Saturday 20 August 2011

തിരിച്ചറിവ് !



ഓരോ രാവുകളും അവനിലെ വിങ്ങലുകളായിരുന്നു, മറക്കാനാകാത്ത പ്രണയത്തിന്‍റെ നനുനനുത്ത ഓര്‍മ്മകള്‍ അവനിലെ ഉറക്കം കെടുത്തി !

നീണ്ട ആറുവര്‍ഷം അവളോടൊപ്പം നെയ്തു കൂട്ടിയ പ്രണയ സങ്കല്പങ്ങളും ഒരു സുപ്രഭാതത്തില്‍ തന്നെ വേണ്ടെന്നു നിഷ്ക്കരുണം മുഖത്ത് നോക്കി പറഞ്ഞ അവളുടെ വാക്കുകളും ഉത്തരം ലഭിക്കാതെ പോയ ചോദ്യചിഹ്നമായി മാത്രം ഇന്നും അവശേഷിയ്ക്കുന്നു ! 

തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു ! എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും അടര്‍ത്തിയെടുത്ത് കളയുവാനും കഴിയുന്നില്ല ! 

തന്‍റെ സ്വന്തമെന്നു കരുതിയവള്‍ മറ്റൊരാളുടെ കൂടെ കഴിയേണ്ടി വരുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ല ! ഇത്രയും വേദന തനിയ്ക്ക് നല്‍കിയിട്ട് എങ്ങനെ അവള്‍ സ്വസ്ഥമായി കഴിയുന്നു??? 

വിചാരങ്ങള്‍ വികാരങ്ങളായും, വികാരങ്ങള്‍ വൈരാഗ്യമായും വഴി മാറുന്നു. എല്ലാം അന്ധമായ സ്നേഹത്തില്‍ നിന്നും ഉത്ഭവിക്കുന്ന മനസ്സിന്‍റെ വിവിധ ഭാവങ്ങള്‍ !

വൈരാഗ്യം ! തന്‍റെ സ്നേഹത്തെ തിരിച്ചറിയാതെ പോയതിനാല്‍ അവളോട്‌ വൈരാഗ്യം തോന്നുന്നു, അതില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ധൈര്യവുമായി അവന്‍ പുറപ്പെട്ടു ! 

അവള്‍ വരുന്ന വഴിയില്‍ കാത്തു നിന്നു ! ചിലപ്പോള്‍ തന്നെ കാണുമ്പോള്‍ തന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് പഴയ ഓര്‍മ്മകള്‍ വരുകയും തന്നിലേയ്ക്കു തിരിച്ച് വരുകയും ചെയ്യും, അല്ലെങ്കില്‍ അവള്‍ എന്നെ വീണ്ടും തള്ളിപ്പറയും, എതായിരുന്നാലും തനിയ്ക്ക് ഈ വിഷയത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കണം ! 

അവള്‍ വരുന്നു !

അവന്‍റെ ഹൃദയത്തിന്‍റെ താളതുടിപ്പുകള്‍ ആ നിശബ്ദ സായന്ദനത്തിന്‍റെ മുതല്‍ക്കൂട്ടായി ! 

അവള്‍ അടുത്തെത്തിയതും അവന്‍ അവളില്‍ മാര്‍ഗ്ഗ തടസ്സമുണ്ടാക്കിക്കൊണ്ട് ഇരു കൈകളും വിടര്‍ത്തി മുന്നില്‍ നിന്നു ! 
ആ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി, അവള്‍ അവന്‍റെ മുഖത്തേയ്ക്കു ഒന്ന് മാത്രം നോക്കിയ ശേഷം പുശ്ചഭാവത്തോടെ മുഖം വശത്തേയ്ക്ക് തിരിച്ചു നിന്നു! അവളുടെ കൈകള്‍ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗിന്‍റെ പിടിവള്ളിയില്‍ തിരുകിക്കൊണ്ടിരുന്നു, അത് അവനോടുള്ള അതൃപ്തി ആയിരുന്നു ! 

"എന്താ മോളേ ഇങ്ങനെ??" ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ചു കൊണ്ട് അവന്‍റെ ആദ്യത്തെ ചോദ്യം !

അവള്‍ മിണ്ടിയില്ല ! 

