Monday 16 May 2011

വിരഹം ( മാപ്പിളക്കവിത ) !




ആകെയിന്നീ ലോകമെന്നില്‍ -
ആരുമില്ലാതന്ന്യമായി, 
ആശ നല്‍കിയ പൈങ്കിളീയെന്‍-
നോവുമുള്‍ത്തടം കണ്ടുവോ ? 

മഹറു നല്‍കീ, മാല ചാര്‍ത്തീ,
മാരനായീ വന്നു നിന്നു. 
രാവുകള്‍ക്കന്നാകെയെന്‍റെ-
പാഴ്ക്കിനാവൊരു ഭാരമായീ  ! 

കനവു പൂക്കും തീരമൊന്നില്‍ -
കാത്തിരിയ്ക്കാമെന്നു ചൊല്ലീ,
കണ്ണുനീരാല്‍ യാത്രയാക്കിയ-
നേരമൊന്നിന്നോര്‍ത്തുവോ ? 

ഏഴു കടലും താണ്ടി ഞാനി-
ന്നേകനായീ മരുവിലിന്നും, 
ഏതു കോണില്‍ പോയിയാലും-
മായുകില്ലാ നിന്‍റെയോര്‍മ്മ ! 

കരഞ്ഞു കലങ്ങും മിഴിയതാലെ-
കരുണ തേടുന്നഞ്ചു നേരം !
അറിയുകില്ലീ വിധിയെനിക്കി-
ന്നെന്തിനായി നല്‍കീ ?

No comments:

Post a Comment