Thursday 20 January 2011

സ്മരണാഞ്ജലി!!!






ആദ്യമായി ഗള്‍ഫില്‍ വന്നതിന്‍റെ പരിഭ്രമം മുഖത്ത് വ്യക്തമായിരുന്നു!!!

                      നാട്ടില്‍ വെച്ച് കണ്ട സങ്കല്‍പങ്ങളിലൊന്നും പെടാത്ത ഒരിടത്ത്, മണിക്കൂറുകളോളം മരുപ്രദേശങ്ങളിലൂടെയുള്ള സഞ്ചാരത്തിന് ശേഷം എത്തിച്ചേര്‍ന്നു!!

കമ്പനിയുടെ ക്യാമ്പായിരുന്നു...

             വാഹനത്തില്‍ നിന്നുമിറങ്ങി ബാഗെടുത്തു തോളിലേയ്ക്കിട്ടു, ചുറ്റുപാടൊന്ന് നിരീക്ഷിച്ചു!! മരുഭൂമി മാത്രം!! കടല്‍തീരത്ത് ചെന്ന് നിന്നു ആഴക്കടലിനെ നോക്കികാണുമ്പോള്‍ തോന്നാറുണ്ട് ഈ കടലിനു അന്തമില്ലെന്ന്, അതേ അനുഭൂതി!! നിശ്ചലമായ തിരമാലകളെപ്പോലെ മണല്‍ക്കൂനകള്‍ !!!

ഡ്രൈവര്‍ കൂട്ടിക്കൊണ്ടു പോയത് ഒരു 'കേരള'യുടെ മുറിയിലേയ്ക്കാണ്.

( "ഇന്ത്യയില്‍ എവിടെ കേരളത്തിലാണോ?" എന്നു ചോദിക്കാതെ
"ഇന്ത്യയിലാണോ, അതോ കേരളത്തിലാണോ?" എന്നു ചോദിക്കുന്ന അവസ്ഥയിലെത്തിച്ചു മലയാളികളുടെ വിദേശ കടന്നുകയറ്റം!!! ) 

                                 നാട്ടില്‍ നിന്നും വരുന്നവരും നാട്ടിലേയ്ക്ക് പോകുന്നവരും ആദ്യം 'ജുഐമ ' എന്ന പേരില്‍ അറിയപ്പെടുന്ന  ഈ ക്യാമ്പിലാണ് തങ്ങുക. വലിയ ട്രൈലറുകളുടെയും ടാങ്കറുകളുടെയും വര്‍ക്ക്‌ഷോപ്പും ഗ്യാരേജുമൊക്കെ ഇവിടെ കാണാം...

                  ആലപ്പുഴ പുറക്കാട് സ്വദേശി 'റിയാദ്' നെ പരിചയപ്പെട്ടു! കട്ടിലില്‍ കിടക്കുകയായിരുന്നു, എന്നെ കണ്ടയുടനെ എഴുന്നേറ്റു വന്നു ചിരിച്ചു കൈ തന്നു...

                               മൊത്തം സൗദിഅറേബ്യയില്‍ പത്തു വര്‍ഷത്തോളമായി, ഈ കമ്പനിയില്‍ ഓട്ടോ ഇലക്ട്രീഷന്‍ ആയി ചേര്‍ന്നിട്ട് രണ്ടര വര്‍ഷം, നാട്ടില്‍ പോകാനായി നില്‍ക്കുന്നു, ടിക്കറ്റ്‌ കിട്ടും വരെ ക്യാമ്പില്‍ കഴിയണം !!! 

                            ഒരുപാട് സ്നേഹം തോന്നി എനിക്ക് അദ്ദേഹത്തോട്, കാരണം നാട്ടില്‍ നിന്നും ഉറ്റവരെയും ഉടയവരേയുമൊക്കെ വിട്ട്‌, അന്യനാട്ടില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ നെഞ്ചിടിപ്പിനു മോചനമായത് ഇദ്ദേഹത്തെ കണ്ട ശേഷമാണ്!!