"ഞാന്‍ നിന്നെ സ്നേഹിച്ചു എന്നല്ലാതെ, എന്ത് തെറ്റാണ് നിന്നോട് ചെയ്തത് ??, നിനക്കെന്താണ് പറ്റിയത്? ആരാണ് നിന്‍റെ മനസ്സ് ഇത്തരത്തില്‍ മാറ്റിയത് ?? "
അവന്‍റെ ചോദ്യങ്ങള്‍ കൂടിക്കൂടി വന്നു, അവള്‍ക്ക് ഒരു ഭാവവ്യത്യാസവുമില്ല ! 

ഇത് അവനെ വീണ്ടും ചൊടിപ്പിച്ചു ! 

"നീയെന്താ മിണ്ടാത്തെ ? എന്‍റെ ചോദ്യങ്ങള്‍ കേട്ടില്ലേ ? ഞാനെന്തു തെറ്റാണ് നിന്നോട് ചെയ്തത്? എന്തിനാണ് നീയെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ? എന്തെങ്കിലുമൊന്നു പറയൂ..."

ഇപ്രാവശ്യം അവള്‍ തല ഉയര്‍ത്തി "എനിയ്ക്ക് പോകണം" എന്ന് മാത്രം പറഞ്ഞു ! 

" ഇല്ല എനിയ്ക്കിന്നു രണ്ടിലൊന്ന് അറിയണം, എന്നിട്ട് നീ പോയാല്‍ മതി "

"ഇല്ലാ, എനിയ്ക്കൊന്നുമറിയില്ല , എന്നെ ശല്യപ്പെടുത്തരുത്, എനിയ്ക്ക് പോകണം" അവള്‍ വീണ്ടും പറഞ്ഞു !

"ഞാന്‍ നിനക്ക് ശല്യമായല്ലേ ? ആറു വര്‍ഷം നീ എന്‍റെ കൂടെ നടന്നു, എന്‍റെയുള്ളില്‍ ആശകളും മോഹങ്ങളും കുത്തി നിറച്ചു ! എന്നിട്ട് ഇന്ന് ഞാന്‍ നിനക്ക് ശല്യമായല്ലേ?? " 
അവന്‍റെ ശബ്ദം പതറുന്നുണ്ടായിരുന്നു ! 

"എന്‍റെ മുന്നില്‍ നിന്നു മാറൂ ഞാന്‍ പോകട്ടെ" എന്നു പറഞ്ഞ് അവള്‍ അവനെ തള്ളി മാറ്റിക്കൊണ്ട് മുന്നോട്ടു പോകവേ, അവന്‍ തന്‍റെ അരയില്‍ കരുതിയിരുന്ന കഠാര വലിച്ചെടുത്തു ! 

"എടീ നിനക്ക് പോകണമല്ലേ?? എന്നെ വഞ്ചിച്ച നിന്നെ ഞാന്‍ വെറുതേ വിടണമല്ലേ ?? ഇല്ലാ ഇന്ന് നിന്‍റെ അവസാനമാണ്, ഞാന്‍ നിന്നെ കൊല്ലും" 
നീട്ടിപ്പിടിച്ച കൈയ്യില്‍ കഠാരയുമായി തന്‍റെ നേരെ നടന്നു വരുന്ന അവനെ കണ്ട് അവള്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീടൊരു കൂസലുമില്ലാതെ കൈകള്‍ കെട്ടി അവന്‍റെ മുഖത്തേയ്ക്കു നോക്കി തിരിഞ്ഞു നിന്നു ! 

അവന്‍ അവളുടെ അടുത്തെത്തി ! 

"കൊല്ലാനാണ് ഞാന്‍ വന്നത്, നിന്നെ കൊല്ലാന്‍" അവന്‍ വീണ്ടും ആവര്‍ത്തിച്ചു !

ഇത്രയും അവനില്‍ നിന്നും കേട്ടിട്ടും അവളില്‍ ഒരു ഭാവമാറ്റവും ഇല്ലായിരുന്നു ! 

അവന്‍റെ കൈയ്യിലെ കഠാരയില്‍ അവള്‍ നോക്കി, പിന്നെ അവന്‍റെ കണ്ണുകളിലേയ്ക്കും, എന്നിട്ട് അവള്‍ ചോദിച്ചു : 

" എന്നെ കൊല്ലാന്‍ നിനക്കാവുമോ??? " 

തീരെ പ്രതീക്ഷിക്കാത്ത ഈ പ്രതികരണത്തില്‍ അവന്‍ ശരിക്കും പതറി ! 

