Thursday 20 January 2011

സഹതാപം!!!






ബംഗ്ലാദേശുകാര്‍ക്ക് വിസ നിര്‍ത്തലാക്കി !!! 

                   ഇടക്കാലത്ത് സൗദി അറേബ്യയില്‍ വന്ന വാര്‍ത്തയാണ്... ഇതില്‍ പ്രത്യേക വികാരം കൊള്ളുവാന്‍, എനിക്കിവരുമായി നേരില്‍ യാതൊരു ബന്ധവുമില്ലെങ്കിലും, നേര്‍ക്കാഴ്ചയിലുണ്ടായ ചില അനുഭവങ്ങള്‍ നിങ്ങളോട് പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു...അതൊരു തെറ്റായിപ്പോകുമോ??? ഇല്ലെന്നു തന്നെ വിശ്വസിക്കട്ടെ..... 

                പൊടിമീശ മുളച്ചു പൊട്ടുന്ന പ്രായത്തിലുള്ളവര്‍ മുതല്‍ മുടിയെല്ലാം നരച്ചു കുമ്മി, നിവര്‍ന്നു നടക്കാന്‍ പോലും കഴിയാത്തവര്‍ വരെ ഈ ദരിദ്രരാഷ്ട്രത്തില്‍ നിന്നും ഇവിടെ സൗദിയില്‍ പണിയെടുക്കുന്നു എന്നത് യാഥാര്‍ത്ഥ്യം!!
സംസ്കാരവും വിദ്യാഭ്യാസവും ഉള്ളവര്‍ ധാരാളം ഉണ്ട്, എങ്കിലും ഇത് രണ്ടും തൊട്ട് തീണ്ടിയില്ലാത്തവരും കുറവല്ല... 
                    എന്ത് ജോലിയും ചെയ്യും, വളരെ കുറച്ചു വേതനം കൊടുത്താല്‍ മതി, ഇങ്ങനെയൊക്കെ കുറേ ഗുണകണങ്ങള്‍ നമ്മളെ അപേക്ഷിച്ച് അവരിലുണ്ട്!!! ഇക്കാരണത്താലാകാം ഇവിടുത്തെ മുതലാളിമാര്‍ക്ക് ഇവരെ വലിയ ഇഷ്ട്ടവുമാണ്, കൂടുതല്‍ വിസ അവര്‍ക്കായി നല്‍കുകയും ചെയ്തിരുന്നു...   
                  അല്‍പന് ഐശ്വര്യം വന്നാല്‍  അര്‍ദ്ധരാത്രി കുടപിടിക്കും എന്നു പറയുംപോലെയായിരുന്നു പിന്നീടുള്ള അവസ്ഥ!! എവിടെ നോക്കിയാലും 'ബംഗാളികള്‍' എന്നു ഇവിടെ എല്ലാരും വിളിക്കുന്ന ബംഗ്ലാദേശുകാര്‍!!! കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നതും ബംഗാളികളായിരുന്നു എന്നത് മറ്റൊരു സത്യം...

                  തങ്ങള്‍ ഇവിടം പിടിച്ചടക്കിക്കഴിഞ്ഞു എന്നൊരു 'ദുഷ്ചിന്ത' ഇവരില്‍ പലര്‍ക്കും ഉണ്ടായിരുന്നോ എന്നു ചോദിച്ചാല്‍, ഉത്തരം 'അതെ' എന്നു നല്‍കുവാന്‍ പോകുന്ന രണ്ടു ഉദാഹരണങ്ങള്‍ പറയാം:-

( ഞാന്‍ ഇവിടെ വന്ന ശേഷം കേട്ട വാര്‍ത്തകളാണ്, കൃത്യമായുള്ള വിവരങ്ങള്‍ ശേഖരിച്ചാല്‍ ചിലപ്പോള്‍ നേരിയ വ്യത്യാസം വന്നേക്കാം, എന്‍റെ കാതുകളിലെത്തിയതിനെ അതെ പോലെ ഇവിടെ പകര്‍ത്തുന്നു, സത്യത്തില്‍ ഇവരുമായി ബന്ധപ്പെട്ട ഒരു ചെറുകഥയാണ് എന്‍റെ ലക്‌ഷ്യം, അതിനു മുന്‍പ് ഒരു രണ്ടു വാക്ക്...അത്ര മാത്രം!!!! )  