ഞാന്‍ 'റിയാദിക്ക' എന്നു വിളിച്ചു!!!

                           വിവാഹിതനാണ്, ഭാര്യ സ്കൂള്‍ ടീച്ചറാണ്, ഒരു കുട്ടിയുമുണ്ട്. കല്ല്യാണ ആല്‍ബം കാണിച്ചു തന്നു, അതില്‍ കാണുന്ന റിയാദിക്കയാണ് എന്‍റെ മുന്നിലിരിക്കുന്നതെന്നു തോന്നുകയേയില്ലായിരുന്നു !!!  അത്രത്തോളം മാറ്റമുണ്ടായിരുന്നു... 

                         സാധനങ്ങള്‍ കെട്ടി വെച്ചിരിയ്ക്കുന്ന കാര്‍ട്ടൂണിന്‍റെ  മുകളിലായി ഒരു പാക്കറ്റ് ഈത്തപ്പഴം ഇരിക്കുന്നു, എനിക്കേറെ ഇഷ്ട്ടപ്പെട്ട പഴവര്‍ഗ്ഗം!! ഞാന്‍ 'കൊതി' പറയാനൊന്നും പോയില്ല കേട്ടോ, പക്ഷേ അദ്ദേഹം അതെടുത്തു എനിക്ക് നേരെ നീട്ടിയിട്ട്‌ 

" ഇത് കഴിക്കില്ലേ ? പായ്ക്ക് ചെയ്യാന്‍ നേരം തൂക്കം നോക്കിയപ്പോള്‍ രണ്ടു കിലോ അധികമുണ്ടായിരുന്നു, അങ്ങനെ ഒഴിവാക്കിയതാ..."

ഞാനത് വാങ്ങി മാറ്റി വെച്ചു, പിന്നീട് കഴിക്കാമെന്നു കരുതി...

മുറിയോട് ചേര്‍ന്ന് ഒരു ബാത്ത്റൂം, അതിനപ്പുറമുള്ള കുടുസ്സു മുറിയില്‍ അടുക്കളയും...

യാത്രാ ക്ഷീണത്താല്‍, മുറിയിലുണ്ടായിരുന്ന മറ്റൊരു കട്ടിലില്‍ കിടന്നു ഞാന്‍ ഉറങ്ങിപ്പോയി... 

രാത്രിയില്‍ 'റിയാദിക്ക' തട്ടി വിളിക്കുമ്പോഴാണ്  ഉണര്‍ന്നത്...

" എന്തേ, ആഹാരം കഴിക്കണ്ടേ??? എഴുന്നേറ്റു വാ..." 

" ഓഹ്...ഉറങ്ങിപ്പോയിക്കാ..."

   പതിയെ എഴുന്നേറ്റു കൈയും മുഖവുമൊക്കെ കഴുകി വന്നു...

                        റിയാദിക്ക അടുക്കളയിലാണ്, ഞാനും അടുക്കളയിലെത്തി.
                  വാതിലിനു പിന്നിലായി ഉള്ളിയും മറ്റു സാധനങ്ങളും ചിതറി കിടപ്പുണ്ട്, ഇങ്ങനെ വന്നു പോകുന്നവര്‍ക്കായി ഭക്ഷണം ഇവിടെ തന്നെ വെച്ചു കഴിക്കുവാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്...അതിന്‍റെ തെളിവാണ് ഈ കാണുന്നത്...

                                കഷ്ട്ടിച്ചു ഒരാള്‍ക്ക് നടന്നു പോകാവുന്ന ഇടമൊഴിച്ചു ഒത്ത നടുവിലായി ഒരു ബെഞ്ചും ഡെസ്കും കിടപ്പുണ്ട്, അതിനപ്പുറം പഴയ ഒരു  ഫ്രിഡ്ജും പിന്നെ ഉപ്പു വെള്ളം വീണു ദ്രവിച്ച പൈപ്പ്, അഴുക്കു കട്ട പിടിച്ചു കറുത്ത് പോയ വാഷ് ബേസിന്‍ ഒക്കെയുണ്ട്...

