Thursday 20 January 2011

കൊഞ്ഞനം കുത്തുന്നത് കുറ്റമാണോ??



    തമാശയായി കുഞ്ഞുന്നാളില്‍ കാട്ടിക്കൂട്ടുന്ന ഒരു വികൃതിയായിരുന്നു കൊഞ്ഞനം കുത്തല്‍... പക്ഷേ ഈയിടെ അറിയാതെ അത് ഒന്നുകൂടെ പ്രയോഗിച്ചതിനാല്‍ മുള്‍മുനയില്‍ നില്‍ക്കേണ്ടി വന്ന ഒരു അവസ്ഥ  എനിക്കുണ്ടായി...  അതൊന്നു വിവരിച്ചോട്ടെ...

ഈ കഥയും നടന്നത് സൗദി അറേബ്യയില്‍ ആണെന്നത് ആദ്യമേ ഉണര്‍ത്തുന്നു....

അറബിനാട്ടിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലെ കുട്ടികളുടെ സ്വഭാവത്തെക്കുറിച്ച് പറയുവാനാണെങ്കില്‍ ഒരുപാടുണ്ട്...അവരുടെ കല്ലേറും ചീത്ത വിളിയും കിട്ടാത്ത പ്രവാസികള്‍ ചുരുക്കമെന്നു പറയാം...

                                                        ഞാന്‍ ആദ്യമായി സൗദിയില്‍ വന്ന സമയം, ഒരു തെരുവില്‍ കുറെയേറെ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നു... വാഹനങ്ങള്‍, ആളുകള്‍ ഒക്കെയും കടന്നു പോകുന്നു...അതൊന്നും വക വെയ്ക്കാതെ തകര്‍പ്പന്‍ കളി നടക്കുന്നു...അതില്‍ കുഞ്ഞുകുട്ടികള്‍  മുതല്‍ അല്പം മുതിര്‍ന്നവര്‍ വരെയുണ്ട്, പണ്ട് തെന്മല ടൂറിനു പോയപ്പോള്‍ കണ്ട വാനരപ്പടയെ ഓര്‍മ്മ വന്നുപോയി!!!
അവര്‍ക്കിടയിലൂടെ പതിയെ മുന്നോട്ടു നീങ്ങുമ്പോള്‍ കൃത്യം തലയില്‍ തന്നെ 'ഫുട്ബോള്‍' വന്നു പതിച്ചു!! പെട്ടെന്ന് കയറി പിടിച്ചതിനാല്‍ മുഖത്തിരുന്ന കണ്ണട തെറിച്ചു പോയില്ല!!! 
                                             ഗോള്‍ അടിക്കുന്നതിനേക്കാള്‍ സന്തോഷമാണ് അവര്‍ക്ക് അജ്നബിയുടെ(വിദേശി) തലയ്ക്കു അടിച്ചു കൊള്ളിച്ചാല്‍, എന്നെനിക്കു അവരുടെ പ്രകടനം കണ്ടപ്പോള്‍ മനസ്സിലായി!!!  
       വേഗം തന്നെ അവിടം കടന്നു, അറിയുന്ന പ്രാക്കുകളെല്ലാം പ്രാകി മുന്നോട്ടു നടന്നപ്പോള്‍ ഒരു മലയാളിയെ കിട്ടി...ഇക്കാര്യം പറഞ്ഞു സങ്കടപ്പെട്ടു!!! 

" അവര്‍ ഒറ്റ തന്തയ്ക്കു പിറന്നവരാ.... അവര്‍ അങ്ങനെയേ കാണിക്കൂ..." എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ആദ്യം എനിക്ക് മനസ്സിലാകാതെ ഇയാളെന്താ അവരെ ന്യായീകരിക്കുകയാണോ എന്ന മട്ടില്‍ തുറിച്ചു നോക്കി....
അപ്പോള്‍ വിശദീകരിച്ചു തന്നു,  
"ഈ കാണുന്ന വലിയ ഫുട്ബോള്‍ ടീം ഒരു പിതാവിന്‍റെ മക്കളാണെന്ന്!!!
മാതാവ് സോറി മാതാക്കള്‍ നാലും"!!! 
അയാളുടെ കൂടെ മുന്നോട്ടു നടക്കുന്നതിനിടയില്‍ കുറഞ്ഞത്‌ പത്തു പ്രാവശ്യമെങ്കിലും ഞാന്‍ തിരിഞ്ഞു നോക്കിക്കാണും...
"ഹെന്റമ്മോ... എന്താണാ പഹയനു ജോലി ?? "
"ഇവിടുത്തെ വലിയൊരു ബിസിനസ്‌കാരനാ ട്രെയിലര്‍ ഒക്കെയുണ്ട്, ഒരു പണച്ചാക്ക്"...

