പാപിയല്ല ഞാന്‍ മുജ്ജന്മ-
പാപ ശിക്ഷതന്നിരയുമല്ല !
പാതിയാം ജീവിതത്തിന്,
വികൃത ബിംബമായിത്തീര്‍ന്ന
ജീവനുള്ളോരാത്മാവു ഞാന്‍ !
കണ്ണില്നിന്നുതിരുന്നു കണ്ണുനീരല്ല,
വിഷബാധയില്‍ കറുപ്പാര്‍ന്ന ചോര മാത്രം !
കനിവുകള്‍ തേടുവാനാരുമില്ല,
കാലം വിരിയിച്ച വിധിയൊന്നു മാത്രമായ്!
വേദം പറയുവാന്‍ ദൈവവുമില്ല,
വേദനയാലുരുകുന്നൊരന്തരംഗം !
കണ്ണു കാണില്ലെന്ന് നടിക്കുന്ന മര്‍ത്യരേ...
നിങ്ങള്കണ്കളിലൊരിറ്റു കാരുണ്യമുണ്ടാക്കുക !
ഒന്നേ പറയുന്നോരധികാര ലോകമേ...
നേടുവതെന്തിനീ ശാപമിന്നേറെയായ് !
കേള്ക്കുകയീ വൈരൂപ്യനാം മനുജന്റെ-
വിറയാര്‍ന്ന വാക്കുകള്‍!
നിര്ത്തുകയിനിയെങ്കിലുമാ വിഷ-
മരുന്നിനെയുലകില് നിന്നും!
ഇനിയും ജനിക്കരുതേ ജീവ-
നുള്ളോരാത്മാവെന്നു പറയുവാന്‍....
( എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ വേണ്ടിയുള്ള സമരത്തില്‍ നമുക്കും പങ്കു ചേരാം. നിഷ്കളങ്കരായ ഒരു കൂട്ടം ജനങ്ങളുടെ കണ്ണുനീരിനു നാം സാക്ഷികളാണ്, വിഷം വര്‍ഷിച്ചു കൊണ്ട് പൊന്നു വിളയിക്കുന്ന അധികാരി വര്‍ഗ്ഗം കാര്‍ന്നു തിന്നുന്നത് കുറേ ജീവനുകളെയാണ്, ജീവിതങ്ങളെയാണ്!
ഇതിനിയും തുടരാന്‍ അനുവദിക്കരുത്. നാം ഒത്തു ചേരുക, നമുക്ക് വരുമ്പോള്‍ മാത്രം കണ്ണു തുറക്കുവാന്‍ നിയോഗിക്കപ്പെട്ട പാഴ്ജന്മങ്ങളുടെ കൂട്ടത്തില്‍ നമ്മെയും സര്വ്വേശ്വരന് ഉള്‍പ്പെടുത്താതിരിക്കട്ടെ..... ..........പ്രാര്‍ത്ഥനയോടെ സ്വന്തം സഹോദരന്...)
No comments:
Post a Comment