                          ഇതെല്ലാം ആദ്യമേ മനസ്സിന് വിഷമമുണ്ടാക്കി , പിന്നെ ഒരു കുമിഞ്ഞ ഗന്ധം കൂടി വന്നതിനാല്‍ ഞാനൊന്നറച്ചു നിന്നു!! എന്നാലും റിയാദിക്ക എന്ത് വിചാരിക്കും എന്നു വിചാരിച്ച് അദ്ദേഹത്തിന്  മുന്നില്‍ ഇതൊന്നും എനിക്ക് പ്രശ്നമല്ല എന്ന് ഒരുവിധം അഭിനയിച്ചു ഫലിപ്പിച്ചു എന്നത് വാസ്തവം...  

അദ്ദേഹം പറഞ്ഞു:-
 " ആ പ്ലേറ്റെടുത്തു കഴുക്, കൂടെ ഒരു ഗ്ലാസും എടുത്തോളൂ,...ഹാഹ് പിന്നെ ഇവിടെ ഇങ്ങനുള്ള കാര്യങ്ങളെല്ലാം തനിയെ ചെയ്യണം കേട്ടോ, നമ്മുടെ പ്ലേറ്റോ ഗ്ലാസ്സോ ആരും കഴുകി തരുമെന്ന് വിചാരിക്കണ്ടാ..." 

എന്ന് പറഞ്ഞു ചിരിച്ചപ്പോള്‍ ഞാനും കൂടെചിരിച്ചു....

പാത്രവും ഗ്ലാസും കഴുകി ഇക്കയുടെ അടുത്ത് വന്നിരുന്നു.

                        മുന്നില്‍ അടച്ചു വെച്ചിരുന്ന പാത്രത്തില്‍ നിന്നും ചോറ് അദ്ദേഹം തന്നെ വിളമ്പി തന്നു, കുഴമ്പ് പോലിരിക്കുന്നു. മാത്രമല്ല, മടിച്ചിട്ടാകാം ഫ്രിഡ്ജില്‍ നിന്നുമെടുത്തിട്ട്  ചൂടാക്കിയിട്ടുമില്ല!!

                                പിന്നെ കറി!!! അതു 'മീന്‍ കറി' ആണ്... ജീവിതത്തില്‍ ഇത് വരെ  മീന്‍കറി കൂട്ടാത്ത ഒരു 'മഹാന്‍' ആണ് ഞാന്‍ ...എന്താ മീന്‍കറി കഴിക്കാത്തത്, എന്ന് പലരും ചോദിച്ചിട്ടുണ്ട്... വ്യക്തമായി ഉത്തരം നല്‍കാന്‍ എനിക്കിത് വരെ കഴിഞ്ഞിട്ടില്ല എന്നത് സത്യം...

                                 ഒരു കഷ്ണം മീനും കറിയും ചോറ്റിനു മുകളിലേയ്ക്ക് പകര്‍ത്തുമ്പോള്‍, "വേണ്ടാ ഇത് ഞാന്‍ കഴിക്കില്ല" എന്ന് പറയാന്‍ തോന്നിയില്ല, എല്ലാ ശീലങ്ങളും വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുത്തണം, ഇല്ലെങ്കില്‍ എങ്ങും പോയി ജീവിക്കുവാന്‍ കഴിയില്ല എന്ന് മനസ്സില്‍ ഊന്നി, ഊന്നി പറഞ്ഞു... 

എന്‍റെ മുഖഭാവമൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു...