അവള്‍ തുടര്‍ന്നു :
"നിനക്കതിനു കഴിയില്ല, നിനക്ക് ഒന്നിനും കഴിയില്ല ! എന്തെങ്കിലും കഴിയുമായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ഒരിയ്ക്കലും ഉപേക്ഷിക്കില്ലായിരുന്നു " 

ഒരു ലാസ്യഭാവത്തോടെ അവള്‍ പറഞ്ഞത് കേട്ട് അവന്‍ ആര്‍ജ്ജിച്ചു വെച്ചിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി ! 

കുറച്ച് നേരത്തെ നിശബ്ദത ! കഠാര താഴെ വീണു ! അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ! 

ഏറെ നാള്‍ കാത്തിരുന്നിട്ടും കിട്ടാതിരുന്ന ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയ നിര്‍വൃതിയോടെ അവന്‍ തിരികെ നടക്കുമ്പോള്‍ അവള്‍ സാധാരണ പോലെ നടന്നു വീട്ടിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു !

Wednesday 17 August 2011

മഴക്കിനാവ് !




അന്തരീക്ഷം പെട്ടെന്ന് കറുത്ത മേഘാവരണത്താല്‍ മൂടപ്പെട്ടു ! 

തെല്ലൊരു ആകാംഷയോടെ ഞാന്‍ നേരെ ടെറസ്സിനു മുകളിലേയ്ക്ക് ഓടിക്കയറി ! ഒരു കുളിര്‍ക്കാറ്റ് ശരീരത്തെ തലോടിയപ്പോള്‍ മനസ്സിന് വല്ലാത്ത ഉന്മേഷം ! 

മെല്ലെ മുഖമുയര്‍ത്തി കണ്ണുകള്‍ അടച്ചു ശ്വാസം മുകളിലേയ്ക്ക് വലിച്ചെടുത്തു! അങ്ങനെ കുറേ നേരം ആ ശുദ്ധവായു ആസ്വദിച്ചു ! 

അങ്ങനെ നില്‍ക്കുമ്പോള്‍ കാതുകളില്‍ ഒരു ഇരമ്പല്‍ വരുന്നു, കണ്ണ് തുറന്ന് ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കുമ്പോള്‍ ദൂരെ പച്ചപ്പുകളെ മറച്ചു കൊണ്ട് 'മഴ' കടന്നു വരുകയാണ്, 

മഴ പെയ്തിറങ്ങുമ്പോള്‍ ഭൂമിയിലെ സസ്യലതാദികള്‍ ആനന്ദനൃത്തം ചവുട്ടുന്നത് പോലെ തോന്നിച്ചു, ദൂരെ നിന്നും കടന്നു വരുന്ന മഴയെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചെടികളെയും മരങ്ങളേയും നോക്കി ഞാന്‍ പടികളിറങ്ങി !

അപ്പോഴേക്കും മഴ എന്‍റെ വീടിനെയും പുല്‍കിക്കഴിഞ്ഞിരുന്നു ! ഞാന്‍ മെല്ലെ വീടിന്‍റെ മുന്‍വശത്തേയ്ക്ക് ചെന്നു ! മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴതുള്ളികള്‍ക്കിടയിലേയ്ക്ക് കൈകള്‍ നീട്ടി വെച്ചു... 
ആ തണുപ്പ് എന്‍റെ മനസ്സിനെയും കുളിരണിയിച്ചു !

മുറ്റത്തിന്റെ വലതു വശത്തായി എന്‍റെ കുഞ്ഞുപെങ്ങള്‍ നിര്‍മ്മിച്ച ഒരു കൊച്ചു പൂന്തോട്ടം ഉണ്ടായിരുന്നു ! മഴയില്‍ കുളിച്ചു നില്‍ക്കുന്ന ആ ചെടികളിലേയ്ക്ക്  നോക്കിയപ്പോള്‍...

"ഇക്കാക്കാ പോയി വരുമ്പോള്‍ എനിയ്ക്ക് ചെടികള്‍ കൊണ്ട് വരാന്‍ മറക്കല്ലേ..." 