                     ദമ്മാമിലെ മാര്‍ക്കെറ്റിലാണ് സംഭവം നടന്നത്, ഷോപ്പില്‍ നില്‍ക്കുന്ന ബംഗാളി സാധനം വാങ്ങാനെത്തിയ 'സൗദി പൗരനുമായി' വാക്കേറ്റമുണ്ടാക്കി, കണ്ടു നിന്ന മറ്റു ബംഗാളികള്‍ക്ക് സഹിച്ചില്ല, അവര്‍ ഇടപെട്ടു ഈ സൗദിയെ കൂട്ടം ചേര്‍ന്നു തല്ലിച്ചതച്ചു!!! പിന്നീട്  ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... അതെ, എല്ലാവരും അകത്തായി!!! 

നമുക്കൊക്കെ അഭിമാനിക്കാം... എന്തെന്നാല്‍, ഇങ്ങനെ ഒരു അന്യനാട്ടില്‍ ജീവിക്കാന്‍ വന്നാല്‍ അവിടത്തുകാരോട് നാം മര്യാദയോട് കൂടിയേ പെരുമാറൂ...അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നമ്മില്‍പ്പെട്ട പത്തു പേരില്‍, ഒന്‍പതു പേരും വിവേകമുള്ളവരുമായിരിക്കും... 

         ഇത് ദാമ്മാമിലായിരുന്നെങ്കില്‍ പിന്നൊന്ന് റിയാദില്‍, ഒരു സൗദി യുവതിയെ ആറ് ബംഗാളികള്‍ ചേര്‍ന്നു മാനഭംഗം ചെയ്ത ശേഷം കഴുത്തറുത്തു കൊന്നു!!!

കുറ്റവാളികളെ നടുറോഡില്‍ തൂക്കിലേറ്റിയത് മറ്റൊരു വാര്‍ത്ത‍!!!   
                പ്രശ്നങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതിനു ഒരു തടയിടാനാകം വിസ നിര്‍ത്തലാക്കിയത്, ഇപ്പോള്‍ വീണ്ടും കൊടുത്തു തുടങ്ങിയെന്നു കേള്‍ക്കുന്നു...അതെന്തോ ആകട്ടെ, 

നമുക്ക് കഥയിലേയ്ക്ക് കടക്കാം....

            മുന്‍സിപ്പാലിറ്റിയുടെ വണ്ടിയില്‍ വന്നു തെരുവ് വൃത്തിയാക്കുന്ന ഒരു ബംഗാളിയാണ് കഥാപാത്രം...
            വീടുകളില്‍ നിന്നും പുറം തള്ളുന്ന ആഹാരത്തിന്‍റെ അവശിഷ്ട്ടങ്ങള്‍ ഉള്‍പ്പെടുന്ന ചപ്പു ചവറുകള്‍ റോഡരികില്‍ വെച്ചിരിക്കുന്ന വീപ്പകളിലുണ്ടാകും, അതു ഓരോന്നായി എടുത്തുപൊക്കി ചവറിടുന്ന വണ്ടിയിലേയ്ക്ക് തട്ടണം, കൈയ്യില്‍ ഒരു ബ്രഷ് ഉണ്ടാകും അതുപയോഗിച്ചു പരിസരമെല്ലാം വൃത്തിയാക്കുകയും വേണം... 

                                രാവിലെ കൃത്യം ഏഴു മണിയാകുമ്പോള്‍ ഇയാള്‍ ഞാന്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്നിലെത്തിയിട്ടുണ്ടാകും... ഇതേ സമയത്താണ് ഞാന്‍ ജോലിക്ക് പോകാനായി പുറത്തിറങ്ങുന്നത്...ബംഗാളിയെ കണി കാണുന്നത് നല്ലതാണോ ചീത്തയാണോ എന്നൊന്നും പറയാന്‍ കഴിയില്ല, എനിക്കെന്നും ഒരേപോലെ തന്നെ... ഞാന്‍ ചെയ്യേണ്ടത് ഞാന്‍ തന്നെ ചെയ്യുമ്പോള്‍ എനിക്ക് പറഞ്ഞ വേതനം കമ്പനി തരുന്നു!!! 

