Wednesday 3 August 2011

എന്‍റെ റമദാന്‍ !




"അസ്സലാമു അലൈക്കും..."

"വ അലൈക്കുമസ്സലാം..."

സുബഹി നമസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാനും 'ബുഹാരിഭായി'യുമായുളള ആദ്യത്തെ സംഭാഷണം, ഒരു പരിചയപ്പെടലിനു വേറൊരു മുഖവുരയുടെ ആവശ്യമില്ലല്ലോ !!  

ബുഹാരി ? ശ്രീലങ്കന്‍ സ്വദേശം, അന്‍പതിനു മേല്‍ പ്രായമുള്ള ഒരു കുറിയ മനുഷ്യന്‍ ! വര്‍ഷങ്ങളായി സൗദിയില്‍...  

അടുത്തു തന്നെയുള്ള 'മഖ്ബറ'(ശ്മശാനം)യിലാണ് ജോലി !

എന്നോടൊരു പ്രത്യേക വാത്സല്യമായിരുന്നു, പിതൃതുല്യമായ ആ സ്നേഹത്തിന് മുന്നില്‍ ഭാഷ ഒരു വിലങ്ങുതടി ആയിരുന്നില്ല ! 

ഞാന്‍ സ്നേഹത്തോടെ 'ബുഹാരിഭായ്' എന്ന് വിളിച്ചു ! 

വളരെ വലിയ മഖ്ബറ ആയിരുന്നു, ഒരു വശത്തിന് തന്നെ അര കിലോ മീറ്ററോളം നീളമുണ്ടായിരുന്നു, അതിന് ഒത്ത നടുവിലുള്ളൊരു പഴയ കെട്ടിടത്തിലായിരുന്നു ബുഹാരി ഭായി താമസിച്ചിരുന്നത്...
എന്നും രാവിലെ സുബഹി നിസ്കരിച്ച ശേഷം ഒന്നോ രണ്ടോ കുഴികള്‍ എടുത്തിടുമായിരുന്നു, മിക്ക ദിവസവും മയ്യിത്തുകള്‍ ഉണ്ടാവുകയും ചെയ്യും ! 
ഏതൊരു മനുഷ്യനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണല്ലോ സ്വന്തം ഖബറടക്കം എന്നത്! 

നാം ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വലിയ നന്മകളില്‍ ഒന്ന് തന്നെയാണ് മറ്റൊരാളുടെ ഖബറടക്കം ചെയ്യുക എന്ന് പറയുന്നത് ! അതിന്‍റെ പുണ്യവശങ്ങള്‍ ബുഹാരി ഭായി എനിയ്ക്ക് പറഞ്ഞു തരുമായിരുന്നു, മയ്യിത്ത്‌ വരുമ്പോള്‍ അറിയിയ്ക്കും, അപ്പോള്‍ ഞാനും അവിടെ ഒരു സഹായിയായി കൂടും... അറബികള്‍ ഖബറടക്കം കഴിഞ്ഞ്‌, മയ്യിത്ത് നിസ്കരിച്ചു ദുആ ചെയ്തു പിരിഞ്ഞാലും ഞാന്‍ ബുഹാരി ഭായിയുടെ കൂടെ അവിടെ തന്നെ നില്‍ക്കും. 

അങ്ങനെ എന്‍റെ സൗദി ജീവിതത്തിലെ ആദ്യത്തെ റമദാന്‍ വന്നു. 

സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു അത് കഴിയ്ക്കുക എന്നത് !

 റമദാനിലെ ഭക്ഷണം എങ്ങനെയെന്ന് ആശങ്കപ്പെട്ടിരിയ്ക്കുമ്പോഴാണ് അല്ലാഹു കല്‍പ്പിച്ച നിയോഗം പോലെ ബുഹാരി ഭായി :-
"ഈ നൊയമ്പുകാലം എന്‍റെ കൂടെ കൂടിയ്ക്കൂടെ" എന്ന് ചോദിയ്ക്കുന്നത് ! 

മറ്റൊന്നും ആലോചിയ്ക്കേണ്ടി വന്നില്ല, എന്‍റെ സൗദി അറേബ്യയില്‍ വന്നിട്ടുള്ള ആദ്യത്തെ റമദാന്‍, പുണ്യങ്ങളുടെ പൂക്കാലമായ നൊയമ്പുകാലം ആ നല്ല മനുഷ്യന്‍റെ കൂടെ അനുഷ്ട്ടിച്ചു..

റമദാന്‍ പത്തിന് ഉംറ ചെയ്യാന്‍ പോയി. 

ലോകത്തിലെ എല്ലാ മുസ്ലിം സഹോദരങ്ങളുടെയും 'ഖിബ്‌ല'യായ മക്കയിലെ പരിശുദ്ധമായ 'കഅബാലയം', നേരില്‍ കാണുമ്പോള്‍ ഉണ്ടായ അനുഭൂതി എന്തെന്ന് ഇവിടെ വിവരിയ്ക്കുവാനാവില്ല സഹോദരങ്ങളേ...അല്‍ഹംദുലില്ലാഹ്...