ബന്ധുക്കളുടെയോ മറ്റോ വീടുകളിലേയ്ക്ക് പോകാനായി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഓടി വന്നു പറയുമായിരുന്ന അവളുടെ ശബ്ദം കാതുകളില്‍ വന്ന് അലയടിച്ചു ! 
ചിലപ്പോഴൊക്കെ ഞാന്‍ കൊണ്ട് വന്നു കൊടുത്തിട്ടുമുണ്ട്, എന്നാലും ആ ഇഷ്ട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ സങ്കടം തോന്നുന്നു ! 

ഇന്നവള്‍ വളര്‍ന്നു വലുതായി മറ്റൊരു വീട്ടില്‍ വീട്ടമ്മയായി കഴിയുന്നു ! 

പിന്നെ ഞാന്‍ ഞാന്‍ നോക്കിയത് മുറ്റത്തിന്‍റെ നടുവില്‍ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലാണ് ! 

ടെറസ്സിനു മുകളിലേയ്ക്ക് അതിന്‍റെ ശാഖകള്‍ പടര്‍ന്നു കിടക്കുന്നു, അതിന്‍റെ തടിയിലൂടെ മഴവെള്ളം ഒഴുകുന്നത് കാണാം ! 

അതും നോക്കി കുറച്ച് നേരം നിന്നപ്പോള്‍ ഒരു ശീതക്കാറ്റ് വീശിയടിച്ചു ! ദേഹമാകെ നനഞ്ഞു, പിന്നൊന്നും ആലോചിച്ചില്ല, ഞാന്‍ മുറ്റത്തേയ്ക്ക് ചാടിയിറങ്ങി, മഴയില്‍ കുളിച്ചു കളിച്ചു തിമിര്‍ത്തു, മൂവാണ്ടന്‍ മാവിനെ ചുറ്റിപ്പിടിച്ചു കറങ്ങി, അപ്പോള്‍ അതിലൂടെ ഒഴുകിയിരുന്ന മഴവെള്ളം എന്‍റെ കൈകളില്‍ വന്നിടിച്ച്‌ കൈകള്‍ക്ക് മുകളിലൂടെ ഒരു നിര്‍ത്തമില്ലാതെ പാഞ്ഞു പോകുന്നത് കാണാന്‍ എന്ത് ഭംഗിയായിരുന്നു ! 

മുറ്റത്ത്‌ നിന്നും കുറച്ച് മാറി ഒരു വലിയ കപ്പവാഴ കുലച്ചു നില്‍ക്കുന്നു, മഴ വന്നതില്‍ അതും സന്തോഷം പങ്കിടുന്നു, നെല്ലിമരം, പ്ലാവുകള്‍, തെങ്ങുകള്‍ ഇടത് വശത്തെ കിണറിനോട്‌ ചേര്‍ന്നുള്ള ആര്യവേപ്പ് ഒക്കെയും മഴയെ ആസ്വദിച്ചു നില്‍ക്കുകയാണ്...

എന്‍റെ വസ്ത്രവും ദേഹവുമെല്ലാം നനഞ്ഞു കഴിഞ്ഞു, എന്ത് സന്തോഷമാണ് അപ്പോള്‍ എന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല, 
മഴ തകര്‍ത്തു പെയ്യുകയാണ്... ഞാന്‍ ഇരു കൈകളും വിടര്‍ത്തി മുറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു...

കുറച്ച് കഴിഞ്ഞപ്പോള്‍ ഉമ്മയുടെ ശബ്ദം കേള്‍ക്കുന്നു, ഒരു കുടയുമായി ഉമ്മ പിന്നാലെയെത്തി...

"ഇതെന്താ മോനേ നിനക്ക് ഭ്രാന്തായോ?? ഈ മഴ ഇങ്ങനെ നനഞ്ഞാല്‍ പനിയും ജലദോഷവുമൊക്കെ പിടിയ്ക്കില്ലേ നിനക്ക്?? ഒന്നാമത് നാടൊട്ടുക്ക് അസുഖങ്ങളാണ്! എന്താകുമോ എന്തോ..." 