                 വീപ്പകളില്‍ എത്ര വൃത്തികെട്ടു  നാറിയ വസ്തുക്കള്‍ ഉണ്ടായാലും യാതൊരു അറപ്പും കൂടാതെ ഇയാള്‍ എടുത്തു വണ്ടിയിലേയ്ക്ക് ഇടുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്...നമ്മളൊക്കെ സുഖിക്കുകയല്ലേ??? ശരീരത്തില്‍ ഒരു പൊടി പറ്റുവാന്‍ പോലും ഇഷ്ട്ടപ്പെടാത്തവര്‍!!!(എല്ലാരേം ഉള്‍പ്പെടുത്തിയിട്ടില്ല കേട്ടോ...)

അങ്ങനെ ബംഗാളിയോടുള്ള  സഹതാപം എന്നില്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു...

                                   എന്‍റെ പ്രാതല്‍(ബ്രേക്ക്‌ ഫാസ്റ്റ്) എന്നത്, ഒരു ചായയും രണ്ട് പുഴുങ്ങിയ മുട്ടയുമായിരിക്കും...കൂടെയുള്ള സുഡാനികള്‍ക്കും, മിസ്രികള്‍ക്കും(ഈജിപ്റ്റ്‌) പാക്കിസ്ഥാനികള്‍ക്കും ഇഷ്ട്ടപ്പെടുന്ന പലതും അടുക്കളയിലുണ്ടാകും, പക്ഷേ എനിക്ക് ചേരുന്നത് ഇതാണ്, അതും മുട്ടയുടെ മഞ്ഞക്കരു എടുത്തു കളഞ്ഞേ കഴിക്കൂ, ഉമ്മ പറഞ്ഞിട്ടുണ്ട് അതു അധികം കഴിച്ചാല്‍ ദോഷമാകുമെന്ന്!!!

                          ചായ അവിടെ വെച്ച് കുടിക്കുമെങ്കിലും മുട്ട രണ്ടും എടുത്തു ലാപ്ടോപിന്‍റെ  ബാഗില്‍ സൂക്ഷിക്കുകയും ഓഫീസില്‍ ചെന്ന ശേഷം കഴിക്കുകയുമാണ് ചെയ്യുന്നത്...

              കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുംമുന്‍പ് കുറച്ചു നേരം അതിലങ്ങനെ ഇരിക്കും, അപ്പോള്‍ എന്‍റെ മുന്നില്‍ ഈ ബംഗാളി തന്‍റെ ജോലി ചെയ്യുന്നുണ്ടാകും, ബ്രഷ് ഉപയോഗിച്ച് പരിസരമെല്ലാം ആദ്യം വൃത്തിയാക്കും, അങ്ങനെകിട്ടുന്ന ചപ്പു ചവറുകളെല്ലാം വീപ്പയില്‍ തട്ടിയ ശേഷം  വീപ്പ എടുത്തുയര്‍ത്തി വാഹനത്തിലേക്ക് തട്ടും...

         ഇത് കാണുമ്പോള്‍ ചിലപ്പോള്‍ കണ്ണു നിറയാറുമുണ്ട്... അയാള്‍ പോയിക്കഴിയുമ്പോള്‍ ഞാനും വണ്ടിയെടുക്കും...

               അങ്ങനെയിരിക്കെ ഒരുനാള്‍ എനിക്കൊരു ആഗ്രഹം, അതെ, അയാളെയോന്നു സഹായിക്കണം... പാവങ്ങളെ സഹായിക്കുന്നതില്‍ വലിയൊരു നെട്ടമെന്താണ്!!! പണം കൊണ്ട് സഹായിക്കാനാണെങ്കില്‍ ശമ്പളം കിട്ടണം, അതു കിട്ടിയാല്‍ നേരെ ബാങ്കിലെയ്ക്കല്ലേ പോകുന്നത്??? കമ്പനി താമസവും ഭക്ഷണവും തരുന്നതിനാല്‍ അധികമൊന്നും കൈയ്യില്‍ വെയ്ക്കാറില്ല കേട്ടോ...

