Monday 24 January 2011

വണ്‍ഡേ ട്രിപ്പ്‌ ! Part - 1




എല്ലാവരേയും ഞാന്‍ എന്‍റെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയാണ്....

                        അവിടെ ഞാന്‍ കിടക്കുന്ന മുറിയില്‍ ഒരു വലിയ പെട്ടി കാണാം, പണ്ട് ബാപ്പ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്നതാണ്‌. അതില്‍ വളരെയേറെ വിലപ്പെട്ട ചില വസ്തുക്കളുണ്ട് ! 

                      പഴയ കാലത്തെ കുറേ നല്ല ഓര്‍മ്മകളെ ഉണര്‍ത്തുന്ന ഫോട്ടോകള്‍ ഉള്‍പ്പെട്ട ആല്‍ബം,
നടക്കുമ്പോള്‍ ലൈറ്റ് കത്തുന്ന കുഞ്ഞ് ചെരുപ്പ് ( ഒരെണ്ണമേയുള്ളൂ, മറ്റേതു നശിച്ചു പോയി - ഇതില്‍ ലൈറ്റ് ഇപ്പോഴും കത്തുന്നുണ്ടോ എന്ന് ചോദിച്ചാലും ഞാന്‍ കുഴയും !  )
പിന്നെ ഒന്നു രണ്ട് കുഞ്ഞുടുപ്പുകള്‍ അങ്ങനെ പലതും
( ഉമ്മയാണ് ഇതിന്‍റെയൊക്കെ കാവലാള്‍ കേട്ടോ...)

                                     കുറഞ്ഞത് ഏഴ് വര്‍ഷമായിട്ടുണ്ടാകും, ഇതിനെയെല്ലാം വെല്ലുന്ന ഒന്ന് അതില്‍ കയറിപ്പറ്റിയിട്ടുണ്ട്, ഉമ്മ നിധി പോലെ അതില്‍ സൂക്ഷിക്കുന്ന ഒന്ന്!

 'ടുക്സിടോ' എന്നൊരു ഇംഗ്ലീഷ് ചിത്രത്തില്‍ ജാക്കിചാന്‍ ധരിക്കുന്ന ഒരു വസ്ത്രമുണ്ടല്ലോ, ഒരുപാട് പ്രത്യേകതകളുള്ള വസ്ത്രം !
ഇതും അങ്ങനെ കുറെയേറെ പ്രത്യേകതകളുള്ള ഒരു വസ്ത്രമാണ്, 

അതിനെ നാം 'ബര്‍മ്മൂട' എന്ന് വിളിക്കും, എന്‍റെ ഭാഷയില്‍ 'വള്ളിനിക്കര്‍'...

                          വെറുതെ എന്തായാലും അതിനിത്രേം പ്രാധാന്യമുണ്ടാകില്ലല്ലോ, അതൊരു വലിയ സംഭവമാണ്...വിശദീകരിക്കട്ടെ....

                                  കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് കോഴ്സ് കഴിഞ്ഞു സുഹൃത്ത്‌ സുല്‍ഫിക്കറിന്‍റെ കമ്പ്യൂട്ടര്‍ സെന്‍ററില്‍ പഠിപ്പിക്കാന്‍ കയറിയ സമയം...

                               അദ്ധ്യയന വര്‍ഷം തീര്‍ന്നു രണ്ട് മാസം സ്കൂളുകള്‍ അവധിയായതിനാല്‍ കുട്ടികള്‍ ധാരാളമുണ്ടായിരുന്നു ...  എനിക്കൊരു പ്രാക്ടീസ്, സുല്‍ഫിക്കറിനൊരു  സഹായം അത്രയേ ഈ അധ്യാപക വേഷത്തിലുണ്ടായിരുന്നുള്ളൂ കേട്ടോ...

                      സ്കൂളുകള്‍ തുറക്കും മുന്‍പ് തന്നെ കോഴ്സ് തീര്‍ത്തു, അവരെ പുനലൂര്‍ കൊണ്ട് പോയി എക്സാം എഴുതിച്ചു ( അവിടെയായിരുന്നു എക്സാം സെന്‍റര്‍). 