ഉമ്മ പരിഭവം പറഞ്ഞു കൊണ്ട് തോര്‍ത്ത്‌ മുണ്ടിനാല്‍ എന്‍റെ തല തോര്‍ത്തി തന്നു ! ഉമ്മയുടെ തോളില്‍ കൈ വെച്ച്‌ ചേര്‍ത്തു പിടിച്ചു വീടിനു അകത്തേയ്ക്ക് നടക്കുമ്പോള്‍ എന്നില്‍ ഉമ്മയോട് പറയാന്‍ മറുപടി ഒന്നുമുണ്ടായിരുന്നില്ല. മഴ നല്‍കിയ ആത്മ സംതൃപ്തിയുടെ നിര്‍വൃതിയില്‍ ലയിച്ചു പോയിരുന്നു ഞാന്‍ ! 


ആരോ കൈകളില്‍ തട്ടി വിളിക്കുന്നു, ഞാന്‍ കണ്ണ് തുറന്നു, മുന്നില്‍ ഹാഷിമിന്‍റെ മുഖം ! മുകളില്‍ ട്യൂബ് ലൈറ്റ് കത്തിക്കിടക്കുന്നു അതിലേയ്ക്ക് നോക്കിയതും കണ്ണുകള്‍ വീണ്ടും ഇറുകിയടച്ചു , ഇതിനിടെ ഹാഷിമിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു ! 

"മാലിഷ് ഹബീബീ അന സക്കര്‍ മുക്കയ്യിഫ്, ബാരിദ് സ്യാദ ദാക്കല്‍ ഉര്‍ഭ , ഖും ഭീ റോഒഹ് അല്‍ ഇഫ്താര്‍  " 
(അര്‍ത്ഥം : "ക്ഷമിക്കണം സ്നേഹിതാ, ഞാന്‍ എ/സി ഓഫ്‌ ചെയ്തു, മുറിയ്ക്കുള്ളില്‍ തണുപ്പ് കൂടുതലാണ്! എഴുന്നേല്‍ക്കൂ ഇഫ്താറിന് പോകാനുണ്ട് !" ) 

ഈജിപഷ്യനായ സഹ മുറിയന്‍ ആണ് ഹാഷിം ! 

നൊയമ്പിന്റെ ക്ഷീണത്താല്‍ ഇത്രയും ഉറങ്ങിയത് അറിഞ്ഞില്ല ! ഭക്ഷണം കഴിക്കാനായി എഴുന്നേല്‍ക്കുമ്പോള്‍ നേരിയ തൊണ്ട വേദന ഉണ്ടായിരുന്നു, പനിയുടെ ലക്ഷണമാണെന്ന് തോന്നുന്നു ! 

അങ്ങനെങ്കില്‍ രാത്രി കിടക്കും മുന്‍പ് ഒരു 'പനഡോള്‍' കഴിക്കണം !

Wednesday 3 August 2011

എന്‍റെ റമദാന്‍ !




"അസ്സലാമു അലൈക്കും..."

"വ അലൈക്കുമസ്സലാം..."

സുബഹി നമസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാനും 'ബുഹാരിഭായി'യുമായുളള ആദ്യത്തെ സംഭാഷണം, ഒരു പരിചയപ്പെടലിനു വേറൊരു മുഖവുരയുടെ ആവശ്യമില്ലല്ലോ !!  

ബുഹാരി ? ശ്രീലങ്കന്‍ സ്വദേശം, അന്‍പതിനു മേല്‍ പ്രായമുള്ള ഒരു കുറിയ മനുഷ്യന്‍ ! വര്‍ഷങ്ങളായി സൗദിയില്‍...  

അടുത്തു തന്നെയുള്ള 'മഖ്ബറ'(ശ്മശാനം)യിലാണ് ജോലി !

എന്നോടൊരു പ്രത്യേക വാത്സല്യമായിരുന്നു, പിതൃതുല്യമായ ആ സ്നേഹത്തിന് മുന്നില്‍ ഭാഷ ഒരു വിലങ്ങുതടി ആയിരുന്നില്ല ! 

ഞാന്‍ സ്നേഹത്തോടെ 'ബുഹാരിഭായ്' എന്ന് വിളിച്ചു ! 