                            അല്ലാതെയും നമുക്ക് പാവങ്ങളെ സഹായിക്കാമല്ലോ, അങ്ങനെ ഞാന്‍ ഒരു പദ്ധതിയിട്ടു, എനിക്ക് കഴിക്കാനായി രണ്ടു പുഴുങ്ങിയ മുട്ടയുണ്ടല്ലോ, അതിലൊന്ന് അയാള്‍ക്ക് കൊടുക്കാം, രണ്ടും കൊടുക്കണമെന്നുണ്ട്,സ്വന്തം താടിക്ക് തീ പിടിക്കുമ്പോള്‍ അന്യന്‍റെ താടിയിലെ തീയണയ്ക്കാന്‍ പോകുന്നത് മണ്ടത്തരമല്ലേ കൂട്ടരേ...

            ഒന്നു കൊടുത്താല്‍ അയാളുടെ വിശപ്പൊന്നും അടങ്ങില്ല, എന്നാലും മനസ്സിന് ഒരു സന്തോഷം കിട്ടും രണ്ടു പേര്‍ക്കും!!! 


                                അങ്ങനെ അടുത്ത ദിവസം പദ്ധതി നടപ്പാക്കണം എന്ന  ഉദ്ദേശവുമായി ഞാന്‍ എത്തി... അയാള്‍ ജോലി കഴിഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ വിളിച്ചു കൊടുക്കാമെന്നു കരുതി...കാറില്‍ കയറാതെ അവിടെത്തന്നെ നിന്നു...
                  അയാളുടെ ജോലി കഴിഞ്ഞു, വീപ്പ പൊക്കിയെടുത്ത് തട്ടി...ഞാന്‍ മുട്ട കൈയ്യിലെടുത്തു കൊണ്ട് മുന്നോട്ടു നടക്കാനൊരുങ്ങിയപ്പോള്‍.... ഞൊടിയിടയില്‍  അയാളുടെ വണ്ടി പുറപ്പെട്ടു കഴിഞ്ഞു!!! അതിന്‍റെ പുറകില്‍ ചാടിക്കയറി ഒരു വശത്തായി പിടിച്ചു തൂങ്ങി അയാളും, ഞാന്‍ തിരിഞ്ഞു നോക്കി, വേറെയാരും കണ്ടില്ല എന്നു സമാധാനിച്ചു വണ്ടിയെടുത്തു...

                          പിറ്റേ ദിവസം അയാളുടെ ജോലി തുടങ്ങുമ്പോള്‍ തന്നെ കൊടുക്കാമെന്നു കരുതി, അയാളെ കണ്ടു, തറയിലേയ്ക്കാണ് നോട്ടം! ബ്രഷ് ഉപയോഗിച്ച് ചവറുകള്‍ കൂട്ടിയിടുന്നു, ഒരു വെള്ളം ബോട്ടിലിന്റെ ഒഴിഞ്ഞ കാര്‍ട്ടൂണിലാക്കി വീപ്പയിലേയ്ക്ക് തട്ടാന്‍ ഒരുങ്ങുന്നു...
ഞാന്‍ വിളിച്ചു " ഹേയ് ഭായ്"

പെട്ടെന്ന് എനിക്ക് പുറകില്‍ നിന്നും മറ്റൊരു വിളി!!!

"ബൈജു ഭായ്... യു ആര്‍ നോട്ട് ഗോയിംഗ് ?? "

ഞാന്‍ തിരിഞ്ഞു നോക്കി...ഖാന്‍ മുഹമ്മദ്‌ ആണ്, ലബോറട്ടറി ടെക്നിഷന്‍( മണ്ണ് ടെസ്റ്റ്‌ നടത്തുന്നു. ഞങ്ങളുടേത് കണ്‍സ്ട്രക്ഷന്‍ കമ്പനി ആണല്ലോ!!! ) 

 " യാഹ്... ഐ ആം ഗോയിംഗ് നൌ " എന്നു പറഞ്ഞൊന്നു ചിരിച്ചിട്ട് പോയി വണ്ടിയില്‍ കയറി...ഇന്നും ബംഗാളിക്കു മുട്ട വിധിച്ചിട്ടില്ലാ...