                                  പതിയെ ഒരു പിടി അകത്താക്കി, എന്തോ വീണ്ടുമൊരു വല്ലായ്മ!! ഉപ്പോ മുളകോ ഒന്നും പാകമല്ല, പിന്നെ മീന്‍കറി ആദ്യമായി കഴിക്കുന്നതിന്‍റെ വിഷമം... തൊണ്ടയില്‍ എവിടെയോ കുടുങ്ങി, ചുമച്ചു തുടങ്ങിയപ്പോള്‍ ഇക്ക ചാടിയെഴുന്നേറ്റു ഡെസ്ക്കിന്‍റെ അടിയില്‍ വെച്ചിരുന്ന കാനില്‍ നിന്നും വെള്ളം ഒരു ജഗ്ഗിലൊഴിക്കുകയും അതില്‍ നിന്നും എന്‍റെ ഗ്ലാസ്സിലെയ്ക്ക് പകര്‍ന്നു..
" ദാ വെള്ളം കുടിക്ക്‌ " എന്ന് പറഞ്ഞു... 
എന്‍റെ ചുമ നിര്‍ത്താന്‍ നന്നേ പാട് പെട്ടു പോയി... 

അദ്ദേഹം വീണ്ടും കഴിച്ചു തുടങ്ങി, ഞാന്‍ കുറച്ചു കഴിച്ചു, എത്ര പല്ല് കടിച്ചു പിടിച്ചിട്ടും ഒരു മനം തികട്ടല്‍ പോലെ...ശര്‍ദ്ദിക്കുമോ എന്നും ഭയന്നു!!

                         ആ പ്രയാസത്തില്‍ ഒരു നിമിഷം എന്‍റെ ഉമ്മായുടെ മുഖം മനസ്സില്‍ തെളിഞ്ഞു... എത്രയോ നല്ല ആഹാരം ഉമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കി തന്നിരിക്കുന്നു, ഒരു നല്ല വാക്കെങ്കിലും അന്ന് പറയാന്‍ എനിക്ക് തോന്നിയിട്ടുണ്ടോ??? കുറ്റബോധം തോന്നുന്നു!!

വീട്ടില്‍ മീന്‍ കറി ഉണ്ടെങ്കിലും ഞാന്‍ കഴിക്കില്ല എന്നറിയുന്നതിനാല്‍ വേറെ എന്തെങ്കിലും നല്ല കറികള്‍ എനിക്കായി കരുതിയിട്ടുണ്ടാകും...ഒരിക്കല്‍ പോലും ഞാന്‍ പാത്രം കഴുകി കൊടുത്തിട്ടില്ല, ഒന്നു വിളമ്പി കഴിക്കുവാന്‍ പോലും ഉമ്മ അവസരം തന്നിട്ടുമില്ല....

" എന്‍റെ പൊന്നുമ്മാ... മാപ്പ്!! എല്ലാത്തിനും മാപ്പ്... അടുക്കളയിലെ പുകയുടെ ചൂട് ഞാനറിഞ്ഞിരുന്നില്ല  , എങ്ങനെ ഈ ഭക്ഷണം നമ്മള്‍ മക്കളുടെ മുന്നില്‍ വന്നിരുന്നു എന്നും ചിന്തിക്കാന്‍ പോലും തുനിഞ്ഞതുമില്ല.!! ആ സ്നേഹത്തെ തിരിച്ചറിയുവാന്‍ എനിക്ക് ഇത്രയും ദൂരം വരേണ്ടി വന്നുവല്ലോ...  എല്ലാത്തിനും മാപ്പ്.......... മാപ്പ്............" 

                                            ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്ന് റിയാദിക്ക മനസ്സിലാക്കിയിട്ടാകാം, എന്നോട് പറഞ്ഞു:-

" ആദ്യമായല്ലേ, എല്ലാം ശെരിയാകും കേട്ടോ, ഈ ഞാനും ഇങ്ങനെ തന്നെയായിരുന്നു, കുറച്ചു നാള്‍ പിടിക്കും ഒരു പൊരുത്തം വരണമെങ്കില്‍... കഴിക്കാന്‍ പ്രയാസമാണെങ്കില്‍ അവിടെ വെച്ചിട്ട് പോയിക്കിടന്നോളൂ..." 