വളരെ വലിയ മഖ്ബറ ആയിരുന്നു, ഒരു വശത്തിന് തന്നെ അര കിലോ മീറ്ററോളം നീളമുണ്ടായിരുന്നു, അതിന് ഒത്ത നടുവിലുള്ളൊരു പഴയ കെട്ടിടത്തിലായിരുന്നു ബുഹാരി ഭായി താമസിച്ചിരുന്നത്...
എന്നും രാവിലെ സുബഹി നിസ്കരിച്ച ശേഷം ഒന്നോ രണ്ടോ കുഴികള്‍ എടുത്തിടുമായിരുന്നു, മിക്ക ദിവസവും മയ്യിത്തുകള്‍ ഉണ്ടാവുകയും ചെയ്യും ! 
ഏതൊരു മനുഷ്യനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണല്ലോ സ്വന്തം ഖബറടക്കം എന്നത്! 

നാം ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വലിയ നന്മകളില്‍ ഒന്ന് തന്നെയാണ് മറ്റൊരാളുടെ ഖബറടക്കം ചെയ്യുക എന്ന് പറയുന്നത് ! അതിന്‍റെ പുണ്യവശങ്ങള്‍ ബുഹാരി ഭായി എനിയ്ക്ക് പറഞ്ഞു തരുമായിരുന്നു, മയ്യിത്ത്‌ വരുമ്പോള്‍ അറിയിയ്ക്കും, അപ്പോള്‍ ഞാനും അവിടെ ഒരു സഹായിയായി കൂടും... അറബികള്‍ ഖബറടക്കം കഴിഞ്ഞ്‌, മയ്യിത്ത് നിസ്കരിച്ചു ദുആ ചെയ്തു പിരിഞ്ഞാലും ഞാന്‍ ബുഹാരി ഭായിയുടെ കൂടെ അവിടെ തന്നെ നില്‍ക്കും. 

അങ്ങനെ എന്‍റെ സൗദി ജീവിതത്തിലെ ആദ്യത്തെ റമദാന്‍ വന്നു. 

സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു അത് കഴിയ്ക്കുക എന്നത് !

 റമദാനിലെ ഭക്ഷണം എങ്ങനെയെന്ന് ആശങ്കപ്പെട്ടിരിയ്ക്കുമ്പോഴാണ് അല്ലാഹു കല്‍പ്പിച്ച നിയോഗം പോലെ ബുഹാരി ഭായി :-
"ഈ നൊയമ്പുകാലം എന്‍റെ കൂടെ കൂടിയ്ക്കൂടെ" എന്ന് ചോദിയ്ക്കുന്നത് ! 

മറ്റൊന്നും ആലോചിയ്ക്കേണ്ടി വന്നില്ല, എന്‍റെ സൗദി അറേബ്യയില്‍ വന്നിട്ടുള്ള ആദ്യത്തെ റമദാന്‍, പുണ്യങ്ങളുടെ പൂക്കാലമായ നൊയമ്പുകാലം ആ നല്ല മനുഷ്യന്‍റെ കൂടെ അനുഷ്ട്ടിച്ചു..

റമദാന്‍ പത്തിന് ഉംറ ചെയ്യാന്‍ പോയി. 

ലോകത്തിലെ എല്ലാ മുസ്ലിം സഹോദരങ്ങളുടെയും 'ഖിബ്‌ല'യായ മക്കയിലെ പരിശുദ്ധമായ 'കഅബാലയം', നേരില്‍ കാണുമ്പോള്‍ ഉണ്ടായ അനുഭൂതി എന്തെന്ന് ഇവിടെ വിവരിയ്ക്കുവാനാവില്ല സഹോദരങ്ങളേ...അല്‍ഹംദുലില്ലാഹ്...

ബുഹാരി ഭായിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ഹജ്ജ് ചെയ്യുക എന്നത് ! വര്‍ഷങ്ങളായി ശ്രമിയ്ക്കുന്നു.. ഹജ്ജ് ചെയ്തു കഴിഞ്ഞാല്‍ എന്നെന്നേക്കുമായി സൗദി വിടണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം...! 
എന്നോടും ഇടയ്ക്കിടെ "ദുആ ചെയ്യണേ" എന്ന് പറയുമായിരുന്നു ! 

ആ വര്‍ഷത്തെ ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞില്ല ! 