                     പിന്നെയും ദിവസങ്ങള്‍ കടന്നു,  അയാള്‍ എന്‍റെ മുഖത്തേയ്ക്കു നോക്കുന്നത് ഇത് വരേയ്ക്കും ഞാന്‍ കണ്ടിട്ടില്ല, ഒന്നു നോക്കുകയോ, എന്തെങ്കിലും പറയുകയോ ചെയ്‌താല്‍ എനിക്കൊരു അറപ്പും കൂടാതെ ഇയാള്‍ക്ക് മുട്ട കൊടുക്കാന്‍ കഴിഞ്ഞേനെ... കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍  ഈ സംഗതി ഞാന്‍ മറന്നു എന്നു തന്നെ പറയാം...

           അങ്ങനെയിരിക്കെ ഒരു നാള്‍ രാവിലെ വണ്ടിയില്‍ കയറി, സ്റ്റാര്‍ട്ട്‌ ചെയ്യാനായി താക്കോല്‍ തിരുകി, ഒന്നില്‍ പിഴച്ചാല്‍ മൂന്നു എന്നു പറയുംപോലെ കുറഞ്ഞത്‌ മൂന്നു തവണ തിരിച്ചാലേ സ്റ്റാര്‍ട്ട്‌ ആവുകയുള്ളൂ...

                     രണ്ടാമത് താക്കോല്‍ തിരിക്കുവാന്‍ നേരം ഞാന്‍ കണ്ടു, എന്‍റെ കാറിന്‍റെ മുന്നിലേയ്ക്ക് നമ്മുടെ 'ബംഗാളി' നടന്നു വരുന്നു, കൈയ്യില്‍ ബ്രഷ് ഇരിപ്പുണ്ട്... 

                         അയാള്‍ക്ക് എന്തോ എന്നോട് പറയാനുണ്ട്, സാബ്, സാബ് ഒന്നു നില്‍ക്കൂ എന്നു ഉറക്കെ പറഞ്ഞു കൈ കാണിച്ചു വേഗത്തില്‍ നടന്നടുക്കുന്നു... ഞാന്‍ ആകാംഷയോടെ ഗ്ലാസ്‌ താഴ്ത്തി... തേടിയ വള്ളി കാലില്‍ ചുറ്റി എന്നു മനസ്സില്‍ പറഞ്ഞു...

ഹിന്ദിഭാഷയാണെങ്കിലും ഒരു 'ബംഗ്ലാ' ടച്ച്‌ ഉണ്ട്...   

ഹാഹ് എന്താ, എന്ത് പറ്റിയെന്നു ഞാന്‍ ചോദിച്ചു...

                         സ്നേഹബന്ധം കൂടാനല്ല ഈ വരവെന്ന് അടുത്ത് വന്ന മുഖഭാവം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, അയാള്‍ പുറകിലെ വീപ്പ ഇരിക്കുന്നിടത്തെയ്ക്ക് വിരല്‍ ചൂണ്ടി, തീരെ 'മോശമല്ലാത്ത' ഉച്ചത്തില്‍ പറഞ്ഞു തുടങ്ങി:-

" സാബ് അതു കണ്ടോ??" 

               ഞാന്‍ അങ്ങോട്ട്‌ നോക്കി...വീപ്പ കണ്ടു!! പ്രത്യേകിച്ചൊന്നും തോന്നിയില്ല, പക്ഷേ അയാള്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് ശെരിക്കും കാര്യം പിടി കിട്ടിയത്...
                 നമ്മുടെ കെട്ടിടത്തിനു മുന്നിലെ വീപ്പ ആയതിനാല്‍ ഈ ചവറെല്ലാം ഇതില്‍ നിന്നും പുറം തള്ളുന്നതാണ്, ഒരു പാക്കിസ്ഥാനിയാണ് ഈ ജോലി നിര്‍വ്വഹിക്കുന്നത്, അയാള്‍ കഴിഞ്ഞ രാത്രിയില്‍ തട്ടിയ ചവറൊന്നും വീപ്പയ്ക്കുള്ളില്‍ വീണിട്ടില്ല!! എല്ലാം അതിന്‍റെ ചുറ്റുവട്ടത്തായി ചിതറി കിടക്കുന്നു...ഇതാണ് ബംഗാളിയെ ചൊടിപ്പിച്ചത്!!!

