Monday 11 July 2011

ഇരുള്‍ മറച്ച പ്രണയം !



ഇനിയെന്തു നല്‍കി പുണരും സഖീ...
വിടരുന്ന മിഴിയില്‍ നനവാകുമോ? ?

പതിവായിയോര്‍മ്മ മറയും നിഴല്‍,
പതിയുന്ന രാവുകള്‍ മൗനമോ...

വെറുതേ കുറിയ്ക്കുന്ന വരികള്‍  തരും
മനതാരു വിങ്ങും നോവുകള്‍...   

മലര്‍വീണ പാടുന്ന സന്ധ്യയില്‍
മഴനൂലു പോലെന്നോര്‍മ്മകള്‍ 
പതിയുന്ന മണ്ണും തേങ്ങിയോ,
വിരഹാര്‍ദ്രമായെന്‍ നൊമ്പരം !

പുതുമഞ്ഞു വീണ പൂഞ്ചോലയില്‍ 
പതിയാതെ പോയ കാല്‍പ്പാടുകള്‍ 
വിതുമ്പുന്ന നെഞ്ചിന്‍ ഗദ്ഗദം,
അറിയാതെ യാമം മൂകമായി ! 

വെയില്‍കാറ്റ് ചുംബിച്ച പൂവുകള്‍-
വിറയാര്‍ന്നു വീഴുമീ വീഥികള്‍,
വിട ചൊല്ലി നോവിന്‍റെ താരകം -
അലയുന്നയാത്മാവ് സാക്ഷിയായി ! 

കാത്തിരിപ്പ്‌ !!!


വിരുന്നെത്താന്‍ പാട്ടുകാരി -
വരുന്നെന്നെന്‍ വീണ ചൊല്ലീ...
വസന്തങ്ങള്‍ വാനിലാകെ,
പരത്തുന്നൂ നിന്‍ സുഗന്ധം ! 

ചിത്രവര്‍ണ്ണ ഗോപുരത്തിന്‍ -
ചൈത്രവാതില്‍ നീ തുറക്കേ,
ചുറ്റിലും പറന്നുയര്‍ന്നാ-
ചിത്രശലഭം കൗതുകം ! 

വെണ്മണിപ്രാവിന്‍റെ കാതില്‍-
വെള്ളിനൂലില്‍ കോര്‍ത്ത ലേഘനം,
വെണ്ണിലാവുദിച്ചുയര്‍ന്നാലെ -
ന്നിലെത്തും നീ പറഞ്ഞാല്‍....

പുലരി വന്നാല്‍ പുതുമ നല്‍കീ-
പുണര്‍ന്നു പോകും ചെമ്പകം !
പൊഴിഞ്ഞു വീഴും മഞ്ഞു തുള്ളിയില്‍ -
പുളകമാകും നിന്‍ ചിരി !

പ്രണയിനീ നിന്‍ വരവിനായീ -
ഹൃദയമെന്നും തുടിച്ചു നില്‍ക്കൂ.
പ്രണയരാഗം കേട്ടു ഞാനീ-
സന്ധ്യയില്‍ നിറദീപമായി...