Saturday 28 May 2011

തെരുവിലൊരമ്മ...




ഇനിയും മയങ്ങാത്ത കുട്ടീ,
നീയിന്നറിയേണ്ടതമ്മയിന്നാരോ...

മടിയില്‍ കിടക്കുമെന്‍ പൈതലേ നീയെന്‍റെ -
കവിളത്തു കൈകളാലെന്തു ചൊല്ലീ...

നക്ഷത്രമില്ലാത്തൊരാകാശമാണു ഞാന്‍-
നഗ്നമീ പാദവുമെന്തു ഭംഗീ...

താരാട്ടു പാടുവാന്‍ താളവുമില്ലെന്നില്‍- 
തെരുവിലെ പേക്കോലമായൊരാള്‍ നിന്റമ്മ !!!

തെരുതെരെ പെയ്യുന്ന മഴയെത്തിയെന്നാലും-
നെഞ്ചോടു ചേര്‍ത്തു ഞാന്‍ ആട്ടിയുറക്കാം !

സ്നേഹവും സാന്ത്വന വാക്കുമില്ലാ-
സ്നേഹിയ്ക്കുവാനിന്നിവിടാരുമില്ലാ...

വേദനയാണെന്‍റെ  കുഞ്ഞിനിതെന്തോ,
വേര്‍പ്പെട്ടു പോകാതെ കാത്തിടാമമ്മ ! 

വിശപ്പെന്ന മാരണമാണൊരു  ബാധ്യത-
ഏമാന്‍റെ മടിശ്ശീല വീര്‍ത്തിരുന്നിട്ടും !  

വേദവും വേദാന്തമൊന്നുമറിയില്ല-
ഭീഷണി കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്ന മാംസമായി ! 

എന്തു നീയെന്നെക്കുറിച്ചെന്തു കരുതിയോ? 
അമ്മയാണ് കുഞ്ഞേ ഇത് നിന്റമ്മയാണേ...

അമ്മയായി നിനക്ക് ഞാനൊരമ്മയായി തീര്‍ന്നു പോയി !


കണ്ടിട്ടും പലപ്പോഴും നാം കണ്ടില്ലെന്നു നടിക്കുന്ന ചില ജീവിതങ്ങളുണ്ട്. തെരുവില്‍ വസിക്കുന്നവരുടെ ജീവിതങ്ങള്‍ ! 
അവര്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും, അവരും മനുഷ്യര്‍ തന്നെയാണെന്നു പോലും ചിന്തിക്കാതെ അവഗണിയ്ക്കുന്ന ചില മനുഷ്യജീവികള്‍ക്കെതിരെ പറയാന്‍ അവര്‍ക്കും പരാതികളും പരിഭവങ്ങളുമുണ്ടാവും !

വിഭവ സമൃദ്ധമായ  ആഹാരം നാം കഴിക്കുമ്പോള്‍ ഒരിക്കലെങ്കിലും ഈ പട്ടിണിക്കോലങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

വഴിയരികിലെ എച്ചില്‍ പാത്രങ്ങളില്‍ നിന്നും വിശപ്പടക്കുമ്പോള്‍ അവരും ദൈവത്തോട് നന്ദി പറയുന്നുണ്ടാവും അല്ലേ...

നമുക്കും പറയാം നന്ദി, ഒരു നല്ല ജീവിതം തന്നതിനുള്ള നന്ദി ! നന്ദി........ നന്ദി.......... നന്ദി............. 

Monday 16 May 2011

വിരഹം ( മാപ്പിളക്കവിത ) !




ആകെയിന്നീ ലോകമെന്നില്‍ -
ആരുമില്ലാതന്ന്യമായി, 
ആശ നല്‍കിയ പൈങ്കിളീയെന്‍-
നോവുമുള്‍ത്തടം കണ്ടുവോ ? 

മഹറു നല്‍കീ, മാല ചാര്‍ത്തീ,
മാരനായീ വന്നു നിന്നു. 
രാവുകള്‍ക്കന്നാകെയെന്‍റെ-
പാഴ്ക്കിനാവൊരു ഭാരമായീ  ! 

കനവു പൂക്കും തീരമൊന്നില്‍ -
കാത്തിരിയ്ക്കാമെന്നു ചൊല്ലീ,
കണ്ണുനീരാല്‍ യാത്രയാക്കിയ-
നേരമൊന്നിന്നോര്‍ത്തുവോ ? 