ഞാന്‍ തല ഒന്നു കൂടെ ഉയര്‍ത്തി നോക്കി സംഗതി കണ്ടു മനസ്സിലാക്കി...  
അയാള്‍ തുടര്‍ന്നു...

             "നിങ്ങളൊക്കെയല്ലേ  ഇവിടെ കിടക്കുന്നവര്‍, ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് കാണുന്നതല്ല, എന്നും ഇങ്ങനെ തന്നെ, ഞാനും മനുഷ്യനാണ്, സഹിക്കുന്നതിനു ഒരു പരിധിയുണ്ട്, എന്നും പറയണമെന്ന് വിചാരിക്കും, ഇന്നാണ് എനിക്ക് സമയം കിട്ടുന്നത്..."

ഇതെല്ലാം ചെയ്തത് ഈ പാവപ്പെട്ടവനില്‍ പാവപ്പെട്ടവനായ ഞാനാണ് എന്ന രീതിയിലാണ് ബംഗാളിയുടെ സംസാരം...ആ പാക്കിസ്ഥാനിയെ കൊന്നിട്ട് ജയിലില്‍ പോയാലും വേണ്ടീലെന്നു തോന്നിപ്പോയി...

                          അയാള്‍ വീണ്ടും കുറേ പറഞ്ഞു, ചീത്തയും വിളിച്ചു, അമ്മയ്ക്ക് വിളിക്കുന്നതിനു പകരം പെങ്ങള്‍ക്ക് വിളിച്ചു!!! അതു ഇവന്മാരുടെ ഒരു ശൈലിയാണ്!!! എല്ലാം കേട്ടു തലയും കുലുക്കി ഞാന്‍ ഇരുന്നു.... അയാള്‍ 'കസര്‍ത്ത്' നിര്‍ത്തി പുറം തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ ഒന്നു നെടുവീര്‍പ്പിട്ടു!! 

അപ്പോള്‍ അതാ അയാള്‍ വീണ്ടും വരുന്നു... ഇനിയുമുണ്ടോ ബാക്കി????????????

എനിക്ക്  നേരെ  വിരല്‍  ചൂണ്ടിയിട്ട് :-
         " അതേ ഇത് ഞാന്‍ ആദ്യമായും അവസാനമായും പറയുകയാ... ഇനിയിങ്ങനെ കണ്ടാല്‍ ഈ ചവറും പിന്നെ ഈ പരിസരങ്ങളിലെ ചവറും വീപ്പകളിലാക്കി, നിന്റെയൊക്കെ മുറികളില്‍ കൊണ്ട് വന്നു തട്ടും ഞാന്‍, നോക്കിക്കോ............"

അതൊരു ഭീഷണിയായിരുന്നു!!!

എനിക്ക് ദേഷ്യം വന്നു...മനസ്സിന്‍റെ നിയന്ത്രണം വിടും മുന്‍പ്...കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു, ഒന്നു മൂപ്പിച്ചു തന്നെ എടുത്തു സ്ഥലം കാലിയാക്കി...

മുന്നോട്ടു പോകുമ്പോള്‍ വശത്ത് ചരിച്ചു വെച്ചിരിക്കുന്ന ബാഗില്‍ പതിയെ കൈവെച്ചു...വേറൊന്നിനുമല്ല അറിയാതെയെങ്ങാന്‍ ഈ മുട്ട താഴെ വീണു പോയാല്‍, ആ ബംഗാളി എടുത്തു കഴിച്ചു പോയാലോ????????

No comments:

Post a Comment