Thursday 10 March 2011

മരണത്തിനും ജീവിതത്തിനുമിടയില്‍...



ഈ പുഴയുടെ അരികില്‍ ഞാന്‍ എങ്ങനെ വന്നുവെന്നോ, എന്തിനു വന്നുവെന്നോ യാതൊരു തിട്ടവുമില്ല ! 

                              വെറും പുഴയെന്നു പറയാനുമാകില്ല! കറുത്ത ജലമാണ്, കറുത്ത് വിഷമയമായ ജലം ഇളകി മറിഞ്ഞ് ഒഴുകുന്നു.
                     അതിന്‍റെ ആരവം എന്‍റെ കാതുകളെ അടപ്പിച്ചു കളയുന്നു ! ഈ ഘോരശബ്ദം, മരണത്തിന്‍റെ കയങ്ങള്‍ ഇവിടെ മറഞ്ഞിരിപ്പുണ്ടെന്ന സൂചന നല്‍കുന്നുണ്ടോ  ?
ഭയം എന്‍റെയുള്ളില്‍ നേരിയ നൊമ്പരമുണ്ടാക്കുന്നു...

             പതിയെ ഒരു കാല്‍ പുറകിലേയ്ക്ക് വെച്ചു ! അപ്പോഴാണ്‌ കാണുന്നത്, പിന്നില്‍ ഒരു കൂറ്റന്‍ മതില്‍ക്കെട്ട്, അതില്‍ നിറയെ കാട്ടുവള്ളികള്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു.  
അതിനിടയിലൂടെ ഉറവകള്‍ പൊട്ടി വെള്ളം ഞാന്‍ നില്‍ക്കുന്ന ചെറിയ പാതയിലേയ്ക്കും , അതിലൂടെ പുഴയിലേയ്ക്കും ഒഴുകുന്നു...

             മുന്നിലേയ്ക്ക് നോക്കാന്‍ തന്നെ ഭയമാകുന്നു! അവിടെയാണ് ഒരു രക്ഷസിനെപ്പോലെ ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ഒഴുകുന്ന പുഴ !  

          ചെളി നിറഞ്ഞ കുഞ്ഞുപാതയിലൂടെ പതിയെ മുന്നോട്ടു പോവുകയാണ്... പൊടുന്നനെ എന്‍റെ മുന്നിലൂടെ കുറേ നരിച്ചീറുകള്‍ പാറിപ്പറന്നു, അവകളുടെ ചിറകടികള്‍ നെഞ്ചകത്തൊരു തീക്കനലുണ്ടാക്കി ! തലയില്‍ കൈ വെച്ചു കൊണ്ട് ഞാന്‍ അവിടിരുന്നു പോയി.

                                വീണ്ടും മുന്നോട്ടു നടക്കുമ്പോഴാണ് അതിലേറെ ഭയപ്പെടുത്തുന്ന മറ്റൊരു കാഴ്ച കാണുന്നത്.. എന്‍റെ വരവ് കണ്ട് കാട്ടു വള്ളിപ്പടര്‍പ്പുകളുടെ ഇടയിലൂടെ ചിലര്‍ തല വലിക്കുന്നു ! വിഷസര്‍പ്പങ്ങള്‍ ! അത് കൂടിയായപ്പോള്‍ എന്നിലെ ഭയം വര്‍ദ്ധിച്ചു... 
ഞാന്‍ എവിടെയാണ് ദൈവമേ എത്തിപ്പെട്ടിരിക്കുന്നത്?

                  അവകളില്‍ ചിലത് എന്‍റെ വഴിയുടെ കുറുകേ ഇഴഞ്ഞു മാറുന്നുമുണ്ട് ! എന്നിലെ ശ്വാസോച്ച്വാസത്തിന്‍റെ വേഗത കൂടിക്കൂടി വന്നു  ! തിരിഞ്ഞു നോക്കാന്‍ പോലും ഭയമാകുന്നു...ആരുമില്ലേ എന്നെ ഇവിടെ നിന്നും രക്ഷിക്കാന്‍ ???

ഞാന്‍ ഉറക്കെ നിലവിളിക്കുവാന്‍ ശ്രമിച്ചു ! പക്ഷേ, എന്‍റെ ശബ്ദം തൊണ്ടയില്‍ എവിടെയോ കുടുങ്ങി... പുറത്തേയ്ക്ക് ഒരു നേരിയ മൂളല്‍ മാത്രം വരുന്നു... 

                      ഒരു വിധത്തില്‍ വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍, എവിടെയോ ചെണ്ടമേളവും , ജനങ്ങളുടെ ബഹളവും കേള്‍ക്കുന്നു !
                   മനസ്സില്‍ ഭയം നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രത്യാശയുടെ വെളിച്ചം വീഴുകയാണ്!  