ഏഴു കടലും താണ്ടി ഞാനി-
ന്നേകനായീ മരുവിലിന്നും, 
ഏതു കോണില്‍ പോയിയാലും-
മായുകില്ലാ നിന്‍റെയോര്‍മ്മ ! 

കരഞ്ഞു കലങ്ങും മിഴിയതാലെ-
കരുണ തേടുന്നഞ്ചു നേരം !
അറിയുകില്ലീ വിധിയെനിക്കി-
ന്നെന്തിനായി നല്‍കീ ?

Saturday 7 May 2011

അമ്മേ വിളിക്കുന്നു....



താരാപഥത്തിലെ താരാട്ടുകൊട്ടാര-
താഴുകള്‍ക്കധിപയാണമ്മ...

നേരാകുമെന്നുള്ളില്‍ നേര്‍വഴി നല്‍കിയ-
നൈപുണ്യമാണെനിയ്ക്കമ്മ...       

ആരോപണങ്ങള്‍ക്കുമാശ്വാസമാകുന്ന-
ആശ്രിതയാണെന്നുമമ്മ  !

അശ്രു, പൊഴിയ്ക്കുന്ന കണ്‍കളെ കാണു- 
മ്പോളശ്രുവായിത്തീര്‍ന്നിടുമമ്മ ! 

എത്ര വളര്‍ന്നാലും എന്ത് നാമായാലും,
അമ്മയില്‍ വെറുമൊരു കുഞ്ഞ് മാത്രം ! 

പോരായ്മയുണ്ടാവാം പൊരുത്തക്കേടുണ്ടാവാം,
എന്നാലും, പെറ്റു വളര്‍ത്തിയോരമ്മയല്ലേ...   

പൊക്കിള്‍ക്കൊടിയിലെ ഉണങ്ങാത്ത മുറിവുമായി-
പൊന്നമ്മയെന്നും കാത്തിരിപ്പൂ...
പൊന്നമ്മയെന്നും കാത്തിരിപ്പൂ... 

                  അമ്മയെ കാണാന്‍ കഴിയുന്നവര്‍ കാണുക ! കഴിയാത്തവര്‍ ഒന്ന് ഫോണ്‍ ചെയ്യുകയെങ്കിലും വേണം! സ്നേഹത്തോടെ അല്‍പ്പം സംസാരിക്കുക ! മറ്റ് വിഷയങ്ങള്‍ ഒന്നും മനസ്സില്‍ വേണ്ട കേട്ടോ, അമ്മയുടെ വാത്സല്യത്തിന് വേണ്ടി മാത്രം, അമ്മ ആഗ്രഹിക്കുന്ന മക്കളുടെ സ്നേഹത്തിന് വേണ്ടി മാത്രം ഒരു ഓര്‍മ്മപ്പെടുത്തല്‍... 

(ഇല്ലാത്തവര്‍............................ മനമുരുകി പ്രാര്‍ത്ഥിക്കുക ! ) 

ദയവായി ഇത് നിഷേധിക്കരുതേ...

"ഹാപ്പി മദേഴ്സ് ഡേ" 

Tuesday 3 May 2011

പുലര്‍കാല സ്വപ്നം !





പുലരിതന്‍ പൂച്ചെണ്ട് പുല്‍കിയുണര്‍ത്തിയ -    
പുതുമഞ്ഞു തുള്ളിയായി നിന്നു !

പുണരുവാന്‍ ഞാനെന്‍റെ മേനീയുയര്‍ത്തി -  
പുതുമകള്‍ മെല്ലെ പകര്‍ന്നൂ..

ആര്‍ദ്രമാമെന്നിഷ്ട്ടം ആദ്യമായി ചൊല്ലുമ്പോള്‍,
ആലില പോലൊന്നുലഞ്ഞൂ...

വേനലിന്‍ മഴയത്ത് വീണതന്‍ താരാട്ട് -
കാതിലെ കുളിരായലിഞ്ഞൂ...

താമര വിരിയുന്ന താരക പൊയ്കയില്‍
പൂമിഴിത്തോണി തുഴഞ്ഞൂ ...

അമ്പിളിതാഴത്തില്‍  പൊന്‍വിരല്‍  തഴുകുമ്പോള്‍-
വാര്‍മുകില്‍ വെറുതേ വിതുമ്പീ...