                          സ്കൂള്‍ തുറക്കും മുന്‍പ് എല്ലാ വര്‍ഷവും കുട്ടികളോടൊപ്പം ഒരു ട്രിപ്പ്‌ ഉണ്ടാകാറുണ്ട്.. ഒരു ദിവസത്തേയ്ക്ക് എവിടെയെങ്കിലും പോയി ഒന്ന് അടിച്ചു പൊളിക്കും. 

ആ വര്‍ഷം നമ്മള്‍ പദ്ധതിയിട്ടത് 'സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍' പോകാനായിരുന്നു...

                                    ടൂറിസ്റ്റ് ബസ്‌ ബുക്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് അറിയുന്നത് പഠിച്ചിരുന്ന എല്ലാ കുട്ടികള്‍ക്കും വരാന്‍ കഴിയില്ലെന്നുള്ള വസ്തുത!
                      എന്നാലും വന്നവര്‍ മിക്കവരും അവരുടെ രക്ഷിതാക്കളെയും കൂട്ടിയതിനാല്‍ കുറെയേറെ സീറ്റുകള്‍ നിറഞ്ഞു, എന്നിട്ടും കുറേ സീറ്റ് കാലി വരുന്നു!
അങ്ങനെ കാലിക്ക് പോകുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ച്, സുല്‍ഫിക്കര്‍ അവന്‍റെ സഹോദരിയെ കൂട്ടി വരാമെന്നേറ്റു, 

                       ഞങ്ങളുടെ കൂടെ പഠിപ്പിച്ചിരുന്ന ഷീജ അവളുടെ ഭര്‍ത്താവ് പോലീസുകാരനെക്കൊണ്ട് ഒരു ദിവസം ലീവ് എടുപ്പിച്ചു, ...

                                            അപ്പോള്‍ ഞാന്‍ എന്ത് ചെയ്തെന്നോ എന്‍റെ കളിക്കൂട്ടുകാരനും അയല്‍വാസി ( നോട്ട് എ ദരിദ്രവാസി - 'ഇപ്പോള്‍' ) യുമായ 'കണ്ണനെ' വിളിച്ചു വരുത്തി...

( യഥാര്‍ത്ഥ പേര് വേറൊന്നാണ്‌, എല്ലാവരും 'കണ്ണന്‍' എന്ന് വിളിക്കുമ്പോള്‍ ഞാനും അങ്ങനെ തന്നെ വിളിക്കണമല്ലോ...)

'ഓസിനു' കിട്ടിയാല്‍ 'ആസിഡ്' വരെ കുടിച്ചുകളയും എന്ന് പറഞ്ഞ് നടക്കുന്ന കാലം!!!

അവന്‍ പറന്നു വന്നു...

                                          പറന്നു വന്നു എന്ന് പറയുന്നതാണ് ഉത്തമം ! എന്നെയും കണ്ണനെയും ഒരുമിച്ചു കണ്ടാല്‍ പോസിറ്റീവും നെഗറ്റീവുമാണെന്ന് പലരും പറഞ്ഞ കേട്ടിട്ടുണ്ട്! 

                 അത്രയും 'ലോല്‍' ആണവന്‍, എന്ന് പറഞ്ഞാല്‍ മെലിഞ്ഞു അസ്ഥിപഞ്ചരമായ കോലം!
അത് കൊണ്ടാണല്ലോ സ്കൂള്‍ കലോത്സവങ്ങളില്‍ ഫാന്‍സി ഡ്രസ്സ്‌ മത്സരത്തിനു അവനെ കടത്തി വെട്ടാന്‍ മറ്റാര്‍ക്കും കഴിയാത്തത്.

                           കറുപ്പു നിറമുള്ള ഇറുകിപ്പിടിച്ച വസ്ത്രത്തില്‍ വെള്ളപെയിന്റ് കൊണ്ട് അസ്ഥികള്‍ വരച്ചു ചേര്‍ത്ത്  'അസ്ഥികൂടമായി' നില്‍ക്കുന്നത് കണ്ടാല്‍ ആരുമൊന്നു ഞെട്ടുമായിരുന്നു!!!       