"ഹും ആള് പുലിയാണ്, വെറും പുലിയല്ല, ചീറ്റപ്പുലി!!!"

അതൊക്കെ പഴയ കഥ, ഇനി നമുക്ക് വിഷയത്തിലേയ്ക്ക് കടക്കാം...

                                     ഇപ്പോള്‍ ഞാന്‍ സൗദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ നിന്നും ഏകദേശം 850  കിലോമീറ്റര്‍ മാറി അല്‍-റഫ്ഹ എന്ന സ്ഥലത്താണ്, ഇവിടെ നിന്നും ഇറാഖിലേയ്ക്ക് വെറും
20 കിലോമീറ്റര്‍ മാത്രമേയുള്ളുവെന്നു പറയുന്നു...അതില്‍ ഒരു പുനപരിശോധനയ്ക്ക് ഞാനായിട്ട് മുതിരുന്നില്ല, എന്തെന്നാല്‍, ജീവനോടെ നാട്ടില്‍ പോകണ്ടേ കൂട്ടരേ...

                                      ഇപ്പോള്‍ നല്ല തണുപ്പ് കാലമാണ്, ഇന്നര്‍ ഡ്രസ്സ്‌ ധരിച്ചതിന് പുറമേ ജാക്കറ്റ്, തൊപ്പി, ചെവിയില്‍ വെയ്ക്കുവാനുള്ള ഹെട്സെറ്റ്‌ പോലൊരു സാധനം ഒക്കെയുമുണ്ട്...കൈകള്‍ എപ്പോഴും ഇരു പോക്കറ്റുകളിലുമായി തിരുകി കയറ്റി, നമ്മുടെ മൈക്കിള്‍ ജാക്സന്റെ  മൂണ്‍ വാക്ക് സ്റ്റൈലില്‍ ആണ് നടക്കുന്നത്...
                                           തണുപ്പ് കൂടുമ്പോള്‍ വായിലൂടെ പുക വരും, അപ്പോള്‍ ഓര്‍മ്മിച്ചു പോവുകയാണ്, പണ്ട് നാട്ടില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍റെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന സിഗരറ്റ് അവന്‍ അടിച്ചു മാറ്റി ഞങ്ങള്‍ക്കെല്ലാം തന്നു, വലിയ ആവേശത്തോടെ അത് വലിച്ചു പുക പുറത്തേയ്ക്ക് വിട്ടു രസിച്ചു കൊണ്ടിരുന്നപ്പോള്‍ അദ്ധ്യാപകന്‍ കണ്ടു പിടിക്കുകയും എല്ലാത്തിനെയും പൊതിരെ തല്ലുകയും ചെയ്തു...അതായിരുന്നു ആദ്യത്തെയും അവസാനത്തെയും പുകവലി... 

എത്ര തണുപ്പായാലും പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ താമസിക്കുന്നതിനു തൊട്ടടുത്തുള്ള പള്ളിയിലാണ് പോവുക...

                                           സമീപ പ്രദേശമെല്ലാം അറബികളുടെ വീടുകളാണ്...അവരുടെ കുട്ടികള്‍ ഈ പള്ളിയുടെ മുന്നിലെ റോഡില്‍ മിക്കപ്പോഴും കളിക്കുന്നുണ്ടാകും...
ചിലപ്പോള്‍ ഫുട്ബോള്‍ ഉണ്ടാകും, അല്ലെങ്കില്‍ കല്ല് കൊണ്ടാകും കളി, സ്ഥിരമായി കാണുന്നതിനാലാകും എനിക്ക് കല്ലേറ്, അടി, ചീത്തവിളി ഒന്നും കിട്ടിയിരുന്നില്ല...
പക്ഷേ....   
 ഇതിനേക്കാള്‍ വളരെ മാരകമായി ഞാന്‍ കാണുന്ന മറ്റൊന്നുണ്ട്!!!