             വിശപ്പ്‌ ഉണ്ടായിരുന്നെങ്കിലും കിട്ടിയ 'ഈ' ആഹാരം തിരികെ വെച്ചു എഴുന്നേല്‍ക്കുമ്പോള്‍ വളരെ ആശ്വാസം തോന്നി...

                പകല്‍ ഉറങ്ങിയതിനാലാകാം, വീണ്ടും ഉറക്കം വരാന്‍ പ്രയാസം...അതിനിടെ ഇക്ക വന്നു 'ഗുഡ് നൈറ്റ്‌' പറഞ്ഞു, 

"ലൈറ്റ് ഓഫ്‌ ചെയ്യണോ" എന്ന് ചോദിച്ചു.

 " ഇക്കയുടെ ഇഷ്ട്ടം" 

" എന്നാല്‍ ലൈറ്റ് കിടക്കട്ടെ " 

" ഓക്കെ "

                       ഞാന്‍ കണ്ണു തുറന്നു കിടന്നെങ്കിലും കാണുന്നത് ഉമ്മായേം ബാപ്പയേം, അനിയനേം പെങ്ങളേയുമൊക്കെയായിരുന്നു...ആരും ഉറങ്ങിയിട്ടുണ്ടാകില്ല, വന്നിറങ്ങിയപ്പോള്‍ തന്നെ ഓഫീസ് സെക്രട്ടറി 'അനില്‍ ഭായിയുടെ' മൊബൈലില്‍ നിന്നും ഉമ്മയെ വിളിച്ചിരുന്നു...

" ഉമ്മാ...ഞാനാ... ഞാനിങ്ങെത്തി..." ഇത്രയും പറഞ്ഞൊപ്പിച്ചു...

" എന്‍റെ പൊന്നേ.............."
ആ ഹൃദയത്തിലെ ആളിക്കത്തിക്കൊണ്ടിരുന്ന 'തീ' അണയുകയായിരുന്നുവെന്നു ഈ വാക്കുകളില്‍ നിന്നും മകന് മനസ്സിലാക്കാന്‍ കഴിഞ്ഞു!!!

"ഇപ്പോഴാ ഉമ്മച്ചിക്ക് സമാധാനമായെ!! യാത്രയൊക്കെ സുഖമായിരുന്നാടാ...." 

"ഹാഹ്.. ഉമ്മാ...ഞാന്‍ പിന്നെ വിളിക്കാം...ഇത് വേറൊരാളുടെ ഫോണാ..."

" മക്കള് വിഷമിക്കുകയൊന്നും ചെയ്യരുത് കേട്ടോ..." 

"ശെരി ശെരി ഓക്കെ ഞാന്‍ പിന്നെ വിളിക്കാം ഉമ്മാ... " ഫോണ്‍ അനില്‍ ഭായിക്ക് തിരികെ നല്‍കി...

ഉമ്മാക്ക് സമാധാനമായെങ്കില്‍ പിന്നെ ഈ മകനും സമാധാനം തന്നെയാണ്!!!

                   കണ്ണു നിറഞ്ഞു ഇരു വശത്തുമായി ഒഴുകിയിറങ്ങി , തല ചരിച്ചു റിയാദിക്കായെ  നോക്കി, അദ്ദേഹം ഉറക്കമായി, നെഞ്ചില്‍ എനിക്ക് കാണിച്ചു തന്ന കല്ല്യാണആല്‍ബം തുറന്നു കമിഴ്ത്തി വെച്ചിരിക്കുന്നു...

ഞാന്‍ വീണ്ടും ഓര്‍മ്മകളിലേയ്ക്ക് പോയി....