അങ്ങനെ ഞങ്ങള്‍ 'അടിച്ചുപൊളി' ബസ്‌ യാത്രയ്ക്ക് ശേഷം സില്‍വര്‍ സ്റ്റോമില്‍ എത്തിച്ചേര്‍ന്നു...

അവിടെ നിന്നുമാണ് നമ്മുടെ കഥയുടെ വഴിത്തിരിവായ 'ബര്‍മ്മൂട' വാങ്ങിയത്! 
                                         ഉണങ്ങിപ്പിടിച്ച സിമന്‍റിന്‍റെ 'നിറ'മാണ് മുന്നിലും പിന്നിലും, വലതും ഇടതും വശങ്ങളിലായി വെള്ള നിറത്തില്‍ കറുപ്പ് അക്ഷരത്തില്‍ നൈക്( NIKE ) എന്നെഴുതിയിട്ടുണ്ട്, 

                ധരിച്ചപ്പോള്‍ മുട്ടിനു താഴെ സൈക്കിളിന്‍റെ 'ചേറു താങ്ങി' പോലെ അങ്ങോട്ടുമിങ്ങോട്ടും പാറിക്കളിച്ചു!! 

                                   കൂടെയൊരു മഞ്ഞ ടീ ഷര്‍ട്ടും വാങ്ങി ( കോളര്‍ ഇല്ലാത്തതിനെ ടി-ഷര്‍ട്ടെന്നും കോളര്‍  ഉള്ളതിനെ പോളോ-ഷര്‍ട്ടെന്നും അല്ലേ പറയുക, ആണോ ആവോ??)  
                ധരിച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഇതിലും ഭേദം ഇതു ധരിക്കാത്തതായിരുന്നുവെന്ന്‍! 
എന്തെന്നാല്‍ അത് തീരെ മൃദുലമായി കണ്ണാടി പോലെ എന്‍റെ ശരീരം പുറത്തു ദൃശ്യമാക്കിയിരുന്നു !! 

                         കണ്ണന്‍ എന്നെപ്പോലെ കൈയും വീശിയല്ല വന്നത്, അവന്‍ പാര്‍ക്കിനുള്ളില്‍ ധരിക്കേണ്ട വസ്ത്രമെല്ലാം വീട്ടില്‍ നിന്നും കരുതിയിരുന്നു. 

      തന്‍റെ 'വിറകുകൊള്ളി' പോലുള്ള കാലുകളില്‍ ആരെങ്കിലും 'കണ്ണ് തൊടും' എന്ന് കരുതിയിട്ടാവാം ബര്‍മ്മൂട കൊണ്ട് വരാതെ പാന്റ്സ് കൊണ്ട് വന്നത്! 
അതും കുറേ വള്ളിയും പുള്ളിയുമോക്കെയുള്ള ഒരു 'ഞെരിപ്പ്' പാന്റ്സ്, 

            മഞ്ഞ ടി-ഷര്‍ട്ട് അവനുമുണ്ടായിരുന്നു, പക്ഷേ അതിന്‍റെ മുന്നിലും പിന്നിലും 'രാംകോ സിമന്റ്' എന്നെഴുതിയിരുന്നു...

" എവിടെ നിന്നു പൊക്കി അളിയാ" എന്‍റെ കളിയാക്കല്‍ അവനു രസിച്ചില്ല...

" ഇതെന്‍റെ മാമന്‍ തന്നതാ, നിന്റേതു പോലെ ഡ്യൂപ്ലിക്കേറ്റ്‌ അല്ലാ.. ഇതേ ഒറിജിനലാ..."

                      കണ്ണന്‍റെ ശരീരം പോലെ, മനസ്സും ലോലമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി, എന്നേക്കാള്‍ ധൈര്യശാലിയാണ് അവന്‍, പിന്നെ നല്ല വാക്സാമര്‍ധ്യവും...

പക്ഷേ എന്തിനാണ് അവനെ മറ്റു കൂട്ടുകാര്‍ 'ചുണ്ടെലി' എന്ന് വിളിക്കുന്നതെന്ന് എനിക്കറിയില്ല കേട്ടോ...  