                          സര്‍വ്വ ശക്തിയും സംഭരിച്ച് ശരീരത്തെ ഓടിക്കുവാനുള്ള ശ്രമത്തിനു തടസ്സമായത് ചെളിയില്‍ പുതയുന്ന കാലുകളായിരുന്നു...
                എന്നാലും മുന്നില്‍ ആരൊക്കെയോ എന്നെ രക്ഷിക്കുവാന്‍ വന്നിട്ടുണ്ട് എന്ന പ്രതീക്ഷയില്‍ ശ്രമം തുടര്‍ന്ന് കുറച്ച് ദൂരം മുന്നോട്ടു പോയപ്പോള്‍ എന്‍റെ കാലുകള്‍  തീരെ ചലിക്കാതെയായി !

         എന്താണ് എന്‍റെ കാലുകള്‍ക്ക് പറ്റിയത് ? തറയില്‍ ഉറച്ചു നില്‍ക്കുന്നു...
പരമാവധി ശ്രമിച്ചിട്ടും ചലനമില്ലാ...

            തികച്ചും നിസ്സഹായനായി അവിടെ ഇരിക്കുവാനായി മുഖം കുനിഞ്ഞു വരുമ്പോള്‍ മൂക്കിനു തൊട്ടു മുന്നിലായി ഫണം വിടര്‍ത്തി നില്‍ക്കുന്നു ഒരു പാമ്പ് !!!
              വളരെ ക്രൂരമായിരിക്കുന്നു അതിന്‍റെ മുഖം, അതിന്‍റെ കണ്ണുകള്‍ എന്‍റെ കണ്ണിലേയ്ക്കു തുറിച്ചു നോക്കുകയാണ്, പെട്ടെന്ന് വീണ്ടും നെഞ്ചകത്തില്‍ ഒരു തീക്കനല്‍ പാകിക്കൊണ്ട് ഞാന്‍ ഇരുന്നയിടം ഇടിയുവാന്‍ തുടങ്ങി , പാത ഇടിഞ്ഞു താഴേയ്ക്ക് പോകുന്നു..എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നു...

                അതോടൊപ്പം കഴുത്തിലേയ്ക്കു ഭാരമുള്ള ഒരു വസ്തു വന്നു വീണതായി അനുഭവപ്പെട്ടു... നല്ല തണുത്ത അതിന്‍റെ വഴു വഴുപ്പില്‍ നിന്നും എന്‍റെ മുന്നില്‍ കണ്ടിരുന്ന പാമ്പാണ് അതെന്ന് മനസ്സിലാക്കിയെങ്കിലും എന്നിലെ പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടു കഴിഞ്ഞു !

                   മറ്റേതോ ലോകത്തേയ്ക്കുള്ള യാത്ര പോലെ താഴേക്കു പൊയ്ക്കൊണ്ടിരുന്നു, കറുത്ത ജലമൊഴുകുന്ന മരണത്തിന്‍റെ കയങ്ങളുള്ള പുഴയിലേയ്ക്ക്... 

                                                    പെട്ടെന്ന് കണ്ണ് തുറന്നു...ശരീരമാകെ വിയര്‍ത്തു കുമിഞ്ഞു! പുതപ്പു മാറ്റി ചാടിയെഴുന്നേറ്റു...കഴുത്തിലും കവിളിലുമെല്ലാം തടവി നോക്കി !പാമ്പ് എവിടെ ?? പുഴയെവിടെ?? ഞാന്‍... ഞാന്‍...എവിടെ  ?? 

                    കണ്ടത് ഒരു ദുസ്വപ്നം ആണെന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു...  കരുതിയിരുന്ന ഒരു ജഗ്ഗിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്ത ശേഷം വീണ്ടും കിടന്നു, കണ്ണുകള്‍ എത്ര ഇരുക്കിയടച്ചിട്ടും ഉറക്കം വരുന്നതേയില്ല...

2 comments:

  1. "അവിടെയാണ് ഒരു രക്ഷസിനെപ്പോലെ ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ഒഴുകുന്ന പുഴ ! "
    എനിക്ക് ഒരു വിയോജനകുറിപ്പുണ്ട്. ബൈജു...
    "പെരിയാറെ പെരിയാറെ...പര്‍വ്വത നിരയുടെ പനിനീരെ...
    കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന മലയാളി പെണ്ണാണ് നീ. "
    പുഴ ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചു എന്ന് വയലാര്‍ കേള്‍ക്കണ്ട...
    പുഴ ശാന്തതയുടെ പര്യായമാണ്.ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു കൊണ്ട് എവിടെയാണ് പുഴ ഒഴുകുന്നത്‌...
    മരണത്തിനും ജീവിതത്തിനും ഇടയിലെ സ്വപ്നം കൊള്ളാം.ആശംസകള്‍. ...ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ?

    ReplyDelete
  2. ഭീകര മായ, വിറപ്പിക്കുന്ന ദ്രുശ്യങ്ങളുടെ വര്ണ്ണനകള് വളരെ നന്നായിട്ടുണ്ടു ! ചെരുപ്പത്തിലെ ഞാന് ചിലപ്പോല് കാണൂമായിരുന്ന സ്വപ്നങ്ങള് എനിക്കു ഓര്മ്മ വന്നു ! കൂടുതല് എഴ്തുക !

    ReplyDelete