                                    ഇത് വരെയുണ്ടായ ജീവിതത്തിലെ ഓരോ രംഗങ്ങളും ഒരു സിനിമയിലെന്നത് പോലെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു...ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്, കടബാധ്യതകള്‍ വന്നു വളരെ ബുദ്ധിമുട്ടിയുട്ടുള്ള കുടുംബത്തിന്‍റെ താങ്ങും തണലുമാകണം...

                        ബാപ്പക്ക് സുഖമില്ലാതെ വന്നതും ഉമ്മായുടെ ബുദ്ധിമുട്ട് കണ്ടതും അന്നൊക്കെ ഞാന്‍ ഒരു ഗള്‍ഫുകാരന്‍ ആയിരുന്നെങ്കില്‍ ഒരിക്കലും എന്‍റെ ഉമ്മാക്ക് ബന്ധുക്കളുടെ മുന്നില്‍ കൈ നീട്ടേണ്ടി വരുമായിരുന്നില്ല !!!
അതെങ്ങനാ... എനിക്ക് ഇപ്പോഴല്ലേ ഇരുപത്തൊന്നു വയസ്സ് തികഞ്ഞത്, ഇതല്ലേ ഇവിടെ വരാന്‍ വേണ്ടുന്ന കുറഞ്ഞ പ്രായം...

അവഗണിച്ചവരുടെ മുന്നില്‍ അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കണം... 

                                നാട്ടിലേയ്ക്ക് പോകുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ വീട്ടുകാരെല്ലാം വരുകയും, അവരുടെ മുന്നിലൂടെ 
                               ഒരു രാജകുമാരനെപ്പോലെ സുന്ദരനായി കടന്നു ചെല്ലുകയും വേണം... ഉമ്മായേം ബാപ്പയേം കെട്ടിപ്പിടിച്ചു ആനന്ദ കണ്ണുനീര്‍ പൊഴിക്കണം...  എല്ലാം സ്വപ്നത്തിലൂടെ കണ്ടു, അങ്ങനെ എപ്പോഴാണെന്നറിയില്ല  ഉറക്കത്തിലേയ്ക്കു വഴുതി വീണു........


( ഇതെന്‍റെ ഗള്‍ഫിലെ തുടക്കം... പിറ്റേന്ന് ഞാന്‍ 'അല്‍-നാരിയ' എന്ന സ്ഥലത്തേയ്ക്ക് പോയി, അവിടെയായിരുന്നു എനിക്ക് ജോലി നിശ്ചയിച്ചിരുന്നത്!!! റിയാദിക്ക ഒരാഴ്ച കൂടി നിന്നിട്ടാണ്‌ നാട്ടില്‍ പോയതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു... 

രണ്ടു വര്‍ഷം പിടിച്ചു നിന്ന ശേഷം ഞാന്‍  'എക്സിറ്റ്' ചോദിച്ചു വാങ്ങി, ആ അനുഭവങ്ങള്‍ വിശദീകരിക്കല്‍ ഇനിയൊരിക്കലാകാം!!! 

                        നാട്ടിലേയ്ക്ക് പോകാന്‍ നേരം, യാദൃശ്ചികമായി 'റിയാദിക്ക'യെ വീണ്ടും കണ്ടു, വിശേഷങ്ങള്‍ ചോദിക്കാനുള്ള സമയമൊന്നും കിട്ടിയില്ല...ജോലി സംബന്ധമായ എന്തോ സാധനമെടുക്കാനായി ഗാരേജില്‍ വന്നതായിരുന്നു...ഒരു പിക്ക് അപ്പ്‌ വാനിലാണ് വന്നത്...സാധനമെടുത്തു പുറകിലിട്ടു വേഗം തന്നെ വണ്ടിയില്‍ കയറി മുന്നോട്ടു പോകും മുന്‍പ് ഒരിക്കല്‍ കൂടെ കൈയ്യെടുത്തു കാണിക്കാന്‍ മറന്നിരുന്നില്ല അദ്ദേഹം...കുറച്ചു നേരം അങ്ങനെ നോക്കി നിന്നു...