അങ്ങനെ ഞങ്ങള്‍ സില്‍വര്‍ സ്റ്റോമില്‍ 'വിളയാട്ടം' ആരംഭിച്ചു...

                    എല്ലാവരും ചെറിയ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞു, ഇവരിലൊന്നും പെടാതെ ഞാനും കണ്ണനും ഒരുമിച്ച് ആദ്യം ചെന്നെത്തിയത്  'റ' ആകൃതിയെ തിരിച്ചിട്ടു കുറച്ച് നിവര്‍ത്തിയിട്ടാല്‍ എങ്ങനിരിക്കും?? 
അതുപോലൊരു റൈഡിലാണ്... 
             അതില്‍ റെയില്‍പാളം പോലെയുള്ള വീഥിയുണ്ട്, ഈ പാളത്തിലൂടെ സഞ്ചരിക്കുന്ന നാലോ ആറോ(ഓര്‍മ്മ വരുന്നില്ല ) ആളുകള്‍ക്ക് ഇരിക്കാവുന്ന ഒരു വണ്ടിയുമുണ്ട്!!! 

                                    ഇപ്പോള്‍ വണ്ടി അതിന്‍റെ ഒത്ത മധ്യത്തില്‍ ആളുകള്‍ കയറുവാന്‍ വേണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. 

ഞങ്ങള്‍ കയറി! ബെല്‍റ്റ്‌ പിടിച്ചിടുമ്പോള്‍ കണ്ണന്‍ എന്‍റെ മുഖത്ത് വിരല്‍ ചൂണ്ടി ഒരു ഡയലോഗ് :-

"ദേ ഇതിലൊക്കെ വലിഞ്ഞു കേറുന്നയൊക്കെ  കൊള്ളാം, കെടന്നു കാറി വിളിക്കല്ല് ! താഴെ പെമ്പിള്ളേരു നില്‍പ്പോണ്ട്, മാനം കളയല്ല്, പറഞ്ഞേക്കാം" 

              ഞാന്‍ അവനോട് ശരിയെന്നു പറഞ്ഞ് തല കുലുക്കുമ്പോള്‍ നേരിയ അമ്പരപ്പും ഉണ്ടായിരുന്നു !

           അങ്ങനെ വണ്ടി നീങ്ങി തുടങ്ങി, പതിയെ മുകളിലെത്തി ആ ചരിവില്‍ ആരോ താങ്ങി നിര്‍ത്തും പോലെ നിന്നു! 
                             ഞാന്‍ മുന്നിലെ കമ്പിയില്‍ മുറുകെ പിടിച്ചു! ബെല്‍റ്റ്‌ ഇല്ലെങ്കില്‍ താഴെ വീണത്‌ തന്നെ, അവിടിരുന്നു നോക്കിയാല്‍ പാര്‍ക്കിനു വെളിയില്‍ കിടക്കുന്ന ഞങ്ങള്‍ വന്ന ബസ്‌ ഉള്‍പ്പെടെ ആയൊരു പ്രദേശം മുഴുവനും കാണാമായിരുന്നു!!

പെട്ടെന്ന് ഇതിലുണ്ടായിരുന്ന 'പിടുത്തം' വിട്ടതുപോലെ താഴേയ്ക്ക് കുതിച്ചു, 

കണ്ണന്‍ പറഞ്ഞത് പോലെ കാറി വിളിച്ചില്ല, പക്ഷേ ഇത്രേം പറഞ്ഞത് ഓര്‍ക്കുന്നു :-

" എടാ ഇതിന്‍റെ നട്ടും ബോള്‍ട്ടും ഊരിപ്പോയെന്നാ തോന്നുന്നേ...."

പിന്നീട് അവന്‍റെ ശബ്ദം കേട്ടതേയില്ല...

ഞാന്‍ അവനോട് നില വിളിക്കില്ലായെന്നു തലയാട്ടി സമ്മതിച്ചത് വെറുതെയായി....

"ആആആ...ഹൂ.... ന്ടമ്മൂ.... " എന്നിങ്ങനെ എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചു !!