ജോലി സംബന്ധമായി ഞാന്‍ ഇടയ്ക്ക് ദൂരേയ്ക്ക് സ്ഥലം മാറിയെങ്കിലും ബുഹാരിഭായിയുമായുള്ള സ്നേഹബന്ധം ഇടയ്ക്കിടെ ഫോണ്‍ വിളിച്ചും, സമയമുള്ളപ്പോള്‍ പോയി കണ്ടും കാത്തുസൂക്ഷിച്ചിരുന്നു....

ഒരുവര്‍ഷം കൂടി കടന്നു പോയി, 
ആ വര്‍ഷം ബുഹാരി ഭായി ഹജ്ജ് ചെയ്തു !
ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം എനിയ്ക്ക് ഫോണ്‍ ചെയ്ത്, അത്യാവശ്യമായി ഒന്ന് കാണണമെന്ന് പറഞ്ഞു ! 

അങ്ങനെ ഞാന്‍ ചെന്നു ! അപ്പോള്‍ 'എക്സിറ്റ്' പോകുവാനായി എല്ലാം ശരിയായിരുന്നു ! 

"എല്ലാം തീരുമാനിച്ചുറപ്പിച്ചു, അല്ലേ ബുഹാരി ഭായി??"

"അതേ...ഹജ്ജ് ചെയ്തല്ലോ, മനസ്സിന് വല്ലാത്ത സമാധാനം, നാട്ടില്‍ ഒരു കട പണിതിട്ടുണ്ട്, എന്തെങ്കിലും കച്ചവടം തുടങ്ങണം. ഇനി ഇവിടേയ്ക്കില്ല, മടുത്തു ! "

ശ്രീലങ്കന്‍ തമിഴും, മലയാളവും ഇടകലര്‍ത്തിയുള്ള ബുഹാരി ഭായിയുടെ ശബ്ദം ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു ! 

വിടപറയല്‍ കണ്ണുനീരില്‍ കുതിര്‍ന്നതായിരുന്നു ! ഇറങ്ങാന്‍ നേരം , 
"ഒരു നിമിഷം" എന്ന് പറഞ്ഞ് അദ്ദേഹം അകത്തേയ്ക്ക് പോയി ! 

തിരികെ വരുമ്പോള്‍ കൈയ്യില്‍ ഒരു കൊച്ചു 'ഖുര്‍ആന്‍' ഉണ്ടായിരുന്നു. 
"ഇത് നിനക്ക് വേണ്ടി മക്കയില്‍ നിന്നും വാങ്ങിയതാണ്, എപ്പോഴും കൂടെ കൊണ്ട് നടക്കണം, ഓതണം, ആ പുണ്യം എനിയ്ക്ക് തന്നെ കിട്ടുമല്ലോ"
ബുഹാരിഭായി ചിരിക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു...

ഇന്നും മരിയ്ക്കാത്ത ഓര്‍മ്മയായി ആ മനുഷ്യന്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം സമ്മാനിച്ച പോക്കറ്റില്‍ ഒതുങ്ങുന്ന ഖുര്‍ആന്‍ ഇന്നും കൂടെ കൊണ്ട് നടക്കുന്നു. അത് ഓതുന്ന പുണ്യം തീര്‍ച്ചയായും അദ്ദേഹത്തിന് തന്നെയാണ് ! എന്‍റെ പ്രാര്‍ത്ഥനകള്‍ എന്നും എപ്പോഴും അദ്ദേഹത്തിനുണ്ട്...

പരിശുദ്ധമായ ഈ റമദാന്‍ എന്നില്‍ ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഇപ്പോള്‍ പറയാനാവില്ല ! 

അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങള്‍ പൊറുത്തു കിട്ടുവാന്‍ പരമകാരുണികനും കരുണാനിധിയുമായ രക്ഷിതാവിനോട്‌ കരുണ തേടണം ! 

ശരീരത്തിനും മനസ്സിനും  പരിശുദ്ധി നല്‍കുന്ന 'നൊയമ്പുകാലം' അതിന്‍റെ പരിപൂര്‍ണ്ണ സംതൃപ്തിയോടെ പൂര്‍ത്തിയാക്കുവാന്‍ എല്ലാ സഹോദരങ്ങള്‍ക്കും കഴിയുമാറാകട്ടെ...ആമീന്‍...........   

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍ നേരുന്നു ! 

അസ്സലാമു അലൈക്കും.....