ടു!! 

അപ്പോള്‍ ചിന്നു ഓടി എന്റടുത്തു  വന്നിട്ട്, ഒരു തുണ്ട് കടലാസ് വെച്ച് നീട്ടി...

"സുറുമിത്ത തന്നതാ ഇക്കാക്കാക്ക് തരാന്‍ പറഞ്ഞു..." 
ഞാന്‍ വാങ്ങി നിവര്‍ത്തി നോക്കി...

ഒരു ഫോണ്‍ നമ്പര്‍ ( ലാന്‍ഡ്‌ ഫോണ്‍ ) കൂടെ ഇങ്ങനെ എഴുതിയിരിക്കുന്നു
Don't Forget Me..please...

( ഈ കഥ ഇവിടെ അവസാനിക്കുന്നു...)  

No comments:

Post a Comment