വണ്ടി പുറകിലോട്ടും മുന്‍പോട്ടും അതി ശക്തമായി ഓടിക്കൊണ്ടേയിരുന്നു....

എങ്ങനെയെങ്കിലും ഇതൊന്നു നിന്നു കിട്ടിയാല്‍ മതിയെന്നായി...

                    നിലവിളിയൊക്കെ നിന്നു, പല്ലും കടിച്ചു കണ്ണുകള്‍ ഇറുക്കിയടച്ച് തല ഒരു വശത്തേയ്ക്ക് ചരിച്ചു പിടിച്ചു ഞാന്‍ 'ആസ്വദിച്ചു'!!!

അവസാനം പഴയ സ്ഥലത്ത് വന്നു നിന്നു!!

കണ്ണനും ഞാനും ബെല്‍റ്റഴിച്ച് പുറത്തിറങ്ങി...

                                              നേരെ നില്‍ക്കാന്‍ വയ്യാ ചെറിയൊരു കുഴച്ചില്‍ ഉണ്ട്, എന്നാലും മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു ( രക്ഷപെട്ട സന്തോഷം )...

കൂടെ നില്‍ക്കുന്ന കണ്ണന്‍റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് :-

"അളിയാ, സുപ്പെര്‍ ആയിരുന്നെടാ...ഒക്കുമെങ്കില്‍ ഒന്നൂടെ കേറണം, നിന്നെ സമ്മതിച്ചുട്ടോ, എന്നെപ്പോലെ കാറി വിളിച്ചില്ലല്ലോ...ഹി ഹി ഹി  "

ഇതു പറയുമ്പോള്‍ ആ മുഖത്ത് ഒരു ഭാവവ്യത്യാസവും വരുന്നില്ല...ചുണ്ടുകള്‍ കൂട്ടിപ്പിടിചിട്ടുണ്ട്...

എന്തോ പന്തികേട്‌ മണത്തു!

"ഡാ കണ്ണാ"   

വിളിച്ചു തീര്‍ന്നില്ല, അതിന് മുന്‍പേ എന്നെ പിടിച്ചു തള്ളിക്കൊണ്ട് അവനതാ മുന്നിലേയ്ക്ക് ഒരു മുഴുനീളന്‍ 'വാള്‍ വെയ്ക്കുന്നു'...
അതെ അവന്‍ എല്ലാ കേടുപാടുകളും ശര്‍ദ്ദിച്ചു പുറം തള്ളി!!

കണ്ണന്‍ പറഞ്ഞത് പോലെ തന്നെ പെണ്‍പിള്ളേര്‍ അവിടുണ്ടായിരുന്നു, കാണുകേം ചെയ്തൂ...

                          കുറച്ച് നേരം കഴിഞ്ഞു കണ്ണന്‍ അതില്‍ നിന്നും മോചനമാകാന്‍,  ശര്‍ദ്ദിച്ചത് അവനു പ്രശ്നമായിരുന്നില്ല, പെണ്‍പിള്ളേര്‍ കണ്ടതായിരുന്നു എന്‍റെ കണ്ണനെ വേദനിപ്പിച്ചത്!!   

ഇതു കണ്ണന്‍റെ ഐറ്റം നമ്പര്‍ വണ്‍

ഇനി നമ്പര്‍ ടുവിലേയ്ക്ക് പോകാം...

അത് ഡാന്‍സിംഗ് ഹാളാണ്!!

           പലകകള്‍ കൊണ്ടുറപ്പിച്ച തറയില്‍ നിന്നും വെള്ളം ചീറ്റുന്നുണ്ടായിരുന്നു, അതായത് ഡാന്‍സും ചെയ്യാം കൂടെ 'കുളിയും' നടക്കും...

              'മന്മഥ രാജാ, മന്മഥ രാജാ' ധനുഷിന്‍റെ തട്ട് പൊളിപ്പന്‍ പാട്ടില്‍ കുഞ്ഞന്‍ നമ്പ്യാരുടെ 'ഓട്ടന്‍ തുള്ളല്‍' നടത്തിയാല്‍ എങ്ങനെയിരിക്കും??