ഇനി കാണുവാന്‍ നമുക്കാവുമോ??? )


                         ഏഴു മാസം നാട്ടില്‍ നിന്ന ശേഷമാണ് സൗദിയിലേയ്ക്ക് തന്നെ ശ്രമിച്ചതും ഈ പുതിയ കമ്പനിയില്‍ ജോലി കിട്ടുന്നതും....

ഇന്നിവിടെ വന്നിട്ട് ഒരു വര്‍ഷത്തോളമായി....



                       രണ്ടു ദിവസം മുന്‍പ് പത്രത്തില്‍ വന്ന ഒരു 'മരണവാര്‍ത്ത'യാണ് ഈ കഥയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്...

                                         അതേ സുഹൃത്തുക്കളേ ഇപ്പോള്‍ റിയാദിക്ക ഈ ലോകത്ത് ജീവിച്ചിരിപ്പില്ല!!!!

                        ഒരു ശീതീകരണപ്പെട്ടിയില്‍ നിശ്ചല ദേഹമായി ഇന്നലെ നാട്ടിലേയ്ക്ക് പോയെന്നാണ് കേട്ടത്... തന്‍റെ പ്രിയതമയ്ക്കും കുഞ്ഞിനും ഒരു നോക്ക് കാണുവാന്‍ മാത്രം!!!  

                         ഒരു സ്വദേശിയുടെ അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു... സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു!!! ഒരു നിമിഷം, ആ ഒരു നിമിഷം താന്‍ മരിക്കുകയാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍, തന്‍റെ പ്രതീക്ഷകള്‍, പൂര്‍ത്തിയാക്കാനാകാത്ത ആഗ്രഹങ്ങള്‍, ഭാര്യ, പറക്കമുറ്റാത്ത സന്തതി, ഉമ്മ, ബാപ്പ,  സഹോദരങ്ങള്‍ എല്ലാമെല്ലാം ഓര്‍ത്തിട്ടുണ്ടാകണം... മരിക്കരുതേ എന്ന് കൊതിച്ചിട്ടുണ്ടാകണം...

അതെ.... മരണം!! അതൊരു സത്യമാണ്, എവിടെയും, എപ്പോഴും നമ്മുടെ നിഴല് പോലെ കൂടെയുണ്ടാകും.....



'ഇന്നാ ലില്ലാഹി, വ ഇന്നാ ഇലൈഹി റാജിഊന്‍' 

(തീര്‍ച്ചയായും നാം പരമോന്നതനായ രക്ഷിതാവിന്‍റെ സ്വന്തമാണ്, അവങ്കലെയ്ക്ക് തന്നെ മടക്കപ്പെടുകയും ചെയ്യുന്നു...)    

1 comment:

  1. ഒടുക്കത്തെ വരികള് വായിച്ചുകഴിയുമ്പോള് ആറിയാതെ എന്ടെ കണ്ണുകള് നനഞ്ഞു ! മനസ്സിലെ ഭാരം കൂടി ! ജീവിതത്തിലെ നംമളൊന്നുമ് പ്രതീക്ഷിക്കാനാവില്ല എന്നുള്ള സത്യം മനസ്സിലാക്കാതെ ആള്ക്കാര് പെരുമാരുന്നതു കാണുമ്പോള് , ഞ്ഞാന് പൊട്ടിക്കരഞ്ഞു പോകുന്നു!
    നല്ലൊരു വിവരണം ! കാഴ്ചകള് കണ്ണീന്ടെ മുമ്പിലെ സിനിമയെന്ന പോലെ വിറ്യുന്നു! എന്ടെ ഭാല്ല്യകാലം ഓര്മ്മ വന്നു! കൂടുതല് എഴുതണം കേട്ടോ!

    ReplyDelete