അതാണ്‌ കൊഞ്ഞനം കുത്തല്‍!!!
അതു മാത്രമെനിക്ക്  സഹിക്കില്ല...   ഇക്കൂട്ടത്തിലെ ഒരു തടിയന്‍ പയ്യനാണ് കഥാനായകന്‍...
ഈ ചെറുക്കന് എന്നെ കാണുമ്പോള്‍ കൊഞ്ഞനം കുത്തണം!!! അതും എന്നെ തടഞ്ഞു നിര്‍ത്തി, മുഖത്തിന്‌ നേരെ വന്നിട്ട് കൊഞ്ഞനം കുത്തും!!!
ഒരു ദിവസം ഒരു തവണയെങ്കിലും അവനു അത് ചെയ്യാതെ ഉറക്കം വരില്ലെന്ന് തോന്നി...   

                                     ഇത് കാണുമ്പോള്‍ തിരികെ ഒന്നു ചിരിക്കുമെങ്കിലും മനസ്സില്‍ അവനു വേണ്ടപ്പെട്ടവരെ നല്ല വാക്കുകള്‍ കൊണ്ട് മൂടുകയായിരുന്നു!!!
അവരുടെ നാടായതിനാല്‍ സഹിക്കാതെ നിവൃത്തിയില്ലല്ലോ... എന്നാലും എന്നിലെ അഭിമാനിയെ വല്ലാതെ അപമാനിക്കുന്നു എന്നതില്‍ വല്ലാതെ അരിശം തോന്നിയിരുന്നു...
                                                   ഈ പയ്യനെ കാണുന്നത് പോലും വെറുപ്പായി, എത്ര വേഗത്തില്‍ നടന്നാലും അവന്‍ തന്‍റെ പൊണ്ണത്തടിയുമായി ഓടി വന്നു തന്‍റെ 'കടമ' നിര്‍വ്വഹിച്ചു പോകുമായിരുന്നു...
മറ്റു കുട്ടികള്‍ അതു കണ്ടു ചിരിക്കും, ഇതിലും ഭേദം ഇവര്‍ എറിയുകയോ അടിക്കുകയോ ചെയ്യുന്നതാണെന്ന് തോന്നി!!!

                                     ഇത് നിര്‍ത്തലാക്കുവാന്‍ എന്താണൊരു വഴി??? തല പുകഞ്ഞു ആലോചിച്ചിട്ടും ഒന്നും ഉചിതമായി തോന്നിയിരുന്നില്ല....ആരോടെങ്കിലും പറയാന്‍ പറ്റുമോ??? അവര്‍ ചിരിക്കുകയേയുള്ളൂ... 


അങ്ങനെയിരിക്കെ..  
                ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തെ പ്രാര്‍ത്ഥന കഴിഞ്ഞു ഞാന്‍ പള്ളിയില്‍ നിന്നും ഇറങ്ങി വരുന്നതാണ് സന്ദര്‍ഭം...കുട്ടികള്‍ കളിക്കുന്നുണ്ട്, കൂട്ടത്തില്‍ എന്‍റെ ശത്രു കുട്ടിപിശാചും ഉണ്ട്...
കണ്ടുവെങ്കിലും അത്ര ശ്രദ്ധിച്ചിരുന്നില്ല...പിറ്റേ ദിവസം എനിക്ക് ഒഴിവുദിനമായതിനാല്‍ കുറച്ചു സന്തോഷത്തിലായിരുന്നു ...
പല പദ്ധതികള്‍ മനസ്സില്‍ ഓര്‍ത്തു നടക്കുന്നു...സ്വസ്ഥമായി ഒന്നു ഉറങ്ങണം, ഡൌണ്‍ലോഡ് ചെയ്തു വെച്ചിരിക്കുന്ന സിനിമ കാണണം, അങ്ങനെ കുറേ നല്ല പദ്ധതികള്‍...

