Saturday 28 May 2011

തെരുവിലൊരമ്മ...




ഇനിയും മയങ്ങാത്ത കുട്ടീ,
നീയിന്നറിയേണ്ടതമ്മയിന്നാരോ...

മടിയില്‍ കിടക്കുമെന്‍ പൈതലേ നീയെന്‍റെ -
കവിളത്തു കൈകളാലെന്തു ചൊല്ലീ...

നക്ഷത്രമില്ലാത്തൊരാകാശമാണു ഞാന്‍-
നഗ്നമീ പാദവുമെന്തു ഭംഗീ...

താരാട്ടു പാടുവാന്‍ താളവുമില്ലെന്നില്‍- 
തെരുവിലെ പേക്കോലമായൊരാള്‍ നിന്റമ്മ !!!

തെരുതെരെ പെയ്യുന്ന മഴയെത്തിയെന്നാലും-
നെഞ്ചോടു ചേര്‍ത്തു ഞാന്‍ ആട്ടിയുറക്കാം !

സ്നേഹവും സാന്ത്വന വാക്കുമില്ലാ-
സ്നേഹിയ്ക്കുവാനിന്നിവിടാരുമില്ലാ...

വേദനയാണെന്‍റെ  കുഞ്ഞിനിതെന്തോ,
വേര്‍പ്പെട്ടു പോകാതെ കാത്തിടാമമ്മ ! 

വിശപ്പെന്ന മാരണമാണൊരു  ബാധ്യത-
ഏമാന്‍റെ മടിശ്ശീല വീര്‍ത്തിരുന്നിട്ടും !  

വേദവും വേദാന്തമൊന്നുമറിയില്ല-
ഭീഷണി കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്ന മാംസമായി ! 

എന്തു നീയെന്നെക്കുറിച്ചെന്തു കരുതിയോ? 
അമ്മയാണ് കുഞ്ഞേ ഇത് നിന്റമ്മയാണേ...

അമ്മയായി നിനക്ക് ഞാനൊരമ്മയായി തീര്‍ന്നു പോയി !


കണ്ടിട്ടും പലപ്പോഴും നാം കണ്ടില്ലെന്നു നടിക്കുന്ന ചില ജീവിതങ്ങളുണ്ട്. തെരുവില്‍ വസിക്കുന്നവരുടെ ജീവിതങ്ങള്‍ ! 
അവര്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും, അവരും മനുഷ്യര്‍ തന്നെയാണെന്നു പോലും ചിന്തിക്കാതെ അവഗണിയ്ക്കുന്ന ചില മനുഷ്യജീവികള്‍ക്കെതിരെ പറയാന്‍ അവര്‍ക്കും പരാതികളും പരിഭവങ്ങളുമുണ്ടാവും !

വിഭവ സമൃദ്ധമായ  ആഹാരം നാം കഴിക്കുമ്പോള്‍ ഒരിക്കലെങ്കിലും ഈ പട്ടിണിക്കോലങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

വഴിയരികിലെ എച്ചില്‍ പാത്രങ്ങളില്‍ നിന്നും വിശപ്പടക്കുമ്പോള്‍ അവരും ദൈവത്തോട് നന്ദി പറയുന്നുണ്ടാവും അല്ലേ...

നമുക്കും പറയാം നന്ദി, ഒരു നല്ല ജീവിതം തന്നതിനുള്ള നന്ദി ! നന്ദി........ നന്ദി.......... നന്ദി............. 

No comments:

Post a Comment