ബുഹാരി ഭായിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ഹജ്ജ് ചെയ്യുക എന്നത് ! വര്‍ഷങ്ങളായി ശ്രമിയ്ക്കുന്നു.. ഹജ്ജ് ചെയ്തു കഴിഞ്ഞാല്‍ എന്നെന്നേക്കുമായി സൗദി വിടണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം...! 
എന്നോടും ഇടയ്ക്കിടെ "ദുആ ചെയ്യണേ" എന്ന് പറയുമായിരുന്നു ! 

ആ വര്‍ഷത്തെ ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞില്ല ! 

ജോലി സംബന്ധമായി ഞാന്‍ ഇടയ്ക്ക് ദൂരേയ്ക്ക് സ്ഥലം മാറിയെങ്കിലും ബുഹാരിഭായിയുമായുള്ള സ്നേഹബന്ധം ഇടയ്ക്കിടെ ഫോണ്‍ വിളിച്ചും, സമയമുള്ളപ്പോള്‍ പോയി കണ്ടും കാത്തുസൂക്ഷിച്ചിരുന്നു....

ഒരുവര്‍ഷം കൂടി കടന്നു പോയി, 
ആ വര്‍ഷം ബുഹാരി ഭായി ഹജ്ജ് ചെയ്തു !
ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം എനിയ്ക്ക് ഫോണ്‍ ചെയ്ത്, അത്യാവശ്യമായി ഒന്ന് കാണണമെന്ന് പറഞ്ഞു ! 

അങ്ങനെ ഞാന്‍ ചെന്നു ! അപ്പോള്‍ 'എക്സിറ്റ്' പോകുവാനായി എല്ലാം ശരിയായിരുന്നു ! 

"എല്ലാം തീരുമാനിച്ചുറപ്പിച്ചു, അല്ലേ ബുഹാരി ഭായി??"

"അതേ...ഹജ്ജ് ചെയ്തല്ലോ, മനസ്സിന് വല്ലാത്ത സമാധാനം, നാട്ടില്‍ ഒരു കട പണിതിട്ടുണ്ട്, എന്തെങ്കിലും കച്ചവടം തുടങ്ങണം. ഇനി ഇവിടേയ്ക്കില്ല, മടുത്തു ! "

ശ്രീലങ്കന്‍ തമിഴും, മലയാളവും ഇടകലര്‍ത്തിയുള്ള ബുഹാരി ഭായിയുടെ ശബ്ദം ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു ! 

വിടപറയല്‍ കണ്ണുനീരില്‍ കുതിര്‍ന്നതായിരുന്നു ! ഇറങ്ങാന്‍ നേരം , 
"ഒരു നിമിഷം" എന്ന് പറഞ്ഞ് അദ്ദേഹം അകത്തേയ്ക്ക് പോയി ! 

തിരികെ വരുമ്പോള്‍ കൈയ്യില്‍ ഒരു കൊച്ചു 'ഖുര്‍ആന്‍' ഉണ്ടായിരുന്നു. 
"ഇത് നിനക്ക് വേണ്ടി മക്കയില്‍ നിന്നും വാങ്ങിയതാണ്, എപ്പോഴും കൂടെ കൊണ്ട് നടക്കണം, ഓതണം, ആ പുണ്യം എനിയ്ക്ക് തന്നെ കിട്ടുമല്ലോ"
ബുഹാരിഭായി ചിരിക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു...

ഇന്നും മരിയ്ക്കാത്ത ഓര്‍മ്മയായി ആ മനുഷ്യന്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം സമ്മാനിച്ച പോക്കറ്റില്‍ ഒതുങ്ങുന്ന ഖുര്‍ആന്‍ ഇന്നും കൂടെ കൊണ്ട് നടക്കുന്നു. അത് ഓതുന്ന പുണ്യം തീര്‍ച്ചയായും അദ്ദേഹത്തിന് തന്നെയാണ് ! എന്‍റെ പ്രാര്‍ത്ഥനകള്‍ എന്നും എപ്പോഴും അദ്ദേഹത്തിനുണ്ട്...

പരിശുദ്ധമായ ഈ റമദാന്‍ എന്നില്‍ ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഇപ്പോള്‍ പറയാനാവില്ല ! 

അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങള്‍ പൊറുത്തു കിട്ടുവാന്‍ പരമകാരുണികനും കരുണാനിധിയുമായ രക്ഷിതാവിനോട്‌ കരുണ തേടണം ! 

ശരീരത്തിനും മനസ്സിനും  പരിശുദ്ധി നല്‍കുന്ന 'നൊയമ്പുകാലം' അതിന്‍റെ പരിപൂര്‍ണ്ണ സംതൃപ്തിയോടെ പൂര്‍ത്തിയാക്കുവാന്‍ എല്ലാ സഹോദരങ്ങള്‍ക്കും കഴിയുമാറാകട്ടെ...ആമീന്‍...........   

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍ നേരുന്നു ! 

അസ്സലാമു അലൈക്കും.....

No comments:

Post a Comment