പെട്ടെന്ന് എന്‍റെ വലതു തോളില്‍ ആരോ തട്ടി...തിരിഞ്ഞു നോക്കും മുന്‍പ് ആള് എന്‍റെ മുന്നില്‍ വന്നു, ദാ അവന്‍റെ ഒടുക്കത്തെ 'കൊഞ്ഞനം',
സത്യത്തില്‍ ഞാന്‍ വല്ലാതെ ഭയന്ന് പോയി!!!!!!!! നെഞ്ചിനുള്ളില്‍ ഒരു കിളി കരഞ്ഞത് പോലെ തോന്നി!!!
പിന്നെ മറ്റൊന്നും ആലോചിക്കാന്‍ ഞാന്‍ നിന്നില്ല, അവന്‍ പോകാതിരിയ്ക്കുവാന്‍ അവന്‍റെ ഇരു തോളിലും കൈ വെച്ച ശേഷം, അതു വരെയുള്ള സകല ദേഷ്യവും, പ്രതികാരവും , സങ്കടവും എല്ലാം പൂര്‍വ്വാധികം ശക്തിയോടെ എന്‍റെ മുഖത്തേയ്ക്കു ആവാഹിച്ചെടുത്തു, പടച്ചവനേ... എന്നൊരു വിളിയോടെ ഒരെണ്ണമങ്ങു കൊടുത്തു!!!!!!!!!!!!!!!!
അതേ.... അവന്‍ എന്നെ കാണിച്ചു കൊണ്ടിരുന്നതിന്‍റെ നാലിരട്ടി ഭീമാകാരമായ ഒരു 'കൊഞ്ഞനം കുത്ത്' !!!!!!!!! ഒരു കേരളസ്റ്റൈല്‍ കൊഞ്ഞനം!!!!!!!!!!!
അതെത്ര മാരകമായിരുന്നു എന്ന് ഓര്‍ക്കാന്‍ പോലുമാകുന്നില്ല...
ഒരല്പ നിമിഷത്തിനു ശേഷമാണ് എനിക്ക് സ്ഥലകാലബോധം തിരികെ വന്നത്....
          കണ്ണു മിഴിച്ചു നോക്കുമ്പോള്‍ എന്‍റെ മുന്നില്‍, ഏതോ പേടി സ്വപ്നത്തിലെ ഭീകരജീവിയെ നേരില്‍ കണ്ടത് പോലെ ഭയചകിതനായി അലമുറയിട്ടു കരയുന്ന പയ്യനെയാണ് കണ്ടത്!!!!
ഞാന്‍ ശെരിക്കു ഞെട്ടി...ഇവന്‍ ഇത്രേയുള്ലോ???

ഇത് കണ്ടു മറ്റു കുട്ടികളെല്ലാം ഓടിക്കൂടി...ചിരിച്ചു കളിച്ചവരുടെ മുഖം കറുത്തിരുണ്ട് ക്രൂരമായി...പിന്നെ കഥയും മാറി, ഞാന്‍ അവനെ തല്ലിയെന്നായി!!!

"ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ഇവന്‍ വെറുതെ കരയുകയാണ്", എന്നൊക്കെ പറയുന്നത് ആര് കേള്‍ക്കാന്‍...
ആകെ ബഹളമായി...എന്നെ പോകാന്‍ അനുവദിക്കുന്നില്ല...വീടുകളിലുള്ള മുതിര്‍ന്നവരും ഇറങ്ങി വന്നു...
ഈ 'ഹിന്ദി' ഇവനെ തല്ലി എന്ന് അവന്മാര്‍ വിളിച്ചു പറയുകയാണ്‌ വീണ്ടും.....പ്രശ്നം വഷളായപ്പോള്‍ അവര്‍ പോലിസിനെ വിളിക്കുമെന്നും ഞാന്‍ ഭയന്ന് പോയി കൂട്ടരേ....ശെരിക്കും പെട്ടു എന്ന് പറയാം...

                  മുതിര്‍ന്നവരില്‍ എനിക്ക് നന്നായറിയുന്ന ഒരാള്‍ തന്നെ ഇടപെട്ടു ആദ്യം ബഹളം നിര്‍ത്തി, അപ്പോള്‍ ആ തടിയന്‍ പയ്യന്‍റെ മോങ്ങല്‍ മാത്രം ബാക്കി...വളരെ ദയനീയമായി അവനെ നോക്കുമ്പോള്‍ അയാള്‍ വളരെ സൗമ്യമായി എന്നോട് കാര്യം ചോദിച്ചു തുടങ്ങി....

