Monday 23 January 2012

വിട !



വിട ചൊല്ലിയകലുമീ വിരഹാര്‍ദ്ര യാമത്തില്‍ -
ഒരു മിഴിനീര്‍ത്തുള്ളി വീണലിഞ്ഞൂ...
പൊരുളറിയാതെയെന്നനുരാഗ ശില്‍പ്പങ്ങള്‍ -
വഴി മറന്നെങ്ങോ പോയണഞ്ഞൂ...

ഇനിയെത്ര നാളിതെന്നറിയാതെ ഞാനൊരു -
ചപല സങ്കല്പ്പമായി നിന്നൂ...
സ്വന്തമെന്നൊന്നു കരുതീ നിന്നില്‍ ഞാന്‍ -
സാന്ത്വനമാവാന്‍ കൊതിച്ചൂ...

എനിക്കേറ്റം പ്രിയമായി, എനിക്കേറെ വരമായി -
ഞാനറിയാതൊരു നിഴലായി വന്നൂ...
സ്വപ്‌നങ്ങള്‍ പൂക്കുന്ന താഴ്‌വരയില്‍ നമ്മള്‍  -
സ്വപ്നഹാരങ്ങള്‍ കൊരുത്തൂ...

ഇരുള്‍ വീണ ജന്മത്തിന്‍ പകലാണ്‌ നീയെന്നെന്‍ -
ഹൃദയത്തില്‍ മെല്ലേയെഴുതീ...
അറിയുന്നു പോകുവതെന്തെന്നുമെല്ലാം -
ഞാനെന്ന രൂപത്തിന്‍ ശാപം !

ഈദ് മുബാറക്ക്‌ !




എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ 'ഈദ് മുബാറക്ക്‌' നേരുന്നു ! 

'ഈദ് മുബാറക്ക്‌' 

'ഈദ് മുബാറക്ക്‌' 

ഇന്ന് എസ് എം എസ്സുകളായും മെയിലുകളായും നമ്മള്‍ ഈദ് ആശംസകള്‍ കൈമാറുന്നു ! 

'ഈദ് മുബാറക്ക്‌'

പരസ്പരം കാണുമ്പോള്‍ കൈകള്‍ കൊടുത്തു മുസാഫാത്(ആലിംഗനം) ചെയ്തു കൊണ്ട് നാം പറയുന്നു ! 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈ പദം ഇത്രയും പ്രചാരത്തില്‍ ഉണ്ടായിരുണോ ? 
പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ?

എന്തായാലും അതുമായി ബന്ധപ്പെട്ട് നടന്ന രസകരമായ ഒരു കഥയാണ്‌ ഞാനിവിടെ വിവരിക്കുന്നത് :-


*****************************************************************


എന്‍റെ സുഹൃത്ത് 'ഷഫീക്ക്' രാവിലെ ഈദ് നമസ്കാരം കഴിഞ്ഞ്‌ പള്ളിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്‍റെ കളിക്കൂട്ടുകാരനായിരുന്ന കോയക്കായുടെ മകന്‍ മുബാറക്കിനെ വളരെക്കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതാണ് രംഗം ! 

വെളിനാട്ടിലെവിടെയോ പഠിക്കാന്‍ പോയിരുന്ന മുബാറക്ക്‌ ഈദിന്‍റെ അവധിയ്ക്ക് നാട്ടില്‍ വന്നതാണ് ! 

ഷഫീക്കിനെ കണ്ടപാടെ മുബാറക്ക്‌ ഓടി അടുത്തുവന്ന് ഇരുകൈയ്യും കൂട്ടിപ്പിടിച്ച്‌ ഹസ്തദാനം നടത്തുന്നതിനോടൊപ്പം ഷഫീക്കിനോട് "ഈദ് മുബാറക്ക്‌" എന്നു പറഞ്ഞു...

സത്യത്തില്‍ ഷഫീക്ക് ആദ്യമായി കേള്‍ക്കുകയായിരുന്നു ഇങ്ങനെയൊരു പദം !

ഈദുല്‍ ഫിതര്‍ എന്നും, ഹാപ്പി ഈദ് എന്നുമൊക്കെ ധാരാളം കേട്ടിരിയ്ക്കുന്നു...

അങ്ങനെയുള്ള അമ്പരപ്പില്‍ നില്‍ക്കുമ്പോള്‍ തീരെ പ്രതീക്ഷിക്കാതെ മുബാറക്ക്‌ ഷഫീക്കുമായി മുസാഫത് ചെയ്യുവാന്‍ തുനിഞ്ഞു ! 

ദൂരദര്‍ശന്‍റെ വാര്‍ത്തകള്‍ക്കിടയില്‍ ഈദ് നമസ്കാരം കഴിഞ്ഞ്‌ ആളുകള്‍ ഇങ്ങനെ കെട്ടിപ്പിടിയ്ക്കുന്നത് കാണുമെങ്കിലും തനിയ്ക്കിത് ആദ്യത്തെ അനുഭവം !
അത് കൊണ്ട് തന്നെ വളരെ യാന്ത്രികമായിരുന്നു ഷഫീക്കിന്‍റെ ആലിംഗനം ! 

പെട്ടെന്നാണ് ഷഫീക്കിന്‍റെ തലയില്‍ ഒരു ലഡ്ഡു പൊട്ടിയത് ! കണ്ണുകളില്‍ ആനന്ദക്കണ്ണീര്‍ തത്തിക്കളിച്ചു !

ഷഫീക്ക് ചുറ്റും കണ്ണോടിച്ചു ! കുറച്ച് ദൂരെ തന്‍റെ കുറേ കൂട്ടുകാര്‍ കൂടി നില്‍ക്കുന്നു ! മുബാറക്കിനോട് സലാം പറഞ്ഞ് ഷഫീക്ക് അവരുടെ അടുത്തേയ്ക്ക് പാഞ്ഞു ! 

ആദ്യം മുന്നില്‍ക്കിട്ടിയവന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ചു,

( 'മുബാറക്ക്‌' എന്നു പേരുള്ളവന്‍ 'ഈദ് മുബാറക്ക്‌' എന്നു പറഞ്ഞെങ്കില്‍ 'ഷഫീക്ക്' എന്നു പേരുള്ളവന്‍ എന്ത് പറയണം??? )

അതേ... അത് തന്നെ : "ഈദ് ഷഫീക്ക്" 

കൂട്ടുകാരന്‍ ഒന്ന് ഞെട്ടി ! ( ട്യൂം...... )

അവന്‍ അതില്‍ നിന്നും മുക്തമാവും മുന്‍പ് തന്നെ ഷഫീക്ക് ഒരു ഒന്ന് ഒന്നര കെട്ടിപ്പിടിയുമങ്ങു പാസ്സാക്കി ! ( ധീം തരികിട ധോം... )

ഷഫീക്കിന്‍റെ തലയില്‍ വീണ്ടും ലഡ്ഡുക്കള്‍ പൊട്ടുവാന്‍ തുടങ്ങി, അതായത് ഒരൊറ്റ ആളിനെയും വെറുതേ വിട്ടില്ല എന്നു സാരം ! 

ശരിയ്ക്കും ഈദ് ഷഫീക്ക് അവിടെയൊരു വിളയാട്ടം തന്നെ നടത്തിയെന്ന് പറയാം !!!

അങ്ങനെയാണത്രേ ഷഫീക്കിന്‍റെ പേര് 'ഈദ് ഷഫീക്ക്' എന്നായി മാറിയത് !


എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി ഈദ് ആശംസകള്‍ നേരുന്നു !