ആടിത്തിമിര്‍ക്കുന്ന 'മാന്യമഹാജനങ്ങളെ' കണ്ടു ഞാന്‍ വാ പൊളിച്ചു പോയി!

      അങ്ങനെ നില്‍ക്കുമ്പോഴുണ്ട്, എന്‍റെ മുന്നിലൂടെ രണ്ട് കൈകള്‍ ഇരു വശത്തേയ്ക്കും പക്ഷികളുടെ ചിറകു പോലെ വിടര്‍ത്തി തുള്ളിച്ചാടി ഒരാള്‍ പോകുന്നു !

അതെ, നമ്മുടെ കണ്ണന്‍!! അതൊരു ഡാന്‍സ് തന്നെയായിരുന്നു, ഒരു 'ഒന്ന്ഒന്നര' ഡാന്‍സ്,
അത് കണ്ടപ്പോള്‍ അത്രേമൊന്നും വരില്ലെങ്കിലും ഞാനും തുള്ളിച്ചാടി തുടങ്ങി!!

മന്മഥ രാജായില്‍ മതിമറന്ന് ഉറഞ്ഞു തുള്ളുന്ന കണ്ണന്‍റെ അടുത്ത് ചെന്നു ഞാന്‍ ചോദിച്ചു:- 

"ടാ കണ്ണാ, ഇതെന്തു ഡാന്‍സാടാ ? "

"അളിയാ, ഇതിന്‍റെ പേരാണ് 'ടപ്പാന്‍ കൂത്ത്' അടിച്ചു പൊളിയെടാ നോക്കി നില്‍ക്കാതെ"

ഇതു പറഞ്ഞ് തീര്‍ന്ന കണ്ണനെ പിന്നെ എനിക്ക് കിട്ടിയില്ല...

ഒടുവില്‍ പാട്ട് തീര്‍ന്നു, അടുത്തതൊരു ഹിന്ദി പാട്ട് ആയിരുന്നു!!! 

          മന്മഥ രാജയുടെ സുഖമില്ലാത്തതിനാലാകാം ആളുകളുടെ ആവേശത്തിന്‍റെ ആഴമൊന്നു കുറഞ്ഞു ! 

പക്ഷേ അപ്പോഴും ഒരാള്‍ മാത്രം തുള്ളിക്കൊണ്ടേയിരുന്നു , തന്‍റെ ടപ്പാന്‍ കൂത്തുമായി കണ്ണന്‍ !!!

            കാലുകളില്‍ സ്പ്രിംഗ് ഘടിപ്പിച്ചിട്ടുണ്ടോയെന്നു തോന്നുന്ന അഭ്യാസം, അത് നോക്കി നിന്ന മറ്റുള്ളവര്‍ എന്തിനോട് ഉപമിച്ചു, എന്നെനിക്കറിയില്ല, 

പക്ഷേ ഞാന്‍....... വെള്ളത്തില്‍ നീന്തി തുടിക്കുന്നതിനിടെ കരയില്‍ എടുത്തിട്ട 'നെത്തോലി' മീനിനോട് ഉപമിച്ചു.

ഒരു വിധത്തിലാണ് അവനെ അവിടെ നിന്നും മോചിതനാക്കിയത് !!

വെള്ളം നനഞ്ഞ ശേഷം എന്‍റെ മഞ്ഞ ടി-ഷര്‍ട്ടിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ, അത് പൂര്‍ണ്ണമായും ശരീരവുമായി ഒട്ടിച്ചേര്‍ന്നു പോയി...
( ഇതൊന്നു ഓര്‍ത്തിരിക്കണേ...)

പിന്നെ ഞാനും കണ്ണനും പോയത് നേരേ കൃത്രിമ കടലിലേയ്ക്കാണ്  ! 

അവിടെ തിരമാലകള്‍ പൊങ്ങി വരുന്നതിനൊപ്പം നീന്തിക്കളിക്കാന്‍ എന്ത് രസമാണെന്നോ.....

( Next part will come soon... )

No comments:

Post a Comment