അപ്പോഴാണ്‌ ഞാന്‍ യഥാര്‍ഥത്തില്‍ കുഴങ്ങുന്നത്, അതേ...ഈ കൊഞ്ഞനം കുത്തലിന് 'അറബിയില്‍' എന്താണ് പറയുക???
അയാളോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ അവതാളതിലാകുമല്ലോ!!! മലയാളത്തില്‍ കോക്രി, കിരുപ്പ്‌ ഇങ്ങനെ കുറേ പര്യായങ്ങള്‍ ഞാന്‍ സ്വയം കണ്ടു പിടിച്ചു....പക്ഷേ ഇവിടെ അതു പറഞ്ഞാല്‍ എങ്ങനെ???
ഞാന്‍ വിയര്‍ത്തു കൂട്ടരേ.....
"ഞാന്‍ ഇവനെ അടിച്ചിട്ടില്ലാ, പക്ഷേ ഇവര്‍ അടിച്ചെന്നു പറയുന്നു"...ഇത്രയും അവരോടു പറഞ്ഞു...
"അടിച്ചില്ലെങ്കില്‍ പിന്നെ ഇവന്‍ എന്തിനു കരയുന്നു, നീ വേറെയെന്തു ചെയ്തു??" 
ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാനാകാതെ ഞാന്‍ പതറി...   
കുട്ടികളുടെ നടുവില്‍ ഒരു കുറ്റവാളിയെ പോലെ നിന്നു!!

മുന്നിലുള്ള പള്ളിയിലേയ്ക്ക് നോക്കി, മെല്ലെ മുഖമുയര്‍ത്തി അതിന്‍റെ മിനാരത്തിലേയ്ക്കും പിന്നെ ആകാശത്തെയ്ക്കും നോക്കി... സര്‍വ്വേശ്വരനല്ലാതെ മറ്റാര്‍ക്കാണ് എന്നെ രക്ഷിക്കുവാന്‍ കഴിയുക???  
                വീണ്ടും അയാളുടെ മുഖത്തേയ്ക്കു നോക്കി, എന്നെ എന്നും കാണുകയും മിണ്ടുകയുമൊക്കെ ചെയ്തു നല്ല പരിചയം നിലനില്കുന്നതിനാലും എന്നില്‍ ന്യായം ഉണ്ടാകും എന്ന് തോന്നിയതിനാലുമാകും,  ദൈവാനുഗ്രഹത്താല്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാതെ കുട്ടികളില്‍ നിന്നും എന്നെ മോചിപ്പിച്ചു... 

എന്നിട്ട് പതിയെ എന്‍റെ തോളില്‍ കയ്യിട്ടു കുറച്ചു മാറ്റി നിര്‍ത്തി  പറഞ്ഞു:-  "കമ്പനിയില്‍ നിന്നും ലീവ് വാങ്ങി, എത്രയും വേഗം നാട്ടിലേയ്ക്ക് പോകണം, അവിടെ പോയി ഭാര്യയെ കാണുമ്പോള്‍ ഈ പ്രശ്നമെല്ലാം മാറുമെന്നു പറഞ്ഞു"... 
ഞാന്‍ കല്യാണം കഴിച്ചിട്ടില്ല എന്ന് പറയാന്‍ ആ സമയം തോന്നിയില്ല, മാത്രമല്ല അയാള്‍ എന്താണ് ഉദ്ദേശിച്ചതെന്നു ചിന്തിക്കുവാനും ആ സമയം തോന്നിയില്ല...

വലിയൊരു ആപത്തില്‍ നിന്നും രക്ഷപെട്ട സമാധാനം മാത്രം... 

തിരികെ റൂമിലേയ്ക്ക് നടന്നു...
കുറച്ചു ചെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍, നമ്മുടെ കഥാനായകന്‍ തന്‍റെ നിറഞ്ഞ മിഴികളുമായി അവിടെ നില്‍ക്കുന്നുണ്ട്, അവനും ഞാന്‍ നോക്കുന്നത് കണ്ടു, അതാ വീണ്ടും മുഖം മാറി വരുന്നു, കൊഞ്ഞനം കുത്താനായിരുന്നു!!! കുത്തട്ടെയെന്നു ഞാനും കരുതി!!! പക്ഷേ കൊഞ്ഞനം കുത്തിയില്ല, ആ മുഖം മെല്ലെ താഴ്ന്നു....

പിന്നീട് ഈ പയ്യന്‍റെ കൊഞ്ഞനം കുത്തല്‍ എനിക്ക് നേരെ ഉണ്ടായിട്ടില്ല എന്നത് മറ്റൊരു സത്യം.......  

No comments:

Post a Comment